തിരുപ്പതി ലഡുവിലെ മൃഗക്കൊഴുപ്പ്; ആന്ധ്രാ മുഖ്യമന്ത്രിയോട് റിപ്പോർട്ട് തേടി കേന്ദ്ര ആരോഗ്യമന്ത്രി
വ്യാഴാഴ്ച ഭരണകക്ഷിയായ തെലുങ്കുദേശം പാർട്ടിയാണ് തിരുപ്പതി ലഡുവിന്റെ പരിശോധനാ റിപ്പോർട്ട് പുറത്തുവിട്ടത്.
അമരാവതി: പ്രശസ്തമായ തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിലെ പ്രസാദമായ ലഡു മുന്‍ ആന്ധ്രാപ്രദേശ് സർക്കാറിന്‍റെ കാലത്ത് ഉണ്ടാക്കിയത് മൃഗക്കൊഴുപ്പ് ഉപയോഗിച്ചാണെന്ന് തെളിയിക്കുന്ന ലാബ് റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ റിപ്പോർട്ട് തേടി കേന്ദ്രം. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിനോട് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നഡ്ഡയാണ് റിപ്പോർട്ട് ആവശ്യപ്പെട്ടത്. റിപ്പോർട്ട് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) പരിശോധിച്ച ശേഷം നടപടിയെടുക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
'ഞാൻ ആന്ധ്രാ മുഖ്യമന്ത്രിയുമായി സംസാരിച്ചു. വിഷയത്തിൽ റിപ്പോർട്ട് തേടിയിട്ടുണ്ട്. എഫ്എസ്എസ്എഐ റിപ്പോർട്ട് പരിശോധിക്കുകയും വേണ്ട നടപടി സ്വീകരിക്കുകയും ചെയ്യും'- അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ച ഭരണകക്ഷിയായ തെലുങ്കുദേശം പാർട്ടിയാണ് തിരുപ്പതി ലഡുവിന്റെ പരിശോധനാ റിപ്പോർട്ട് പുറത്തുവിട്ടത്.
ഗുജറാത്ത് ആസ്ഥാനമായുള്ള ലബോറട്ടറിയായ എൻഡിഡിബി സിഎഎൽഎഫ് ലിമിറ്റഡ് പുറത്തുവിട്ട തിരുപ്പതി ലഡുവിന്റെ പരിശോധനാ ഫലമാണ് ടിഡിപി വക്താവ് അനം വെങ്കട രമണ റെഡ്ഡി വാർത്താസമ്മേളനത്തിൽ പുറത്തുവിട്ടത്. തിരുപ്പതി ലഡു ഉണ്ടാക്കാൻ ഉപയോഗിക്കുന്ന നെയ്യിന്റെ സാമ്പിളിൽ പന്നിക്കൊഴുപ്പിന് സമാനമായ വസ്തുവും മത്സ്യ എണ്ണയും കണ്ടെത്തിയതായി ലബോറട്ടറി റിപ്പോർട്ടിൽ പറയുന്നുണ്ടെന്നും ടിഡിപി അവകാശപ്പെട്ടു.
തിരുപ്പതി ലഡു ഉണ്ടാക്കുന്നത് മൃഗക്കൊഴുപ്പ് കൊണ്ടാണെന്ന മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ പരാമർശം വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. മൃഗക്കൊഴുപ്പിനൊപ്പം ഗുണനിലവാരമില്ലാത്ത ചേരുവകളും ലഡുനിർമാണത്തിന് ഉപയോഗിക്കുന്നുണ്ടെന്നും വൈഎസ്ആർ കോൺഗ്രസ് നേതാവ് ജഗൻ മോഹൻ റെഡ്ഡി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് ഇത്തരത്തിൽ സംഭവിച്ചതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
നെയ്യ് ഉപയോഗിക്കുന്നതിന് പകരം അവർ മൃഗക്കൊഴുപ്പാണ് ഉപയോഗിച്ചതെന്നും എന്നാലിപ്പോൾ ശുദ്ധമായ നെയ്യാണ് ഉപയോഗിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ക്ഷേത്രത്തിൽ എല്ലാം അണുവിമുക്തമാക്കിയിട്ടുണ്ടെന്നും ഇത് ലഡുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തിയിട്ടുണ്ടെന്നും റാവു അവകാശപ്പെട്ടു. അമരാവതിയിൽ നടന്ന എൻഡിഎ നിയമസഭാകക്ഷി യോഗത്തിൽ സംസാരിക്കവെയായിരുന്നു നായിഡുവിന്റെ പരാമർശം. ഇതിനു പിന്നാലെയാണ് ടിഡിപി വക്താവ് പരിശോധനാ ഫലം പുറത്തുവിട്ടത്.