'താഴ്ന്ന ജാതിക്കാർ പ്രവേശിക്കരുത്'; പൊതുവഴി തടസ്സപ്പെടുത്തി 'അയിത്ത മതിൽ' കെട്ടി മേൽജാതിക്കാർ, പൊളിച്ചുമാറ്റണമെന്ന് പരാതി
മതിൽ നീക്കം ചെയ്യാൻ നിർദേശം നൽകിയെങ്കിലും അത് പാലിച്ചില്ലെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് പറഞ്ഞു
തിരുപ്പൂർ: തമിഴ്‌നാട്ടിലെ തിരുപ്പൂരിൽ പൊതുവഴി തടസ്സപ്പെടുത്തി മേൽജാതിക്കാർ 'അയിത്ത മതിൽ' കെട്ടിയതായി പരാതി. അവിനാശിയിലെ സേവൂരിലെ ഒരു വിഭാഗം ദലിത് കുടുംബങ്ങളാണ് പരാതിയുമായി രംഗത്തെത്തിയത്. പരാതിയുടെ അടിസ്ഥാനത്തിൽ ഭൂരേഖകൾ പരിശോധിക്കാൻ തിരുപ്പൂർ ജില്ലാ കലക്ടർ ടി. ക്രിസ്തുരാജ് സബ് കലക്ടറെ ചുമതലപ്പെടുത്തിയതായി ദ ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തു.
നിരവധി പട്ടികജാതി കുടുംബങ്ങൾ പതിറ്റാണ്ടുകളായി ഇവിടെ താമസിക്കുന്നവരാണെന്ന് സേവൂരിലെ ദേവന്ദ്രൻ നഗറിൽ താമസിക്കുന്ന ജെ മനോൻമണി ദ ന്യൂ ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു. 'ഞങ്ങളിൽ ഭൂരിഭാഗവും ചെറിയ ജോലികൾ ചെയ്ത് ഉപജീവനം നടത്തുന്നവരാണ്. ഞങ്ങളുടെ വീടുകൾക്ക് സമീപമുള്ള വിഐപി നഗറിൽ ഒരു കൂട്ടം മേൽജാതിക്കാർ വീടുകൾ വാങ്ങി പൊതുവഴി തടസ്സപ്പെടുത്തി ഒരു കിലോമീറ്ററിലധികം മതിൽ കെട്ടി. ഇതോടെ ഞങ്ങൾ രണ്ട് കിലോമീറ്ററിലധികം ചുറ്റിവളഞ്ഞ് സഞ്ചരിക്കേണ്ടി വരുന്നു. അവർ മതിൽ കെട്ടിയ സ്ഥലത്തെ ഇരുവശത്തുമുള്ള വഴികൾ പഞ്ചായത്തിന്റേതാണ്. ഇത് ചോദ്യം ചെയ്തപ്പോൾ അവർ ഞങ്ങളെ ഭീഷണിപ്പെടുത്താൻ തുടങ്ങി.'...അദ്ദേഹം പറഞ്ഞു.
എന്നാൽ ആരോപണങ്ങൾ വിഐപി നഗർ റസിഡന്റ്സ് വെൽഫെയർ അസോസിയേഷൻ നിഷേധിച്ചു. '2006 മുതലാണ് ഇവിടെ വീടുകൾ നിർമിച്ചത്.ഈ വീടുകളോട് ചേർന്ന് സ്ഥല ഉടമയായ പളനി സ്വാമിക്ക് ഏക്കറുകളോളം കൃഷിസ്ഥലമുണ്ട്. വിളകളുടെ സംരക്ഷണത്തിനായാണ് ചുറ്റുമതിൽ കെട്ടിയതെന്ന് അസോസിയേഷൻ സെക്രട്ടറി ആർ.പി ഗോവിന്ദരാജൻ പറഞ്ഞു. ഞങ്ങളുടെ കോമ്പൗണ്ടിൽ 73 കുടുംബങ്ങളുണ്ട്. അതൊലൊരു കുടുംബം പട്ടികജാതി വിഭാഗത്തിൽപ്പെട്ടയാളാണ്. ഇവിടെ തൊട്ടുകൂടായ്മയില്ലെന്നും ചിലർ പ്രശ്‌നങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
മതില്‍ കെട്ടിയ റോഡ് പഞ്ചായത്തിന്റെതാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജി വേലുസാമി പറഞ്ഞു. ദലിത് കുടുംബാംഗങ്ങളുടെ പരാതിയെ തുടർന്ന് സ്ഥലം സന്ദർശിച്ചെന്നും പരാതിയിൽ കഴമ്പുണ്ടെന്നും കണ്ടെത്തി. കഴിഞ്ഞ മാസം മതിൽ പൊളിക്കാൻ നോട്ടീസ് നൽകിയെങ്കിലും അവർ അതിന് തയ്യാറായില്ലെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.