പാകിസ്താന് വേണ്ടി ചാരവൃത്തി; യു.പിയിൽ യുവാവ് അറസ്റ്റിൽ
ശൈലേന്ദ്ര സിങ് ചൗഹാൻ എന്ന ശൈലേഷ് കുമാർ സിങ് ആണ് പിടിയിലായത്.
ലഖ്‌നോ: പാകിസ്താൻ രഹസ്യാന്വേഷണ ഏജൻസിയായ ഐ.എസ്.ഐക്ക് വേണ്ടി ചാരപ്രവർത്തനം നടത്തിയ യുവാവിനെ ഉത്തർപ്രദേശ് തീവ്രവാദ വിരുദ്ധ സേന അറസ്റ്റ് ചെയ്തു. കാസ്ഗഞ്ച് പട്യാലി നിവാസിയായ ശൈലേന്ദ്ര സിങ് ചൗഹാൻ എന്ന ശൈലേഷ് കുമാർ സിങ് ആണ് പിടിയിലായത്.
ഇന്ത്യൻ സൈന്യത്തിൽ ഒമ്പത് മാസത്തോളം ശൈലേന്ദ്ര ചൗഹാൻ പോർട്ടറായി കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്നു. സൈനിക വാഹനങ്ങളുടെ പോക്കുവരവും ലൊക്കേഷനും അടക്കമുള്ള വിവരങ്ങളും ഫോട്ടോകളും ഇയാൾ ഐ.എസ്.ഐ ബന്ധമുള്ളവർക്ക് അയച്ചുകൊടുത്തെന്നാണ് ആരോപണം.
A Traitor Trapped-#UPATS arrested Shailesh kumar @ Shailendra Singh Chauhan for leaking strategic information of Indian Army to Pakistan Intelligence Agency (ISI).
— UP POLICE (@Uppolice) September 26, 2023
He fell prey to a honey trap laid by the ISI through WhatsApp and Facebook.#WellDoneUPATShttps://t.co/IJRJnRRZTG pic.twitter.com/BgHEjukGFj
ചോദ്യം ചെയ്യലിനായി ലഖ്‌നൗവിലെ എ.ടി.എസ്. ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തിയ ശേഷമാണ് ശൈലേഷ് കുമാറിനെ അറസ്റ്റ് ചെയ്തതെന്ന് ഡി.ജി.പി പ്രശാന്ത് കുമാർ പറഞ്ഞു. സൈന്യവുമായി ബന്ധപ്പെട്ട വിവരങ്ങൾ വാട്‌സ്ആപ്പിലൂടെയും ഫേസ്ബുക്കിലൂടെയും ഇയാൾ പങ്കുവെച്ചതായി എ.ടി.എസ് സ്ഥിരീകരിച്ചു.
ശൈലേഷ് ചൗഹാൻ എന്ന പേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് ഇയാൾ വിവരങ്ങൾ കൈമാറിയത്. ഹർലീൻ കൗർ എന്നയാൾ പരിചയപ്പെടുത്തിയ പ്രീതിയെന്ന ഐ.എസ്.ഐ ഏജന്റിനാണ് ഇയാൾ സൈന്യത്തിന്റെ ഫോട്ടോ കൈമാറിയത്. ഒരു ഫോട്ടോക്ക് 2000 രൂപ വീതം ഇയാൾ കൈപ്പറ്റിയെന്നും എ.ടി.എസ് പ്രസ്താവനയിൽ പറഞ്ഞു.