അനുഗ്രഹം തേടി കോൺഗ്രസ് നേതാക്കൾ അയോധ്യയിൽ; സരയൂ നദിയിൽ സ്‌നാനം ചെയ്തു, ക്ഷേത്രങ്ങളില്‍ സന്ദര്‍ശനം

യു.പി കോൺഗ്രസ് അധ്യക്ഷൻ അജയ് റായിയുടെ നേതൃത്വത്തിലുള്ള നൂറംഗ സംഘമാണ് രാമക്ഷേത്രം ഉള്‍പ്പെടെ സന്ദർശിച്ചത്

Update: 2024-01-15 13:31 GMT
Editor : Shaheer | By : Web Desk
Advertising

ലഖ്‌നൗ: ഉത്തർപ്രദേശിലെ കോൺഗ്രസ് നേതാക്കൾ അനുഗ്രഹം തേടി അയോധ്യയിൽ. യു.പി കോൺഗ്രസ് അധ്യക്ഷൻ അജയ് റായിയുടെ നേതൃത്വത്തിലുള്ള സംഘമാണ് രാമക്ഷേത്രം സന്ദർശിച്ചത്. 22നു നടക്കുന്ന ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് കോൺഗ്രസ് വ്യക്തമാക്കയതിനു ശേഷമാണ് യു.പിയിലെ നേതാക്കൾ അയോധ്യയിലെത്തിയതെന്നത് ശ്രദ്ധേയമാണ്.

പ്രവർത്തകരടക്കം നൂറുപേരുടെ സംഘമാണ് ഇന്ന് അയോധ്യയിലെത്തിയത്. മകരസംക്രാന്തി ദിനത്തോടനുബന്ധിച്ചായിരുന്നു നേതാക്കളുടെ സന്ദർശനം. ഉച്ചയ്ക്കു രണ്ടു മണിയോടെ അയോധ്യയിലെത്തിയ സംഘം സരയൂ നദിയിൽ സ്‌നാനം ചെയ്തു. തുടർന്ന് ഹനുമാൻഗഢി ക്ഷേത്രത്തിലും രാംലല്ലയിലും നേതാക്കൾ സന്ദർശിച്ചു.

കോൺഗ്രസ് യു.പി ഇൻ ചാർജ് അവിനാഷ് പാണ്ഡെ, രാജ്യസഭാ എം.പിമാരായ ദീപേന്ദ്ര സിങ് ഹൂഡ, പ്രമോദ് തിവാരി, ദേശീയ വക്താവ് അഖിലേഷ് പ്രതാപ് സിങ്, ദേശീയ പട്ടിക ജാതി കമ്മിഷൻ ചെയർപേഴ്‌സൺ പി.എൽ പുനിയ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളും സംഘത്തിലുണ്ടായിരുന്നു. രാമപ്രതിഷ്ഠ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വന്തം പരിപാടിയാക്കിയ മാറ്റിയിരിക്കുകയാണെന്ന് അയോധ്യയിലേക്കു പുറപ്പെടുംമുൻപ് അജയ് റായ് 'എ.എൻ.ഐ'യോട് പ്രതികരിച്ചു.

രാമപ്രതിഷ്ഠ നേരത്തെ തന്നെ അവിടെ നടക്കുന്നുണ്ടെന്നും ഇപ്പോൾ മോദി രാമക്ഷേത്ര ഉദ്ഘാടനം സ്വന്തം പരിപാടിയാക്കി മാറ്റിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനിലാണ് 22ലെ പ്രാണപ്രതിഷ്ഠാ ചടങ്ങ് കോൺഗ്രസ് ബഹിഷ്‌ക്കരിക്കുന്നതെന്നും റായ് കൂട്ടിച്ചേർത്തു.

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നിൽകണ്ടുള്ള രാഷ്ട്രീയനേട്ടങ്ങൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പിയും രാമക്ഷേത്ര ചടങ്ങിനെ മാറ്റിയിരിക്കുകയാണെന്നാണ് പ്രതിഷ്ഠാ ചടങ്ങ് ബഹിഷ്‌ക്കരിക്കാൻ കാരണമായി കോൺഗ്രസ് ഔദ്യോഗികമായി അറിയിച്ചത്. മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി, അധിർ രഞ്ജൻ ചൗധരി എന്നിവരാണ് പാർട്ടിയുടെ നിലപാട് പ്രഖ്യാപിച്ചത്. സി.പി.എം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും സമാജ്‌വാദി പാർട്ടി തലവൻ അഖിലേഷ് യാദവും ചടങ്ങിലേക്കുള്ള ക്ഷണം നിരസിച്ചിരുന്നു. പരിപാടി രാഷ്ട്രീയവൽക്കരിക്കുന്നതിനെതിരെ ഇൻഡ്യ മുന്നണിയും രംഗത്തെത്തിയിട്ടുണ്ട്.

Summary: UP Congress leaders visit Ayodhya, take dip in Sarayu river

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News