യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ
ലോക്‌സഭാ അംഗം ധർമേന്ദ്ര കശ്യപ്, യു.പി മന്ത്രി ധരംപാൽ സിങ് ഉൾപ്പെടെയുള്ള ബി.ജെ.പി നേതാക്കൾ ചേർന്നാണ് സോനു കനോജിയയ്ക്കു സ്വീകരണം നൽകിയത്
ലഖ്‌നൗ: ലോക്‌സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുൻപായി ബി.ജെ.പിയിൽ ചേർന്ന് ഉത്തർപ്രദേശിലെ ബറേലിയിൽനിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകൽ, ഭൂമി തട്ടിപ്പ് ഉൾപ്പെടെ 21ലേറെ കേസുകളിൽ പ്രതിയായ സോനു കനോജിയയാണ് പാർട്ടി അംഗത്വം സ്വീകരിച്ചത്. ബി.ജെ.പി നേതാവും യു.പിയിലെ ഓൺലയിൽനിന്നുള്ള ലോക്‌സഭാ അംഗവുമായ ധർമേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാൽ സിങ് ഉൾപ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നൽകിയതെന്ന് ഹിന്ദി ടെലിവിഷൻ ചാനലായ ഭാരത് സമാചാർ ടി.വി റിപ്പോർട്ട് ചെയ്തു.
ദേശീയ സുരക്ഷാ നിയമം(എൻ.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധർമേന്ദ്ര കശ്യപിന്റെ ഓൺലയിലെ എം.പി ക്യാംപ് ഓഫിസിൽ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാൾ ബി.ജെ.പിയിൽ ചേർന്നത്. മുൻ മന്ത്രി സുരേഷ് റാണ ഉൾപ്പെടെയുള്ള നേതാക്കൾ ചേർന്നാണു മാലയിട്ട് പാർട്ടിയിലേക്കു സ്വീകരിച്ചത്.
ഒരു ഏറ്റുമുട്ടൽ കൊലപാതക്കേസിൽ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയിൽ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്‌വാദി പാർട്ടിയിൽ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.
യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓൺല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്‌ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്‌ലിം വോട്ടർമാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്‌ലിം സമവാക്യമാണ് ദീർഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളിൽ നിർണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങൾക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധർമേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.
Summary: UP Gangster Sonu Kanojia joins BJP; 21 cases including robbery, murder registered on him, police was searching in an encounter case