100 രൂപ പിൻവലിച്ചു, ബാലൻസ് കണ്ട് തൊഴിലാളി ഞെട്ടി; അക്കൗണ്ടിൽ 2,700 കോടി രൂപ!
ഉത്തർപ്രദേശിലെ കനൗജിലെ കമൽപുർ ഗ്രാമത്തിലെ ബിഹാരി ലാൽ ആണ് സ്വന്തം ബാങ്ക് അക്കൗണ്ടിലെ തുക കണ്ട് ഞെട്ടിയത്
ലക്നൗ: അക്കൗണ്ടിൽ നിന്ന് 100 രൂപ പിൻവലിച്ച ശേഷം വന്ന ബാലൻസ് എസ്എംഎസ് സന്ദേശം കണ്ട് തൊഴിലാളി ഞെട്ടി. സന്ദേശത്തിൽ ജൻ ധൻ അക്കൗണ്ടിൽ 2,700 കോടി രൂപയാണ് ബാലൻസായി കാണിച്ചത്.
ഉത്തർപ്രദേശിലെ കനൗജിലെ കമൽപുർ ഗ്രാമത്തിലെ ബിഹാരി ലാൽ ആണ് സ്വന്തം ബാങ്ക് അക്കൗണ്ടിലെ തുക കണ്ട് ഞെട്ടിയത്. തിങ്കളാഴ്ച ബാങ്ക് ഓഫ് ഇന്ത്യയിലെ ജൻ ധൻ അക്കൗണ്ടിൽ നിന്നാണ് ബിഹാരി ലാൽ 100 രൂപ പിൻവലിച്ചത്. ഇതിന് പിന്നാലെയാണ് അക്കൗണ്ടിൽ 2,700 കോടി രൂപയുണ്ടെന്ന സന്ദേശം വന്നത്. അക്കൗണ്ടിൽ 2700 കോടി രൂപ കണ്ട് അമ്പരന്ന ബിഹാരി ലാൽ ഉടൻ തന്നെ ബാങ്ക് ഓപ്പറേറ്ററുമായി ബന്ധപ്പെട്ടു.
അക്കൗണ്ട് പരിശോധിക്കാൻ ആവശ്യപ്പെട്ടാണ് ഓപ്പറേറ്ററെ സമീപിച്ചത്. എന്നാൽ സന്ദേശത്തിൽ പറയുന്ന തുക അക്കൗണ്ടിലുള്ളതായാണ് ബാങ്ക് ഓപ്പറേറ്റർ അറിയിച്ചത്. രാജസ്ഥാനിൽ ഇഷ്ടിക ചൂളയിൽ ജോലി ചെയ്യുന്ന ബിഹാരിലാലിന് 600 രൂപ മുതൽ 800 രൂപ വരെയാണ് പ്രതിദിന കൂലി. മൺസൂൺ തുടങ്ങിയതോടെ ഇഷ്ടിക ചൂള അടച്ചു. ബിഹാരി ലാൽ നാടായ ഉത്തർപ്രദേശിലേക്ക് മടങ്ങുകയായിരുന്നു.
എന്നാൽ, അൽപസമയത്തിനകം ബാലൻസ് പരിശോധിച്ചപ്പോൾ 126 രൂപയാണ് കാണിച്ചത്. സംഭവത്തിൽ അന്വേഷണം നടത്തിയപ്പോൾ അക്കൗണ്ടിൽ 126 രൂപ മാത്രമേ ഉള്ളൂ എന്ന് കണ്ടെത്തിയതായി ലീഡ് ഡിസ്ട്രിക് മാനേജർ അറിയിച്ചു.ബാങ്കിന്റെ ഭാഗത്ത് നിന്ന് പിശക് സംഭവിച്ചത് കൊണ്ടാണ് ഉയർന്ന തുക അക്കൗണ്ടിൽ കാണിച്ചത്. ബിഹാരി ലാലിന്റെ അക്കൗണ്ട് മരവിപ്പിച്ച് മേലുദ്യോഗസ്ഥരെ വിവരം അറിയിച്ചതായും ലീഡ് ഡിസ്ട്രിക് മാനേജർ അഭിഷേക് സിൻഹ പറയുന്നു.