'പെണ്‍കുട്ടിയുടെ മാറിടത്തില്‍ സ്പര്‍ശിക്കുന്നത് ബലാത്സംഗ ശ്രമമാകില്ല'; നിരീക്ഷണങ്ങളുമായി അലഹബാദ് ഹൈക്കോടതി
ജസ്റ്റിസ് രാം മനോഹര്‍ നാരായണ്‍ മിശ്രയാണ് പരാമര്‍ശം നടത്തിയത്


അലഹബാദ്: സ്ത്രീകളുടെ മാറിടം സ്പര്‍ശിക്കുന്നതും പൈജാമയുടെ ചരട് പിടിച്ചുവലിക്കുന്നതും ബലാത്സംഗശ്രമത്തിനുള്ള തെളിവായി കാണാനാകില്ലെന്ന നിരീക്ഷണവുമായി അലഹബാദ് ഹൈക്കോടതി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന കേസില്‍ കീഴ്‌കോടതി ഉത്തരവിനെതിരെ പ്രതികള്‍ നല്‍കിയ ഹരജിയിലാണ് ജസ്റ്റിസ് രാം മനോഹര്‍ നാരായണ്‍ മിശ്രയുടെ പരാമര്‍ശം.
ഉത്തര്‍പ്രദേശില്‍ പവന്‍, ആകാശ് എന്നിവര്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വാഹനത്തില്‍ കയറ്റി ബലാത്സംഗത്തിന് ശ്രമിച്ചെന്ന കേസില്‍ ഇവരുടെയും പേരില്‍ പോക്‌സോ കേസ് ചുമത്തിയിരുന്നു. പ്രതികള്‍ പെണ്‍കുട്ടിയുടെ മാറിടങ്ങളിൽ സ്പര്‍ശിച്ചുവെന്നും അടിവസ്ത്രം അഴിക്കാന്‍ ശ്രമിച്ചെന്നും പെണ്‍കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു.
ഈ കേസിന്റെ അടിസ്ഥാനത്തില്‍ രണ്ട് പ്രതികളും വിചാരണ നേരിടണമെന്ന് കീഴ്‌കോടതി ഉത്തരവ് ഇട്ടിരുന്നു. കേസില്‍ സമന്‍സ് അയച്ച പ്രാദേശിക കോടതിയുടെ നടപടിയെ ചോദ്യം ചെയ്താണ് ഇരുവരും ഹൈക്കോടതിയിൽ ഹരജി നല്‍കിയത്. ബലാത്സംഗം തെളിയിക്കാന്‍ വ്യക്തമായ തെളിവുകള്‍ വേണമെന്നും ബലാത്സംഗ ശ്രമവും തയ്യാറെടുപ്പും തമ്മില്‍ വലിയ അന്തരമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.