ഡൽഹിയിൽ വീണ്ടും സൂചനാ ബോർഡുകൾ നശിപ്പിച്ച് സംഘ്പരിവാർ; 'അക്ബർ റോഡിന്റെ' ബോർഡ് വികൃതമാക്കി
കശ്മീരി ഗേറ്റിലെ മഹാറാണ പ്രതാപിന്റെ പ്രതിമ നശിപ്പിച്ചെന്നാരോപിച്ചാണ് അതിക്രമം


ന്യൂഡൽഹി: ഡൽഹിയില്‍ വീണ്ടും സൂചനാ ബോര്‍ഡുകള്‍ നശിപ്പിച്ച് സംഘ്പരിവാര്‍. 'അക്ബര്‍ റോഡിന്റെ' പേര് എഴുതിയ സൈന്‍ബോര്‍ഡ് ആണ് വികൃതമാക്കിയത്. ബോര്‍ഡില്‍ മഹാറാണ പ്രതാപിന്റെ ചിത്രം പതിപ്പിച്ചു. ഇന്നലെ രാത്രിയാണ് സംഭവം.
കശ്മീരി ഗേറ്റിലെ മഹാറാണ പ്രതാപിന്റെ പ്രതിമ നശിപ്പിച്ചെന്നാരോപിച്ചാണ് അതിക്രമം. അക്രമികൾ സൈൻബോർഡിൽ കറുത്ത സ്‌പ്രേ പ്രയോഗിക്കുന്നതും അതിന് മുകളിൽ മഹാറാണ പ്രതാപിന്റെ പോസ്റ്ററുകൾ ഒട്ടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
ഛത്രപതി സംബാജിയെക്കുറിച്ചുള്ള 'ഛാവ' സിനിമ കണ്ടിറങ്ങിയ സംഘം, അക്ബർ റോഡിന്റെയും ഹുമയൂൺ റോഡിന്റെയും പേരുകളെഴുതിയ സൈൻബോർഡുകൾ നേരത്തെ വികൃതമാക്കിയിരുന്നു. സംഭവത്തിന് പിന്നാലെ പൊലീസ് സ്ഥലത്തെത്തി വികൃതമാക്കിയ ബോര്‍ഡുകള്‍ ശരിയാക്കുകയും ചെയ്തു. തുടര്‍ന്ന് അന്വേഷണം പ്രഖ്യാപിച്ചെങ്കിലും പ്രതികളെ ഇതുവരെ പിടികൂടിയില്ല.
ഇതിന് പിന്നാലെയാണ് ലുട്ട്യൻസ് ഡൽഹിയിലെ 'അക്ബര്‍ റോഡിന്റെ' പേര് എഴുതിയ സൈൻബോർഡില്‍ കറുത്ത് പെയിന്റ് അടിക്കുന്നതും മഹാറാണ പ്രതാപിന്റെ ചിത്രം പതിപ്പിക്കുന്നതും.
അതേസമയം മഹാറാണ പ്രതാപിനെ അപമാനിക്കുന്നത് ഇന്ത്യ ഒരിക്കലും സഹിക്കില്ലെന്ന് ചിത്രം വികൃതമാക്കിയ സംഘത്തിലുള്ള അമിത് റാത്തോര്‍ പറഞ്ഞു. ഐഎസ്ബിടി കശ്മീരി ഗേറ്റിൽ നടന്ന സംഭവം പൊലീസും ഡൽഹി സർക്കാരും മറച്ചുവെക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിക്കുന്നു. എന്നാല്‍ ഞങ്ങളിത് ഇനിയും തുടരുമെന്ന് സംഘത്തിലുണ്ടായ വേറൊരാള്‍ പറയുന്നുമുണ്ട്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്.