'യു.പിയിൽ വി.ഐ.പി കൾച്ചറില്ല'; ഗ്രാമീണന്റെ വീട്ടിൽ കുളിച്ചും ഉറങ്ങിയും മന്ത്രി, വീഡിയോ സ്വയം പങ്കുവെച്ചു
മുൻ സർക്കാറുകളും യോഗി സർക്കാറും തമ്മിലുള്ള വ്യത്യാസം ഇതാണെന്നും സാധാരണക്കാരും യോഗി ഭരണകൂടവും തമ്മിൽ വ്യത്യാസമില്ലെന്നും മന്ത്രി
ഉത്തർപ്രദേശിൽ വി.ഐ.പി കൾച്ചറില്ലെന്ന പ്രസ്താവനയുമായി ഗ്രാമീണന്റെ വീട്ടിൽ കുളിച്ചും ഉറങ്ങിയും യോഗി ആദിത്യനാഥ് മന്ത്രിസഭാംഗം. യു.പി മന്ത്രി നന്ദഗോപാൽ ഗുപ്ത 'നന്തി'യാണ് വീഡിയോയിലൂടെ വിനയം കാണിച്ചിരിക്കുന്നത്. സംഭവത്തിന്റെ വീഡിയോ സ്വന്തം ട്വിറ്റർ അക്കൗണ്ടിൽ പങ്കുവെക്കുകയും ചെയ്തിരിക്കുകയാണ് മന്ത്രി. ഷാജഹാൻപൂരിനടുത്തുള്ള ഗ്രാമത്തിലെ വീട്ടിൽ ഹാൻഡ് പമ്പ് ഉപയോഗിച്ച് കുളിക്കുന്നതും കട്ടിലിൽ വിശ്രമിക്കുന്നതും ഭക്ഷണം കഴിക്കുന്നതുമാണ് വീഡിയോയിലുള്ളത്.
'ഷാജഹാൻപൂർ ജില്ലയിലെ സിന്ധൗലി ഡവലപ്മെന്റ് ബ്ലോക്കിലെ ചക് കൻഹൗ ഗ്രാമത്തിലുള്ള ലീലാറാം ജിയുടെ ഭാര്യ സഹോദരാ ജിയുടെ വീട്ടിൽ ഇന്നലെ രാത്രി കഴിഞ്ഞു. രാവിലെ ചായ കുടിച്ചും ആളുകളുമായി സംസാരിച്ചും ദിവസം ആരംഭിച്ചു. അവിടെ ഹാൻഡ് പമ്പിലെ വെള്ളം കൊണ്ട് കുളിച്ചു' എന്ന കുറിപ്പോടെയാണ് കുളിക്കുന്ന വീഡിയോ മന്ത്രി പങ്കുവെച്ചത്.
മുൻ സർക്കാറുകളും യോഗി സർക്കാറും തമ്മിലുള്ള വ്യത്യാസം ഇതാണെന്നും സാധാരണക്കാരും യോഗി ഭരണകൂടവും തമ്മിൽ വ്യത്യാസമില്ലെന്നും അദ്ദേഹം മറ്റൊരു ട്വീറ്റിൽ കുറിച്ചു. കഴിഞ്ഞ ആഴ്ചയും ഒരു വീട്ടിൽ താമസിച്ച വീഡിയോ 48കാരനായ മന്ത്രി പുറത്തുവിട്ടിരുന്നു. ബറേലി ജില്ലയിലെ ഭർത്തുൽ ഗ്രാമത്തിലെ മുന്നി ദേവിയുടെ വീട്ടിലായിരുന്നു അന്ന് താമസിച്ചത്. ബി.എസ്.പിയിലും കോൺഗ്രസിലും മുമ്പ് പ്രവർത്തിച്ച നന്തി 2017ലാണ് ബി.ജെ.പിയിൽ ചേർന്നത്.
up Minister bathing and sleeping at the villager's house, video