മോദിക്കെതിരെ അപകീർത്തി പരാമർശം നടത്തിയ വയോധികനെ അറസ്റ്റ് ചെയ്ത് യു.പി പൊലീസ്
ചെന്നൈയിൽ എത്തിയാണ് യു.പി പൊലീസ് മൻമോഹൻ മിശ്രയെ അറസ്റ്റ് ചെയ്തത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അപകീർത്തിപരമായ പരാമർശം നടത്തിയതിന് വയോധികനെ അറസ്റ്റ് ചെയ്ത് ഉത്തർപ്രദേശ് പൊലീസ്. യൂട്യൂബ് ചാനലിലൂടെ മോദിയെ വിമർശിച്ചതിന് മൻമോഹൻ മിശ്രയെന്ന വ്യക്തിയേയാണ് ചെന്നൈയിൽ പോയി പൊലീസ് പിടികൂടിയതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കേന്ദ്ര സർക്കാരിനെതിരെ നിരന്തരം വീഡിയോകൾ ചെയ്ത് യൂട്യൂബിൽ പങ്കുവെച്ചിരുന്നു മൻമോഹൻ മിശ്ര. കോവിഡ് രണ്ടാം തരംഗം കൈകാര്യം ചെയ്തതിൽ ബി.ജെ.പിയെയും സർക്കാരിനെയും വിമർശിച്ച് നേരത്തെ ഇയാൾ വീഡിയോ പങ്കുവെച്ചിരുന്നു. ആരോഗ്യപ്രതിസന്ധി നേരിടുന്നതിൽ പരാജയപ്പെട്ട മോദി സ്ഥാനമൊഴിയണമെന്നും മിശ്ര പറയുകയുണ്ടായി.
വീഡിയോ പ്രചരിച്ചതോടെ ഉത്തർപ്രദേശിലെ ഏതാനും ചിലരുടെ പരാതിയിൽ പൊലീസ് കേസ് എടുക്കുകയായിരുന്നു. എന്ത് വകുപ്പുകൾ ചേർത്താണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് വ്യക്തമല്ല.
ഉത്തർപ്രദേശിലെ ജൗൻപൂർ സ്വദേശിയായ മൻമോഹൻ മിശ്ര 35 വർഷമായി ചൈന്നെയിലാണ് താമസം. യു.പി പൊലീസ് ചെന്നൈയിൽ എത്തിയാണ് മൻമോഹൻ മിശ്രയെ അറസ്റ്റ് ചെയ്തത്. മെഡിക്കൽ പരിശോധനക്ക് ശേഷം ഇദ്ദേഹത്തെ യു.പിയിലേക്ക് കൊണ്ടുപോയി.