രാജ്യത്ത് കുരങ്ങുപനി ഭീതിയും: യുപിയിൽ അഞ്ചുവയസുകാരിക്ക് രോഗലക്ഷണം
കുട്ടിയുടെ സാമ്പിൾ വിശദമായ പരിശോധനക്കായി പുനെ എന്‍.ഐ.വിയിലേക്ക് അയച്ചു. രോഗലക്ഷണം കണ്ടെത്തിയതിനാൽ ഗാസിയാബാദിൽ അതീവ ജാഗ്രതാ നിർദേശം നൽകി.
ലക്‌നൗ: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ അഞ്ച് വയസുകാരിക്ക് കുരങ്ങുപനി ലക്ഷണം. കുട്ടിയുടെ സാമ്പിൾ വിശദമായ പരിശോധനക്കായി പുനെ എന്‍.ഐ.വിയിലേക്ക് അയച്ചു. രോഗലക്ഷണം കണ്ടെത്തിയതിനാൽ ഗാസിയാബാദിൽ അതീവ ജാഗ്രതാ നിർദേശം നൽകി. കുട്ടിയെ നിരീക്ഷണത്തിലേക്ക് മാറ്റിയിരിക്കുകയാണ്.
കുട്ടിക്കും ബന്ധുക്കൾക്കും വിദേശ യാത്രാ പശ്ചാത്തലമില്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഭയപ്പെടേണ്ട സാഹചര്യം നിലവിൽ ഇല്ലെന്ന് കേന്ദ്രസർക്കാരും വ്യക്തമാക്കി.. രാജ്യത്ത് ഇതുവരെ കുരങ്ങ് പനി സ്ഥിരീകരിച്ചിട്ടില്ല. കേസുകൾ റിപ്പോർട്ട് ചെയ്യാതിരിക്കാൻ രോഗം സ്ഥിരീകരിച്ച രാജ്യങ്ങളിൽ നിന്നെത്തുന്നവരെ പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്.
'ഓര്‍ത്തോപോക്സ് വൈറസ്' ആണ് മങ്കിപോക്സ്/ കുരങ്ങുപനി ഉണ്ടാക്കുന്നത്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നാണ് ഇത് മറ്റിടങ്ങളിലേക്ക് വ്യാപകമായത്. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് എത്തുകയും അവിടെ നിന്ന് മനുഷ്യരിലേക്ക് പകരുകയും ചെയ്യുകയാണ് ഇതിന്‍റെ രീതി. രോഗബാധയുള്ള മൃഗങ്ങളുടെ ശരീരസ്രവങ്ങളുമായി ബന്ധം, രോഗബാധയുള്ള മൃഗങ്ങളുടെ മാംസം നേരാംവണ്ണം വേവിക്കാതെ കഴിക്കുന്നത് എല്ലാം മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് രോഗമെത്തിക്കുന്നു.
കുരങ്ങുപനി വൈറല്‍ രോഗമാണെങ്കിലും കൊവിഡുമായി താരതമ്യം ചെയ്യുമ്പോള്‍ വ്യാപകമായി പകരാറില്ല.ഗര്‍ഭിണികളില്‍ നിന്ന് ഗര്‍ഭസ്ഥ ശിശുവിലേക്കും രോഗം പകരാമെന്നും ആരോഗ്യ - പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു. അതേസമയം രോഗ പരിശോധനയും രോഗികളുടെ സമ്പര്‍ക്ക പരിശോധനയും ആരോഗ്യ നിരീക്ഷണവും ഉള്‍പ്പെടെ എല്ലാ നടപടികളും രാജ്യത്തെ ആരോഗ്യ വിഭാഗം അധികൃതര്‍ സ്വീകരിച്ചുവരുന്നുണ്ടെന്നും അറിയിച്ചിട്ടുണ്ട്.