Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
ബെംഗളൂരൂ: കര്‍ണാടക നിയമസഭയില്‍ വനിതാ മന്ത്രി ലക്ഷ്മി ഹെബ്ബാള്‍ക്കറെ അധിക്ഷേപിച്ച ബിജെപി അംഗത്തിനെതിരെ പൊലീസ് കേസെടുത്തു. ബിജെപി അംഗം സി.ടി രവിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തെ തുടർന്ന് സി.ടി രവിയെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തു.
സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ ലക്ഷ്മി ഹെബ്ബാള്‍ക്കർക്കെതിരെ സിടി രവി സംസാരിച്ചുവെന്നാണ് കോണ്‍ഗ്രസ് നേതൃത്വം ആരോപിക്കുന്നത്. ഇതിന് പിന്നാലെ പ്രവര്‍ത്തകര്‍ അദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ബിജെപി പുറത്തുവിട്ടു. അമിത് ഷായുടെ അംബേദ്കര്‍ വിരുദ്ധ പരാമര്‍ശത്തില്‍ കര്‍ണാടക നിയമസഭയില്‍ പ്രതിഷേധം തുടരുന്നതിനിടെ രാഹുല്‍ ഗാന്ധി മയക്കുമരുന്നിന് അടിമയാണെന്ന് സി.ടി രവി ആക്ഷേപിച്ചിരുന്നു. തുടർന്നുണ്ടായ വാക്കേറ്റത്തില്‍ വനിതാ മന്ത്രിയെ ലൈംഗിക തൊഴിലാളിയെന്ന് വിളിച്ച് ആക്ഷേപിച്ചു എന്നാണ് ആരോപണം.
താന്‍ വനിതാമന്ത്രിയെ കുറിച്ച് മോശമായി ഒന്നും പറഞ്ഞിട്ടില്ലെന്ന് സി.ടി രവി പറഞ്ഞു. സംഭവത്തെ തുടർന്ന് ലക്ഷ്മി ഹെബ്ബാള്‍ക്കർ സ്പീക്കര്‍ക്കും പൊലീസിനും പരാതി നല്‍കി. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 75,79 എന്നീ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.