തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്സൈറ്റ് ഹാക്ക് ചെയ്ത് വ്യാജ വോട്ടര്‍ ഐ.ഡികള്‍ നിര്‍മിച്ചു; യുവാവ് പിടിയില്‍

മധ്യപ്രദേശിലുള്ള അര്‍മാന്‍ മാലിക്ക് എന്നയാളുടെ നിര്‍ദേശപ്രകാരമാണ് വിപുല്‍ വെബ്സൈറ്റ് ഹാക്ക് ചെയ്തതെന്നാണ് കണ്ടെത്തല്‍.

Update: 2021-08-13 11:26 GMT
Advertising

ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് വ്യാജ വോട്ടർ ഐ.ഡി കാർഡുകൾ നിർമിച്ച യുവാവ് പിടിയിൽ. ബി.സി.എ ബിരുദധാരിയായ വിപുല്‍ സായ്‌നിയെയാണ് ഉത്തര്‍പ്രദേശ് പോലീസ് സഹാറന്‍പൂരില്‍ നിന്ന് അറസ്റ്റ് ചെയ്തത്. 

മൂന്ന് മാസത്തിനിടെ 10,000 വ്യാജ വോട്ടര്‍ ഐ.ഡി കാർഡുകളാണ് വിപുല്‍ നിര്‍മിച്ചത്. മധ്യപ്രദേശിലുള്ള അര്‍മാന്‍ മാലിക്ക് എന്നയാളുടെ നിര്‍ദേശപ്രകാരമാണ് വെബ്സൈറ്റ് ഹാക്ക് ചെയ്തതെന്നാണ് വിവരം. ഓരോ വോട്ടര്‍ ഐ.ഡിക്കും മാലിക്ക് 100 മുതല്‍ 200 രൂപ വരെ വിപുലിന് നല്‍കിയതായും സഹാറന്‍പൂര്‍ സീനിയര്‍ പൊലീസ് സൂപ്രണ്ട് എസ് ചന്നപ്പ പറഞ്ഞു. 

വിപുലിന്റെ അക്കൗണ്ടില്‍ 60 ലക്ഷത്തോളം രൂപ കണ്ടെത്തിയതിനെ തുടര്‍ന്ന് അക്കൗണ്ട് മരവിപ്പിക്കുകയും ചെയ്തു. പണത്തിന്‍റെ ഉറവിടം സംബന്ധിച്ച അന്വേഷണവും പൊലീസ് ആരംഭിച്ചു. വിപുലിന്‍റെ വീട്ടില്‍ നിന്ന് രണ്ട് കമ്പ്യൂട്ടറുകളും പിടിച്ചെടുത്തു. യുവാവിന് ദേശവിരുദ്ധ സംഘടനകളുമായോ തീവ്രവാദികളുമായോ ബന്ധമുണ്ടോ എന്നതും തുടരന്വേഷണത്തിന്‍റെ ഭാഗമാകും. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News