'കൊറോണ മാതാ' ക്ഷേത്രം തകര്‍ത്തത് ചോദ്യം ചെയ്ത സ്ത്രീക്ക് പിഴയിട്ട് സുപ്രീം കോടതി

യു.പിയിലെ പ്രതാപ്ഗഢ് സ്വദേശിയായ ദീപ്മാല ശ്രീവാസ്തവ എന്ന സ്ത്രീ സമര്‍പ്പിച്ച ഹരജിയാണ് കോടതി തള്ളിയത്

Update: 2021-10-09 15:40 GMT
Editor : Dibin Gopan | By : Web Desk
Advertising

ഉത്തര്‍പ്രദേശിലെ പ്രതാപ്ഗഢില്‍ തങ്ങള്‍ നിര്‍മിച്ച 'കൊറോണ മാതാ' ക്ഷേത്രം തകര്‍ത്ത പൊലീസ് നടപടി ചോദ്യം ചെയ്ത് ഹര്‍ജി ഫയല്‍ ചെയ്ത സ്ത്രീയ്ക്ക് സുപ്രീംകോടതി അയ്യായിരം രൂപ പിഴയിട്ടു. നാല് ആഴ്ച്ചയ്ക്കകം പിഴ സംഖ്യ സുപ്രീം കോടതിയിലെ അഭിഭാഷകരുടെ ക്ഷേമനിധിയില്‍ അടയ്ക്കണമെന്ന് ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗളും എം.എം. സുന്ദരേഷും അടങ്ങുന്ന ബെഞ്ച് ഉത്തരവിട്ടു.

യു.പിയിലെ പ്രതാപ്ഗഢ് സ്വദേശിയായ ദീപ്മാല ശ്രീവാസ്തവ എന്ന സ്ത്രീ സമര്‍പ്പിച്ച ഹരജിയാണ് കോടതി തള്ളിയത്. നീതിന്യായ സംവിധാനം ദുരുപയോഗം ചെയ്തുവെന്ന് കാണിച്ചാണ് കോടതി പിഴ ഈടാക്കിയത്.

ഗ്രാമത്തെ കോവിഡില്‍ നിന്ന് രക്ഷിക്കാനായാണ് ദീപ്മാലയും ഭര്‍ത്താവ് ലോകേഷ് കുമാര്‍ ശ്രീവാസ്തവയും ചേര്‍ന്ന് പ്രതാപ്ഗഢിലെ ശുക്ലപുര്‍ ഗ്രാമത്തില്‍ കൊറോണ ദേവിയുടെ വിഗ്രഹം പ്രതിഷ്ഠിച്ച് ക്ഷേത്രം പണിതത്. ഒരു പൂജാരിയെ നിയമിക്കുകയും ചെയ്തു. കോവിഡിനെ ഭയന്ന് നിരവധി പേര്‍ അവിടെ പ്രാര്‍ഥിക്കാന്‍ എത്തിയിരുന്നു. എന്നാല്‍, ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പൊലീസ് ഈ ക്ഷേത്രം പൊളിച്ചുനീക്കി.

ഭൂമിയുടെ കൈവശാവകാശക്കാരനായ നാഗേഷ് എന്നയാളുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് നടപടി. ക്ഷേത്രനിര്‍മാണത്തിന്റെ മറവില്‍ ഭൂമി കൈയേറ്റമായിരുന്നു ലോകേഷിന്റെ ലക്ഷ്യമെന്ന് കാണിച്ചായിരുന്നു നാഗേഷിന്റെ പരാതി. ഇതിനെതിരേയാണ് ദീപ്മാല ശ്രീവാസ്തവ ഹരജി നല്‍കിയത്.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News