ഉത്തരാഖണ്ഡില്‍ മന്ത്രിയെ പുറത്താക്കി മുഖ്യമന്ത്രി; ഇനി കോണ്‍ഗ്രസിനായി പ്രവര്‍ത്തിക്കുമെന്ന് ഹരക് സിങ് റാവത്ത്

ബി.ജെ.പിയില്‍ നിന്ന് പുറത്താക്കും മുന്‍പ് തനിക്ക് വിശദീകരിക്കാന്‍ പോലും അവസരം നല്‍കിയില്ലെന്ന് ഹരക് സിങ്

Update: 2022-01-17 08:32 GMT
Advertising

ഉത്തരാഖണ്ഡിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ മന്ത്രിയെ പുറത്താക്കി മുഖ്യമന്ത്രി. വനം മന്ത്രി ഹരക് സിങ് റാവത്തിനെയാണ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയത്. ബി.ജെ.പിയിൽ നിന്ന് ആറു വർഷത്തേക്കും ഹരക് സിങിനെ പുറത്താക്കി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് നടപടിയെന്ന് ബി.ജെ.പി നേതൃത്വം വ്യക്തമാക്കി.

2016ലാണ് ഹരക് സിങ് റാവത്ത് കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ എത്തിയത്. കോട്ധ്വാറിൽ നിന്നുള്ള എം.എൽ.എയാണ് ഹരക് സിങ്. 2016ൽ കോൺഗ്രസ് നേതാവ് ഹരീഷ് റാവത്തിനോടുള്ള അഭിപ്രായവ്യത്യാസം കാരണം ബി.ജെ.പിയിലെത്തിയ 10 എം.എൽ.എമാരിൽ ഒരാളായിരുന്നു അദ്ദേഹം.

ബി.ജെ.പിയില്‍ നിന്ന് പുറത്താക്കപ്പെട്ടതിന് പിന്നാലെ താന്‍ കോണ്‍ഗ്രസിനായി പ്രവര്‍ത്തിക്കുമെന്ന് ഹരക് സിങ് റാവത്ത് വ്യക്തമാക്കി. ബി.ജെ.പിയില്‍ നിന്ന് പുറത്താക്കും മുന്‍പ് തനിക്ക് വിശദീകരിക്കാന്‍ പോലും അവസരം നല്‍കിയില്ലെന്ന് ഹരക് സിങ് പറഞ്ഞു. അതേസമയം തെരഞ്ഞെടുപ്പില്‍ കുടുംബാംഗങ്ങള്‍ക്ക് ടിക്കറ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ട് റാവത്ത് സമ്മര്‍ദം ചെലുത്തിയെന്ന് മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമി പറഞ്ഞു. എന്നാല്‍ തനിക്ക് മന്ത്രിയാവാന്‍ താത്പര്യമില്ലെന്നും തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി പ്രവര്‍ത്തിക്കുമെന്നും ഹരക് സിങ് വ്യക്തമാക്കി.

ഫെബ്രുവരി 14നാണ് ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ്. 70 നിയമസഭാ മണ്ഡലങ്ങളാണ് ഉത്തരാഖണ്ഡിലുള്ളത്. 2017ൽ ബി.ജെ.പി 57 സീറ്റുകൾ നേടിയാണ് അധികാരത്തിലെത്തിയത്. മാര്‍ച്ച് 10നാണ് വോട്ടെണ്ണല്‍.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News