ഉത്തരാഖണ്ഡ് ടണല്‍ ദുരന്തം: തുരങ്കം തുരക്കല്‍ പൂര്‍ത്തിയായി
അവശിഷ്ടങ്ങൾ ഉടൻ നീക്കിത്തുടങ്ങും. ഇതിനുശേഷമായിരിക്കും പൈപ്പ് സ്ഥാപിക്കുക
ഉത്തരകാശി: ഉത്തരാഖണ്ഡിൽ സിൽക്യാര തുരങ്കത്തിൽ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമം അവസാനഘട്ടത്തിൽ. തുരങ്കം തുരക്കൽ പൂർത്തിയായി. അവശിഷ്ടങ്ങൾ ഉടൻ നീക്കിത്തുടങ്ങും. ഇതിനുശേഷമായിരിക്കും പൈപ്പ് സ്ഥാപിക്കുക. ആംബുലൻസുകളും സുരക്ഷാ ഉദ്യോഗസ്ഥരും തുരങ്ക കാവാടത്തിലേക്ക് നീങ്ങുകയാണ്. പതിനേഴാം ദിനം രക്ഷാപ്രവർത്തനത്തിന്റെ പുരോഗതി വിലയിരുത്താൻ തുരങ്കം സന്ദർശിച്ച ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയാണ് രക്ഷാ ദൗത്യം വിജയത്തിന് അടുത്തെത്തിയതായി അറിയിച്ചത്.
52 മീറ്റർ ദൈർഘ്യത്തിൽ സിൽക്യാര തുരങ്ക കവാടത്തിൽ നിന്നുള്ള മാനുവൽ ഡ്രില്ലംഗ് വഴി പൈപ്പ് സ്ഥാപിക്കൽ പൂർത്തിയായിട്ടുണ്ട്. ഇതിൽ 48 മീറ്റർ തുരന്നത് ഓഗർ മെഷീൻ ഉപയോഗിച്ച് ആയിരുന്നു. പ്രതിസന്ധികൾ ഉണ്ടായില്ലെങ്കിൽ ഇന്ന് രാത്രിയോടെ തൊഴിലാളികളെ പുറത്ത് എത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
ഇതിന്റെ അടിസ്ഥാനത്തിൽ തൊഴിലാളികളുടെ വസ്ത്രങ്ങൾ ഉൾപ്പടെ കരുതാൻ ബന്ധുക്കൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രതികൂല കാലാവസ്ഥയും രക്ഷാ പ്രവർത്തനത്തിന് വെല്ലുവിളി ആണ്. പ്രാർത്ഥനകളിൽ തുരങ്കത്തിൽ അകപ്പെട്ടവരെ കൂടി ഉൾപ്പെടുത്തണമെന്ന് രാജ്യത്തെ ജനങ്ങളോട് പ്രധാന മന്ത്രി നരേന്ദ്ര മോദി ഇന്നലെ എക്‌സിലൂടെ അഭ്യർത്ഥിച്ചിരുന്നു