സർക്കാർ പദ്ധതിയിൽ മുസ്‍ലിം കുടുംബത്തിന് ഫ്ലാറ്റ് അനുവദിച്ചതിൽ ഗുജറാത്തിൽ പ്രതിഷേധം
ഞങ്ങൾ എല്ലാവരും ഈ പദ്ധതിയിൽ വീടുകൾ ബുക്ക് ചെയ്‌തത് ചുറ്റും താമസിക്കുന്നത് ഹിന്ദുക്കളായതിനാലാണ്. മറ്റ് മതപരവും സാംസ്‌കാരികവുമായ പശ്ചാത്തലത്തിൽ നിന്നുള്ള ആളുകൾ ഇവിടെ താമസിക്കുന്നത് ഇഷ്ടപ്പെടുന്നില്ലെന്ന് പ്രതിഷേധക്കാർ പറഞ്ഞതായി ഇന്ത്യൻ എക്സപ്രസ് റിപ്പോർട്ട് ചെയ്യുന്നു
വഡോദര:ഗുജറാത്തിലെ വഡോദരയിൽ മുസ്‍ലിം കുടുംബത്തിന് മുഖ്യമന്ത്രി ആവാസ് യോജന സർക്കാർ ഭവന പദ്ധതി പ്രകാരം ഫ്ലാറ്റ് അനുവദിച്ചതിൽ പ്രതിഷേധവുമായി പ്രദേശവാസികൾ. ഹർനി ഏരിയയിൽ സർക്കാർപദ്ധതി പ്രകാരം നിർമ്മിച്ച ഫ്ലാറ്റ് സമുച്ചയത്തിൽ താമസിക്കുന്ന അന്തേവാസികളാണ് മുസ്‍ലിം കുടുംബത്തിന് അനുവദിച്ച ഫ്ലാറ്റിൽ പ്രവേശിക്കാൻ പോലും അനുവദിക്കാതെ രംഗത്തെത്തിയിരിക്കുന്നത്. ദി ഇന്ത്യൻ എക്സ്പ്രസാണ് വാർത്ത പുറത്തുവിട്ടത്.
മോത്‌നാഥ് റസിഡൻസി കോഓപ്പറേറ്റീവ് ഹൗസിംഗ് സൊസൈറ്റിയിൽ 462 ഫ്ലാറ്റുകളാണുള്ളത്. അതിൽ താമസിക്കുന്നവരിലേറെയും ഹിന്ദു കുടുംബങ്ങളാണ്. അവരിൽ 33കുടുംബങ്ങളാണ് മുസ്‍ലിം കുടുംബത്തിന് അനുവദിച്ച ഫ്ലാറ്റിൽ പ്രവേശിക്കാനും താമസിക്കാനും അനുവദിക്കാതെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.
ഹർനി മേഖല ഹിന്ദു ആധിപത്യമുള്ള പ്രദേശമാണെന്നും നാല് കിലോമീറ്റർ ചുറ്റളവിൽ മുസ്‍ലിംകൾ താമസിക്കുന്നില്ലെന്നും അതിനാൽ 461 കുടുംബങ്ങൾ താമസിക്കുന്നയിടത്ത് മുസ്‍ലിം കുടുംബത്തെ താമസിക്കാൻ അനുവദിക്കില്ലെന്നുമാണ് പ്രതിഷേധക്കാർ പറയുന്നത്.
സംരംഭകത്വ നൈപുണ്യ വികസന മന്ത്രാലയത്തിൽ ജീവനക്കാരിക്ക് 2017 ലാണ് വഡോദരയിലെ ഹർനി ഏരിയയിലുള്ള മൊത്നാഥ് റെസിഡൻസി കോഓപ്പറേറ്റീവ് ഹൗസിംഗ് സർവീസസ് സൊസൈറ്റിയിൽ സർക്കാർ ഫ്ലാറ്റ് അനുവദിക്കുന്നത്. നറുക്കെടുപ്പിലൂടെയാണ് എല്ലാവർക്കും ഫ്ലാറ്റുകൾ അനുവദിച്ചതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. 2020 ൽ ഫ്ലാറ്റിലേക്ക് താമസം മാറാനൊരുങ്ങിയപ്പോഴാണ് പ്രതിഷേധവുമായി താമസക്കാർ ആദ്യം രംഗത്തെത്തിയതെന്ന് യുവതി പറഞ്ഞതായി ഇന്ത്യൻ എക്സപ്രസ് റിപ്പോർട്ട് ചെയ്യുന്നു.‘ഞാൻ എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു സമൂഹത്തിലാണ് ജനിച്ചുവളർന്നത്. ഇവിടെ ഒരു ഫ്ലാറ്റ് കിട്ടിയപ്പോൾ എന്റെ മകനും അത്തരമൊരു അന്തരീക്ഷത്തിൽ വളർന്നു വരാനാകുമെന്നായിരുന്നു എന്റെ പ്രതീക്ഷ. എന്നാൽ അതിനെ തകർക്കുന്ന നിലപാടാണ് ഫ്ലാറ്റിലെ ഒരു വിഭാഗത്തിൽ നിന്നുണ്ടാകുന്നതെന്നും അവർ പറഞ്ഞു. കഴിഞ്ഞ ആറ് വർഷത്തിലേറെയായി ഞാൻ നേരിടുന്ന എതിർപ്പുകൾക്ക് പരിഹാരം ഉണ്ടാക്കാൻ ആരും തയാറാകുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.
ഇക്കഴിഞ്ഞ ജൂൺ 10 ന് ഫ്ലാറ്റ് സമുച്ചയത്തിന് മുന്നിൽ നടന്ന പ്രതിഷേധമാണ് വീണ്ടും സംഭവം ചർച്ചയാകാനും വാർത്തയാകാനും കാരണം. അന്ന് നടന്ന പ്രതിഷേധത്തിന്റെ വിഡിയോകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
യുവതി താമസം മാറുന്നതിന് മുമ്പ് തന്നെ അവിടുത്തെ താമസക്കാർ ജില്ലാ കലക്ടർ,വഡോദര മുനിസിപ്പൽ കമ്മീഷണർ, മേയർ, പൊലീസ് കമ്മീഷണർ എന്നിവർക്ക് പരാതിയും നൽകിയിരുന്നു. മുസ്‍ലിം യുവതിക്ക് വീട് അനുവദിച്ചത് റദ്ദാക്കണമെന്നും അവർ ആവശ്യപ്പെട്ടു.‘ഞങ്ങൾ എല്ലാവരും ഈ കോളനിയിൽ വീടുകൾ ബുക്ക് ചെയ്‌തത് ചുറ്റും താമസിക്കുന്നത് ഹിന്ദുക്കളായതിനാലാണ്.മറ്റ് മതപരവും സാംസ്‌കാരികവുമായ പശ്ചാത്തലത്തിൽ നിന്നുള്ള ആളുകൾ ഈ പ്രദേശത്ത് താമസിക്കുന്നത് ഞങ്ങൾ ഇഷ്ടപ്പെടുന്നില്ലെന്ന് പ്രതിഷേധക്കാർ പറഞ്ഞതായി എക്സപ്രസ് റിപ്പോർട്ട് ചെയ്യുന്നു.
ഇപ്പോൾ വഡോദരയിലെ മറ്റൊരു പ്രദേശത്ത് മാതാപിതാക്കളോടും മകനോടും ഒപ്പം താമസിക്കുന്ന യുവതി സൊസൈറ്റി അധികൃതരുമായി പലതവണ സംസാരിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് യുവതി പറയുന്നു.
റസിഡൻസ് അസോസിയേഷന്റെ നടപടിക്കെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധമാണ് നടക്കുന്നത്. വർഗീയത മാത്രമാണ് പ്രതിഷേധക്കാരുടെ ലക്ഷ്യം എന്നുള്ള പ്രതികരണങ്ങളാണ് ഏറെയും.
എന്നാൽ സർക്കാർ പദ്ധതികളിൽ അപേക്ഷകരെയും ഗുണഭോക്താക്കളെയും മതത്തിൻ്റെ അടിസ്ഥാനത്തിൽ വേർതിരിക്കാതെ മാനദണ്ഡങ്ങൾക്കനുസൃതമായാണ് വീടുകൾ അനുവദിച്ചതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. അതേസമയം പ്രതിഷേധക്കാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഫ്ലാറ്റ് ഉപേക്ഷിക്കണമെന്ന് യുവതിയെ ബോധ്യപ്പെടുത്താൻ ഭരണകൂടം ശ്രമിക്കുന്നതായും റിപ്പോർട്ടുണ്ട്.