'വന്ദേ ഭാരതിന് തിരൂരില്‍ സ്റ്റോപ് അനുവദിക്കണം'; ഇ. ടി. മുഹമ്മദ് ബഷീർ അശ്വിനി വൈഷ്ണവിനെ കണ്ടു
പരീക്ഷണ ഓട്ടത്തിൽ തിരൂർ ഉണ്ടായിരുന്നുവെങ്കിലും പിന്നീട് വന്ന അന്തിമ പട്ടികയിൽ നിന്ന് തിരൂരിനെ ഒഴിവാക്കിയതിന് യാതൊരു ന്യായീകരണവുമില്ലെന്ന് ഇ.ടി പറഞ്ഞു
ന്യൂ ഡൽഹി: വന്ദേ ഭാരത് എക്സ്പ്രസിന്റെ സ്റ്റോപ്പുകളിൽ നിന്ന് തിരൂരിനെ ഒഴിവാക്കിയത് പുന:പരിശോധിച്ച് സ്റ്റോപ്പ് അനുവദിക്കണമെന്ന് ഇ. ടി. മുഹമ്മദ് ബഷീർ എം.പി റെയിൽവേ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവിനെയും റയിൽവേ ബോർഡ് ചെയർമാൻ അനിൽ കുമാർ ലഹോട്ടിയെയും നേരിൽ കണ്ട് ആവശ്യപ്പെട്ടു. ആദ്യഘട്ട പരീക്ഷണ ഓട്ടത്തിൽ തിരൂർ ഉണ്ടായിരുന്നുവെങ്കിലും പിന്നീട് വന്ന അന്തിമ പട്ടികയിൽ നിന്ന് തിരൂരിനെ ഒഴിവാക്കുകയാണ് ഉണ്ടായത്. അതിന് യാതൊരു ന്യായീകരണവുമില്ലെന്ന് എം.പി പറഞ്ഞു.
കേരളത്തിലെ ഏറ്റവും ജനസംഖ്യയുള്ള ജില്ലയാണ് മലപ്പുറം. സംസ്ഥാനത്തെ ആകെ ജനസംഖ്യയുടെ14 ശതമാനത്തോളം മലപ്പുറം ജില്ലയിലാണ്. പൗരാണിക കാലം മുതൽ തന്നെ റെയിൽവേ മികച്ച പരിഗണന നൽകിയിരുന്ന ഒരു ജില്ലയോട് ചെയ്ത ഏറ്റവും വലിയ അന്യായമാണിതെന്നും എം.പി ചൂണ്ടിക്കാട്ടി.
മലയാള ഭാഷയുടെ പിതാവ് തുഞ്ചത്ത് എഴുത്തച്ഛന്റെ ജന്മ സ്ഥലമായ തിരൂരിലാണ് മലയാളം സർവകലാശാലയുടെ ആസ്ഥാനം. കോട്ടക്കൽ ആയുർവേദ ശാല, ആയുർവേദ കോളേജ്, ഹനുമാൻ കാവ് ക്ഷേത്രം, തൃക്കണ്ടിയൂർ ക്ഷേത്രം, തിരുനാവായ നവ മുകുന്ദ ക്ഷേത്രം കാടാമ്പുഴ ക്ഷേത്രം തുടങ്ങിയ തീർത്ഥാടന കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്നതും തിരൂരിനടുത്താണെന്നും എംപി മന്ത്രിയെ ബോധ്യപ്പെടുത്തി.
സാങ്കേതികമായി വണ്ടി അവിടെ നിർത്തുക എന്നത് ഒരു പ്രയാസം ഇല്ലാത്ത കാര്യവുമാണ്. എന്നാൽ ഇതിനോട് നീതി ചെയ്തില്ല എന്നുള്ളത് വളരെ ഖേദകരമാണ്. അതുകൊണ്ട് പുന പരിശോധിച്ച ഉത്തരവ് ഉണ്ടാകണമെന്നും എംപി ആവശ്യപ്പെട്ടു. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന പ്രാഥമിക ഘട്ടത്തിലുള്ള ഇതിന്റെ നീക്കങ്ങൾ പരിശോധിച്ച ശേഷം ഈ കാര്യങ്ങളെല്ലാം വെച്ചു പുന പരിശോധന നടത്താമെന്നു മന്ത്രി എംപിയെ അറിയിച്ചു.
എം.പി ഇക്കാര്യത്തിൽ പറയുന്ന വികാരം ഉൾക്കൊള്ളുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ റെയിൽവേ ബോർഡ് ചെയർമാൻ അനിൽ കുമാർ ലഹോട്ടിയെയും നേരിൽ കണ്ട് എം.പി വിശദമായി ചർച്ച നടത്തി. ഇതിനോട് ചെയ്തിട്ടുള്ള നടപടികളുടെ അനീതി ചെയർമാനെയും എംപി ബോധ്യപ്പെടുത്തി. ഇക്കാര്യത്തിൽ ന്യായമായ പരിഹാരം ഉണ്ടാക്കാൻ വേണ്ടി റെയിൽവേ ബോർഡിന്റെ സഹായവും എംപി അഭ്യർത്ഥിച്ചു.