ഹിജാബ് വിവാദം; കങ്കണ റണാവത്തിന് മറുപടിയുമായി ശബാന ആസ്മി

അഫ്ഗാൻ മതാധിപത്യ രാജ്യമാണെന്നും താൻ അവസാനം പരിശോധിച്ചപ്പോഴും ഇന്ത്യ ജനാധിപത്യ രാജ്യമാണെന്നും ശബാന ആസ്മി

Update: 2022-02-11 13:53 GMT
Advertising

കർണാടകയിലെ ഹിജാബ് വിവാദത്തിൽ ബോളിവുഡ് നടി കങ്കണ റണാവത്തിന് മറുപടിയുമായി വെറ്ററൻ നടി ശബാന ആസ്മി. അഫ്ഗാനിൽ ബുർഖ അഴിച്ച് ധൈര്യം കാണിക്കണമെന്നും സ്വയം കൂട്ടിൽ കയറാനല്ല, സ്വതന്ത്രരാകാനാണ് പഠിക്കേണ്ടതെന്നുമാണ് വിവാദത്തിൽ കങ്കണ പറഞ്ഞിരുന്നത്. എന്നാൽ അഫ്ഗാൻ മതാധിപത്യ രാജ്യമാണെന്നും താൻ അവസാനം പരിശോധിച്ചപ്പോഴും ഇന്ത്യ ജനാധിപത്യ രാജ്യമാണെന്നും തെറ്റുണ്ടെങ്കിൽ തിരുത്തണമെന്നുമാണ് ശബാന ആസ്മി മറുപടി നൽകിയത്. നേരത്തെ ശാസ്ത്രജ്ഞനും ഗ്രന്ഥകാരനുമായ ആനന്ദ് രംഗനാഥന്റെ ഹിജാബ് വിരുദ്ധ പോസ്റ്റ് പങ്കുവെച്ചായിരുന്നു കങ്കണയുടെ അഭിപ്രായ പ്രകടനം.

ഹിജാബ് വിവാദത്തിൽ ബോളിവുഡ് നടി സോനം കപൂറും പ്രതികരിച്ചിരുന്നു. തലപ്പാവ് അണിയാമെങ്കിൽ ഹിജാബും ധരിക്കാമെന്നാണ് സോനം പറഞ്ഞത്. ഇൻസ്റ്റഗ്രാമിലായിരുന്നു നടിയുടെ പ്രതികരണം. 'തലപ്പാവ് ഒരു ചോയ്സാണ് എങ്കിൽ എന്തു കൊണ്ട് ഹിജാബും അങ്ങനെയല്ല' -എന്നാണ് ഇൻസ്റ്റഗ്രാമിൽ സോനം ചോദിച്ചത്. കർണാടകയിലെ സ്‌കൂളുകളിൽ ഹിജാബ് ധരിക്കാനുള്ള വിദ്യാർത്ഥികളുടെ അവകാശസമരം നടന്നുകൊണ്ടിരിക്കെയാണ് അവർ വിഷയത്തിൽ നിലപാടെടുക്കുന്നത്. സമരത്തെ പിന്തുണച്ച് നേരത്തെ നടിയും കോൺഗ്രസ് നേതാവുമായ നഗ്മയും രംഗത്തെത്തിയിരുന്നു. യോഗിക്കും പ്രഗ്യ സിങ് ഠാക്കൂറിനും ഇഷ്ടവസ്ത്രം ധരിക്കാമെങ്കിൽ എന്തു കൊണ്ട് മറ്റുള്ളവർക്ക് അതായിക്കൂടാ എന്നായിരുന്നു അവരുടെ ചോദ്യം.


'യോഗി ആദിത്യനാഥ് അദ്ദേഹത്തിന്റെ വേഷം അണിയുന്നുണ്ട്. പ്രഗ്യ സിങ്ങിനെ പോലുള്ള ബിജെപി എംപിമാരും അവരുടെ വസ്ത്രങ്ങൾ ധരിക്കുന്നു. മതവികാരത്തെ മാനിക്കേണ്ടതുണ്ട്. അത് അവരുടെ ആവിഷ്‌കാര സ്വാതന്ത്ര്യമാണ്. എന്തു ധരിക്കണം, എന്തു പറയണം എന്നതെല്ലാം അവരവരുടെ സ്വാതന്ത്ര്യമാണ്. ബിജെപിയുടെ വികസന മുരടിപ്പിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണിത്. കോളജിൽ (കർണാടക) പ്രതിഷേധിക്കുന്നവരിൽ തൊണ്ണൂറു ശതമാനവും പുറത്തുനിന്നുള്ളവരാണ്. ഈ ഗുണ്ടകളെല്ലാം പുറത്തുനിന്നു വരുന്നവരാണ്. അതേക്കുറിച്ച് ഉത്കണ്ഠയുണ്ട്.' - അവർ പറഞ്ഞു. അതിനിടെ, ഹിജാബ് നിയന്ത്രണത്തിനെതിരായ ഹരജി അടിയന്തരമായി പരിഗണിക്കില്ലെന്ന് സുപ്രീംകോടതി വെള്ളിയാഴ്ച വ്യക്തമാക്കി. ഉചിതമായ സമയത്ത് ഇടപെടാം. വിഷയം ദേശീയ തലത്തിൽ ചർച്ച ചെയ്യുന്നത് ശരിയല്ലെന്ന് ചീഫ് ജസ്റ്റിസ് എൻ.വി രമണ വ്യക്തമാക്കി. ഹിജാബ് കേസിൽ തീരുമാനമെടുക്കുന്നത് വരെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മതപരമായ വസ്ത്രങ്ങൾ ധരിക്കുന്നത് ഒഴിവാക്കണമെന്ന് കർണാടക ഹൈക്കോടതി കഴിഞ്ഞ ദിവസം വിദ്യാർഥികളോട് നിർദേശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കർണാടകയിലെ ഒരു പെൺകുട്ടി സുപ്രീംകോടതിയെ സമീപിച്ചത്.

Veteran actress Shabana Azmi responds to Kangana Ranaut's Comment On hijab controversy in Karnataka.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News