മോദിയെ മഹാത്മാ ഗാന്ധിയോട് ഉപമിച്ച് ഉപരാഷ്ട്രപതി; നിങ്ങൾ പരിധി ലംഘിച്ചെന്ന് കോൺഗ്രസ് എം.പി
ഉപരാഷ്ട്രപതിയുടെ ഔദ്യോഗിക എക്സ് പേജിലൂടെ പ്രസംഗം പങ്കുവച്ചിട്ടുമുണ്ട്.
മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ മഹാത്മാ ഗാന്ധിയോട് ഉപമിച്ച ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിനെതിരെ വിമർശനം ശക്തമാകുന്നു. കഴിഞ്ഞ നൂറ്റാണ്ടിലെ മഹാപുരുഷൻ മഹാത്മാ ഗാന്ധിയാണെന്നും അതുപോലെ ഈ നൂറ്റാണ്ടിലെ യുഗപുരുഷനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി എന്നുമായിരുന്നു ജഗ്ദീപ് ധൻകറിന്‍റെ പരാമർശം.
തിങ്കളാഴ്ച മുംബൈയിൽ ജൈനമത വിശ്വാസിയും തത്ത്വചിന്തകനുമായ ശ്രീമദ് രാജ്ചന്ദ്രയുടെ ജന്മദിനാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ധൻകറിന്റെ ഉപമ.
'ഞാൻ നിങ്ങളോട് ഒരു കാര്യം പറയാൻ ആഗ്രഹിക്കുന്നു. കഴിഞ്ഞ നൂറ്റാണ്ടിലെ മഹാപുരുഷൻ മഹാത്മാഗാന്ധിയായിരുന്നു. ഈ നൂറ്റാണ്ടിലെ യുഗപുരുഷൻ നരേന്ദ്ര മോദിയാണ്. സത്യവും അഹിംസയും കൊണ്ട് മഹാത്മാഗാന്ധി ബ്രിട്ടീഷുകാരിൽ നിന്ന് രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തന്നു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി നമ്മൾ എന്നും കാണാൻ ആഗ്രഹിച്ച പുരോഗതിയുടെ പാതയിലേക്ക് രാജ്യത്തെ എത്തിച്ചു'- ധൻകർ പറഞ്ഞു.
ഉപരാഷ്ട്രപതിയുടെ ഔദ്യോഗിക എക്സ് പേജിലൂടെ പ്രസംഗം പങ്കുവച്ചിട്ടുമുണ്ട്. അതേസമയം, ഉപരാഷ്ട്രപതിയുടെ പരാമർശത്തെ വിമർശിച്ച് കോൺഗ്രസ് എം.പി മാണിക്യം താകൂർ രംഗത്തെത്തി. മോദിയെ മഹാത്മാവുമായി താരതമ്യം ചെയ്യുന്നത് ലജ്ജാകരമാണെന്നും മുഖസ്‌തുതിക്ക് ഒരു പരിധിയുണ്ടെന്നും ധൻകർ അത് ലംഘിച്ചിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.