കെജ്‍രിവാളിന്‍റെ വീടിനു നേരെ ആക്രമണം; ബി.ജെ.പി പ്രവര്‍ത്തകരും പൊലീസും ഏറ്റുമുട്ടി
സെക്യൂരിറ്റി ചെക്കിങ് ഉപകരണങ്ങളും സിസിടിവിയും ബി.ജെ.പി പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു
ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന്‍റെ വീടിന് മുന്നില്‍ സംഘര്‍ഷം. ബി.ജെ.പി പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. കെജ്‍രിവാള്‍ കശ്മീരി പണ്ഡിറ്റുകളെ അപമാനിച്ചു എന്ന് ആരോപിച്ചാണ്, ബി.ജെ.പി പ്രവര്‍ത്തകര്‍ കെജ്‍രിവാളിന്‍റെ ഔദ്യോഗിക വസതിക്ക് മുന്നില്‍ പ്രതിഷേധിച്ചത്.
സെക്യൂരിറ്റി ചെക്കിങ് ഉപകരണങ്ങളും സിസിടിവിയും ബി.ജെ.പി പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു. വസതിയിലേക്ക് കറുത്ത പെയിന്‍റ് എറിഞ്ഞു. സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിഷേധം നടക്കുമ്പോള്‍ കെജ്‍രിവാള്‍ വസതിയിലുണ്ടായിരുന്നില്ല.
'ദ കശ്മീര്‍ ഫയല്‍സ്' എന്ന സിനിമയെക്കുറിച്ചുള്ള കെജ്‌രിവാളിന്‍റെ പരാമര്‍ശത്തിനെതിരെ ആയിരുന്നു പ്രതിഷേധം. കശ്മീരി ഹിന്ദുക്കളുടെ വംശഹത്യയെ കെജ്‌രിവാള്‍ പരിഹസിക്കുകയാണെന്ന് ബി.ജെ.പി നേതാക്കള്‍ ആരോപിച്ചു. 200ഓളം പേരാണ് ബി.ജെ.പിയുടെ പതാകയുമേന്തി കെജ്‍രിവാളിന്‍റെ വസതിക്ക് മുന്നില്‍ എത്തിയത്. എഴുപതോളം പേരെ കസ്റ്റഡിയിലെടുത്തെന്ന് പൊലീസ് പറഞ്ഞു.
ബി.ജെ.പി നേതാക്കളെയും പ്രവർത്തകരെയും മുഖ്യമന്ത്രിയുടെ വീട്ടിൽ എത്താൻ അനുവദിച്ചതിലൂടെ ഡൽഹി പൊലീസ് അക്രമത്തിന് സൗകര്യമൊരുക്കുകയാണെന്ന് ആം ആദ്മി പാർട്ടി നേതാക്കള്‍ ആരോപിച്ചു. കശ്മീരി പണ്ഡിറ്റുകളും കെജ്‍രിവാളിന്‍റെ വസതിയിലേക്ക് മാര്‍ച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
കശ്മീരി ഫയല്‍സിന് ടാക്സ് ഒഴിവാക്കണമെന്ന് ബി.ജെ.പി നേതാക്കള്‍ ആവശ്യപ്പെട്ടപ്പോള്‍, യുട്യൂബില്‍ റിലീസ് ചെയ്യാന്‍ പറയൂ അപ്പോള്‍ എല്ലാവര്‍ക്കും കാണാമല്ലോ എന്ന് കെജ്‍രിവാള്‍ മറുപടി നല്‍കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ളവര്‍ സിനിമയെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ സിനിമയുടെ ടാക്സ് ഒഴിവാക്കുകയും ചെയ്തു. പിന്നാലെയാണ് കെജിരിവാള്‍ കശ്മീരി പണ്ഡിറ്റുകളെ അപമാനിച്ചു എന്നാരോപിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ കെജ്‍രിവാളിന്‍റ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയത്.
Summary- BJP workers today clashed with the police outside Delhi Chief Minister Arvind Kejriwal's residence during a protest against Mr Kejriwal's remarks on the recently released controversial movie 'The Kashmir Files'