അസമിൽ ആറ് ട്രെയിനുകൾ റദ്ദാക്കി; നൂറുകണക്കിന് വോട്ടർമാർ 'പെരുവഴി'യിൽ, ദുരൂഹത ആരോപിച്ച് കോൺഗ്രസ്
53.7 ശതമാനത്തിലേറെ മുസ്‌ലിം വോട്ടർമാരുള്ള കരീംഗഞ്ചിൽ കഴിഞ്ഞ തവണ ബി.ജെ.പിയായിരുന്നു വിജയിച്ചത്. 43 ശതമാനം മുസ്‌ലിം വോട്ടർമാരുള്ള നൗഗോങ്ങിൽ 16,000 വോട്ടിന്റെ മാത്രം ഭൂരിപക്ഷത്തിലാണ് ബി.ജെ.പി രണ്ടാം സ്ഥാനത്തായത്
ഗുവാഹത്തി: രണ്ടാംഘട്ട ലോക്‌സഭാ വോട്ടെടുപ്പ് ദിനത്തിൽ അസമിൽ ആറ് ട്രെയിനുകൾ റദ്ദാക്കിയതിനെ തുടർന്നു നൂറുകണക്കിന് യാത്രക്കാർ പെരുവഴിയിൽ. അസമിലും ബംഗാളിലുമായി വോട്ട് രേഖപ്പെടുത്താനായി പുറപ്പെട്ട നിരവധി പേരാണ് വിവിധ റെയിൽവേ സ്റ്റേഷനുകളിൽ കുടുങ്ങിക്കിടക്കുന്നത്. അസമിലെ ലുംഡിങ് ഡിവിഷനിൽ ചരക്കുട്രെയിൻ പാളം തെറ്റിയതിനെ തുടർന്നാണ് ആറ് ട്രെയിനുകൾ റദ്ദാക്കിയത്.
എന്നാൽ, മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിലേക്കു പോകുന്ന യാത്രക്കാരെയാണ് ഇതു കൂടുതൽ ബാധിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്. സംഭവത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുമെന്ന് കരീംഗഞ്ചിലെ കോൺഗ്രസ് സ്ഥാനാർഥി ഹാഫിസ് റഷീദ് അഹ്മദ് ചൗധരി അറിയിച്ചു.
ലുംഡിങ് റെയിൽവേ ഡിവിഷനിലെ ജതിങ്ക ലാംപൂർ, ന്യൂ ഹരംഗജാവോ സ്‌റ്റേഷനുകൾക്കിടയിൽ വച്ചാണ് ചരക്കുട്രെയിനിന്റെ എൻജിൻ പാളംതെറ്റിയത്. ഇതേതുടർന്നാണ് ഇതുവഴി കടന്നുപോകേണ്ട ആറ് ട്രെയിനുകൾ റദ്ദാക്കിയതെന്ന് നോർത്തീസ്റ്റ് ഫ്രോണ്ടിയർ റെയിൽവേ അറിയിച്ചു. ഏഴ് ട്രെയിനുകൾ യാത്ര ആരംഭിക്കുന്നതിനു മുൻപ് തന്നെ റദ്ദാക്കുകയായിരുന്നു. ഇതിൽ മൂന്ന് ട്രെയിനുകളുടെ സമയക്രമം മാറ്റിനിശ്ചയിച്ചിട്ടുണ്ട്. അസമിനു പുറമെ ബംഗാളിൽ ഉൾപ്പെടെ എത്തേണ്ട യാത്രക്കാർ ഇവയിലുണ്ട്. റെയിൽവേ സ്റ്റേഷനുകളിൽ നൂറുകണക്കിനു യാത്രക്കാർ കുടുങ്ങിക്കിടക്കുന്ന വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ദിഫു, നൗഗോങ്, സിൽച്ചാർ, കരീംഗഞ്ച്, ദറങ്-ഉദൽഗുരി എന്നീ അഞ്ച് സീറ്റുകളിലേക്കാണ് ഇന്ന് അസമിൽ വോട്ടെടുപ്പ് നടക്കുന്നത്. മുസ്‌ലിം ഭൂരിപക്ഷ മണ്ഡലങ്ങളായ കരീംഗഞ്ചിലേക്കും നൗഗോങ്ങിലേക്കും പുറപ്പെട്ട നിരവധി കുടിയേറ്റ തൊഴിലാളികൾക്ക് ട്രെയിനുകൾ റദ്ദാക്കിയതിനെ തുടർന്ന് നാട്ടിലെത്താനായിട്ടില്ല 'സ്‌ക്രോൾ ഡോട്ട് ഇൻ' റിപ്പോർട്ട് ചെയ്തു. എന്നാൽ, കരീംഗഞ്ചിലേക്ക് പോകുന്ന യാത്രക്കാർക്കായി ബസുകൾ ഏർപ്പാടാക്കിയിട്ടുണ്ടെന്നാണ് റെയിൽവേ അധികൃതർ പ്രതികരിച്ചത്.
ഇത്തവണ അസമിൽ കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം അഭിമാനപോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലാണ് കരീംഗഞ്ചും നൗഗോങ്ങും. കോൺഗ്രസിന്റെ കൈയിലുണ്ടായിരുന്ന മണ്ഡലം 2014ൽ ബദ്‌റുദ്ദീൻ അജ്മലിന്റെ എ.ഐ.യു.ഡി.എഫ് സ്വന്തമാക്കി. എന്നാൽ, 53.7 ശതമാനത്തിലേറെ മുസ്‌ലിം വോട്ടർമാരുള്ള ഇവിടെ കഴിഞ്ഞ തവണ എല്ലാവരെയും ഞെട്ടിച്ച് ബി.ജെ.പി അട്ടിമറി വിജയം നേടി. എസ്.സി സംവരണ മണ്ഡലമായിരുന്ന ഇവിടെ ബി.ജെ.പി നേതാവ് കൃപാനഥ് മല്ല എ.ഐ.യു.ഡി.എഫിന്റെ സിറ്റിങ് എം.പിയായിരുന്ന രാധേശ്യാം ബിശ്വാസിനെ 38,389 വോട്ടിന്റെ ഭൂരിപക്ഷത്തിനാണു തോൽപിച്ചത്. കൃപാനഥിനെ തന്നെയാണ് ഇവിടെ ബി.ജെ.പി വീണ്ടും ഇറക്കിയിരിക്കുന്നത്. എന്നാൽ, കോൺഗ്രസിന്റെ ഹഫീസ് റാഷിദ് അഹ്മദ് ചൗധരിയും എ.ഐ.യു.ഡി.എഫിൻരെ ഷഹാബുൽ ഇസ്‌ലാം ചൗധരിയും നേർക്കുനേർ ഏറ്റുമുട്ടുന്നത് ബി.ജെ.പി നേതാവിന് അനുഗ്രഹമാകുമെന്നാണു രാഷ്ട്രീയനിരീക്ഷകർ വിലയിരുത്തുന്നത്.
നാഗാലാൻഡിലെ ദിമാപൂരിൽനിന്നു വരുന്ന ആയിരക്കണക്കിനുപേരും ട്രെയിനുകളിൽ എത്തേണ്ടതായിരുന്നുവെന്ന് ഹാഫിസ് റഷീദ് അഹ്മദ് ചൗധരി പറഞ്ഞു. ഇതിനുപിന്നിൽ ദുരൂഹത സംശയിക്കുന്നുണ്ട്. വിഷയം തെരഞ്ഞെടുപ്പ് കമ്മിഷനോട് ഉന്നയിക്കുമെന്നും കോൺഗ്രസ് നേതാവ് അറിയിച്ചു.
43 ശതമാനം മുസ്‌ലിം വോട്ടർമാരുള്ള മണ്ഡലമാണ് നൗഗോങ്. കഴിഞ്ഞ തവണ വെറും 16,752 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇവിടെ കോൺഗ്രസിന്റെ പ്രദ്യുത് ബൊർദോലോയ് വിജയിച്ചത്. 7,22,972 വോട്ടുമായി ബി.ജെ.പി നേതാവ് രൂപക് ശർമ തൊട്ടുപിറകെയുണ്ടായിരുന്നു. ഇത്തവണ പ്രദ്യുത് വീണ്ടും മത്സരിക്കുമ്പോൾ സുരേഷ് ബോറയാണ് ബി.ജെ.പി സ്ഥാനാർഥി.
കരീംഗഞ്ചിലേകും നൗഗോങ്ങിലേക്കും നിരവധി വോട്ടർമാരുമായി എത്തേണ്ട ട്രെയിനുകൾ റദ്ദാക്കിയതിനു പിന്നിൽ ദുരൂഹത ആരോപിച്ച് നിരവധി പേർ സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയിട്ടുണ്ട്.
Summary: Hundreds of voters stranded after six trains cancelled in Assam; Congress to approach EC