കോണ്‍ഗ്രസ് അധ്യക്ഷനാകാന്‍ രാഹുല്‍ ഗാന്ധിക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ
പാര്‍ട്ടിയില്‍ രാഹുലിനെപ്പോലെ പാന്‍ ഇന്ത്യ അപ്പീലുള്ള നേതാവ് വേറെയാരുമില്ലെന്നും അധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ചുവരാന്‍ അദ്ദേഹത്തെ നിര്‍ബന്ധിക്കുമെന്നും ഖാര്‍ഗെ പറഞ്ഞു
ബെംഗളൂരു: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ത്തി പാര്‍ട്ടി വിട്ട ഗുലാം നബി ആസാദിന്‍റെ നടപടിക്ക് പിന്നാലെ രാഹുലിനെ പിന്തുണച്ച് മുതിര്‍ന്ന നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. പാര്‍ട്ടിയില്‍ രാഹുലിനെപ്പോലെ പാന്‍ ഇന്ത്യ അപ്പീലുള്ള നേതാവ് വേറെയാരുമില്ലെന്നും അധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ചുവരാന്‍ അദ്ദേഹത്തെ നിര്‍ബന്ധിക്കുമെന്നും ഖാര്‍ഗെ പറഞ്ഞു.
പാർട്ടിയെ നയിക്കുന്ന ആള്‍ രാജ്യമെമ്പാടും അറിയപ്പെടണമെന്നും കന്യാകുമാരി മുതൽ കശ്മീർ വരെയും പശ്ചിമ ബംഗാൾ മുതൽ ഗുജറാത്ത് വരെയും പിന്തുണ ഉണ്ടായിരിക്കണമെന്നും രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് പറഞ്ഞു. പ്രസ്ഥാനത്തെ നയിക്കുന്ന നേതാവ് കോണ്‍ഗ്രസ് പാര്‍ട്ടി മുഴുവന്‍ അംഗീകരിച്ച വ്യക്തിയായിരിക്കണമെന്നും ഖാര്‍ഗെ വെള്ളിയാഴ്ച പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയോട് പറഞ്ഞു. എല്ലാ മുതിർന്ന നേതാക്കളും പാർട്ടിയിൽ ചേരാനും പ്രവർത്തിക്കാനും സോണിയാ ഗാന്ധിയെ നിർബന്ധിച്ചിട്ടുണ്ടെന്നും രാഹുൽ ഗാന്ധിയോട് വന്ന് പോരാട്ടം നയിക്കാന്‍ അഭ്യർത്ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഹുല്‍ ഗാന്ധിക്ക് പകരമായി ആരുണ്ട് ..നിങ്ങള്‍ പറയൂ? അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചു.
പാർട്ടിക്ക് വേണ്ടി, രാജ്യത്തിനുവേണ്ടി, ആർ.എസ്.എസിനും ബി.ജെ.പിക്കുമെതിരെ പോരാടുന്നതിനും, ഭരണം നിലനിർത്തുന്നതിനും രാജ്യം ഒറ്റക്കെട്ടായി നില്‍ക്കുന്നതിനും രാഹുൽ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേൽക്കണമെന്നും ഖാർഗെ പറഞ്ഞു. പാർട്ടിയുടെ വരാനിരിക്കുന്ന ഭാരത് ജോഡോ യാത്രയെക്കുറിച്ചും ഖാർഗെ പരാമർശിച്ചു. രാഹുൽ ഗാന്ധിയെ ജോഡോ ഭാരതിന് ആവശ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. '' കോണ്‍ഗ്രസ് പ്രസിഡന്‍റായി തിരികെ വരാന്‍ ഞങ്ങള്‍ അദ്ദേഹത്തോട് അപേക്ഷിക്കും, നിര്‍ബന്ധിക്കും. എല്ലാ പിന്തുണയുമായി ഞങ്ങള്‍ അദ്ദേഹത്തിന്‍റെ പിറകിലുണ്ട്. ഞങ്ങള്‍ അദ്ദേഹത്തെ പിന്തുടരാന്‍ ശ്രമിക്കും'' മുന്‍കേന്ദ്രമന്ത്രി പറഞ്ഞു.
സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും അധ്യക്ഷ പദം ഏറ്റെടുക്കുന്നതില്‍ വിമുഖത തുടരുന്ന സാഹചര്യത്തില്‍ പുതിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ ആരെന്നറിയാന്‍ വൈകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അടുത്ത മാസം 20 നകം തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കാനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ പുതിയ അധ്യക്ഷന്‍ ആരെന്നത് സംബന്ധിച്ച് സമവായത്തിലെത്താന്‍ ഇനിയും സാധിച്ചിട്ടില്ല. രാജസ്ഥാന്‍ അശോക് ഗെഹ്‍ലോട്ടിന്‍റെ പേര് ഉയര്‍ന്നെങ്കിലും തങ്ങളും സ്ഥാനാര്‍ഥിയെ നിര്‍ത്തും എന്ന നിലപാടിലാണ് ജി 23 നേതാക്കള്‍. ഞായറാഴ്ച ചേരുന്ന പ്രവര്‍ത്തക സമിതി യോഗം പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനുള്ള പുതിയ സമയക്രമം തീരുമാനിക്കും . കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ ഗാന്ധി തന്നെ വരണമെന്നും അല്ലെങ്കില്‍ പ്രവര്‍ത്തകരെല്ലാം വീട്ടിലിരിക്കുമെന്നും ഗെഹ്ലോട്ട് വ്യക്തമാക്കിയിരുന്നു.