മോദി സര്‍ക്കാരിന്‍റെ പിന്തുണയോടെ ജഗനെ അധികാരത്തില്‍ നിന്നും പുറത്താക്കും: പവന്‍ കല്യാണ്‍
യുദ്ധം വിശാഖപട്ടണത്ത് നിന്ന് തന്നെ ആരംഭിക്കുമെന്ന് വരാഹി യാത്രയുടെ ഭാഗമായി വിശാഖപട്ടണത്തെ ജഗദംബ കേന്ദ്രത്തിൽ നടന്ന ഒരു വലിയ റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പവന്‍ പറഞ്ഞു
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്ന് വൈഎസ്ആർ കോൺഗ്രസ് പാർട്ടിയെ തുരത്തണമെന്ന് നടനും ജന സേന പാർട്ടി അധ്യക്ഷനുമായ പവൻ കല്യാൺ .മോദി സർക്കാരിന്‍റെ പിന്തുണയോടെ മുഖ്യമന്ത്രി വൈ.എസ് ജഗൻ മോഹൻ റെഡ്ഡിയെ അധികാരത്തിൽ നിന്ന് താഴെയിറക്കി ആന്ധ്രാപ്രദേശിനെ രക്ഷിക്കുമെന്നും അദ്ദേഹം വ്യാഴാഴ്ച പറഞ്ഞു.യുദ്ധം വിശാഖപട്ടണത്ത് നിന്ന് തന്നെ ആരംഭിക്കുമെന്ന് വരാഹി യാത്രയുടെ ഭാഗമായി വിശാഖപട്ടണത്തെ ജഗദംബ കേന്ദ്രത്തിൽ നടന്ന ഒരു വലിയ റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പവന്‍ പറഞ്ഞു.
2019 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വൈഎസ്ആർസിപിക്ക് വോട്ട് ചെയ്യരുതെന്ന് താൻ ജനങ്ങളോട് തീക്ഷ്ണമായ അഭ്യർത്ഥന നടത്തിയെന്ന് പറഞ്ഞ ജന സേന പാർട്ടി തലവൻ കള്ളം പറഞ്ഞും തെറ്റായ വാഗ്ദാനങ്ങൾ നൽകിയുമാണ് ജഗൻ അധികാരത്തിൽ എത്തിയതെന്നും ആരോപിച്ചു.'' കഴിഞ്ഞ നാല് വർഷമായി വൈഎസ്ആർസിപി നേതാക്കൾ സംസ്ഥാനം കൊള്ളയടിച്ചു. വിശാഖപട്ടണത്തിലെ ചെങ്കല്‍ പ്രദേശത്തെ നശിപ്പിച്ച ഇവർ കഞ്ചാവ് കടത്ത്, മദ്യം, മണൽ, ഭൂമാഫിയ ഇടപാടുകൾ എന്നിവയിലൂടെ വലിയ പണമുണ്ടാക്കി.സർക്കാർ വൈദ്യുതി നിരക്ക് വർധിപ്പിച്ചു. പെട്രോളിന് എക്സൈസ് തീരുവ വർധിപ്പിച്ചു, മാലിന്യത്തിന് നികുതി ചുമത്തി,” പവന്‍ കല്യാണ്‍ ആരോപിച്ചു.
വില്ലേജ് വളണ്ടിയർമാരുടെ സംവിധാനത്തോട് തനിക്ക് വെറുപ്പില്ലെന്ന് പറഞ്ഞ പവൻ കല്യാൺ, തെരഞ്ഞെടുപ്പ് നേട്ടങ്ങൾക്കായി ജഗൻ അവരുടെ സേവനങ്ങൾ ദുരുപയോഗം ചെയ്യുകയാണെന്ന് പറഞ്ഞു.“ചില സന്നദ്ധപ്രവർത്തകർ ക്രമക്കേടുകളിലും കുറ്റകൃത്യങ്ങളിലും ഏർപ്പെടുന്നു,” ജഗന്‍റെ കെണിയിൽ വീഴരുതെന്ന് അദ്ദേഹം ഉദ്യോഗസ്ഥരോട് അഭ്യർത്ഥിച്ചു.2024ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ജഗന് ഒരവസരം കൂടി നൽകരുതെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു. നിങ്ങൾ അങ്ങനെ ചെയ്താൽ ആന്ധ്രാപ്രദേശിനെ രക്ഷിക്കാൻ ആർക്കും കഴിയില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരായ പവൻ കല്യാണിന്‍റെ ആരോപണങ്ങളോട് വൈഎസ്ആർസിപി നേതാക്കൾ ഇതുവരെ പ്രതികരിച്ചിട്ടില്ല.