വെൽഫെയർ പാർട്ടി ദേശീയ നേതാവ് ജാവേദ് മുഹമ്മദ് ജയിൽ മോചിതനായി
പ്രവാചകനിന്ദക്കെതിരെ പ്രയാഗ് രാജിൽ നടന്ന പ്രതിഷേധത്തിന്റെ പേരിൽ 2022 ജൂൺ 11നാണ് ജാവേദ് മുഹമ്മദിനെ അറസ്റ്റ് ചെയ്തത്.
ന്യൂഡൽഹി: വെൽഫെയർ പാർട്ടി ദേശീയ നേതാവ് ജാവേദ് മുഹമ്മദ് ജയിൽ മോചിതനായി. പ്രവാചകനിന്ദക്കെതിരെ പ്രയാഗ് രാജിൽ നടന്ന പ്രതിഷേധത്തിന്റെ പേരിൽ 2022 ജൂൺ 11നാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. 21 മാസത്തിന് ശേഷമാണ് ജാവേദ് മുഹമ്മദ ജയിൽമോചിതനാകുന്നത്. ഉത്തർപ്രദേശിലെ ദിയോറിയ ജയിലിലാണ് അദ്ദേഹത്തെ പാർപ്പിച്ചിരുന്നത്.
ജാവേദ് മുഹമ്മദിന്റെ അലഹബാദിലെ വീട് യു.പി പൊലീസ് ബുൾഡോസർ ഉപയോഗിച്ച് തകർത്തിരുന്നു. ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ദേശീയ വൈസ് പ്രസിഡന്റ് അഫ്രീൻ ഫാത്തിമയുടെ പിതാവാണ്. കഴിഞ്ഞ വർഷം ഒക്ടോബറിൽ അഫ്രീന്റെ വിവാഹത്തിൽ പങ്കെടുക്കാൻ കോടതി അദ്ദേഹത്തിന് രണ്ട് ദിവസം ജാമ്യം അനുവദിച്ചിരുന്നു.
ബി.ജെ.പി വക്താവ് നുപൂർ ശർമയുടെ പ്രവാചകനിന്ദാ പരാമർശത്തിനെതിരെ പ്രയാഗ് രാജിൽ സംഘടിപ്പിച്ച പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചിരുന്നു. ആളുകളെ ശാന്തരാക്കാൻ വേണ്ടി ഇവിടെയെത്തിയ ജാവേദ് മുഹമ്മദിനെ കലാപത്തിന് നേതൃത്വം നൽകിയെന്ന് ആരോപിച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 'സംഘർഷത്തിന്റെ ബുദ്ധികേന്ദ്രം' എന്നാണ് അലഹബാദ് പൊലീസ് ജാവേദ് മുഹമ്മദിനെ വിശേഷിപ്പിച്ചിരുന്നത്.
അറസ്റ്റിലായതിന്റെ തൊട്ടടുത്ത ദിവസമാണ് അദ്ദേഹത്തിന്റെ വീട് മുനിസിപ്പാലിറ്റി അധികൃതർ പൊളിച്ചുകളഞ്ഞത്. അനധികൃത കെട്ടിടമാണെന്ന്് ആരോപിച്ചാണ് ഒരു നോട്ടീസ് പോലും നൽകാതെ വീട് തകർത്തത്. പൗരത്വ നിയമത്തിനെതിരെയും ബി.ജെ.പി സർക്കാരിന്റെ മുസ്‌ലിം വിരുദ്ധ നയങ്ങൾക്കെതിരെയും ശക്തമായ നിലപാട് സ്വീകരിക്കുന്ന വ്യക്തിയാണ് ജാവേദ് മുഹമ്മദ്. ഫ്രറ്റേണിറ്റി നേതാവും ജെ.എൻ.യു വിദ്യാർഥിയുമായ മകൾ അഫ്രീൻ ഫാത്തിമയും പൗരത്വ പ്രക്ഷോഭത്തിന്റെ മുൻനിര പോരാളിയായിരുന്നു.