മധ്യപ്രദേശിൽ പരാജയഭീതിയിൽ ബി.ജെ.പി

നിലവിലെ മുഖ്യമന്ത്രിയായ ശിവരാജ് സിംഗ് ചൗഹാന്‍റെ പ്രവർത്തനത്തിലും ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന് അതൃപ്തിയുണ്ടെന്നാണ് സൂചന

Update: 2023-08-22 01:23 GMT
Editor : Jaisy Thomas | By : Web Desk

പ്രതീകാത്മക ചിത്രം

Advertising

ഭോപ്പാല്‍: മധ്യപ്രദേശിൽ പരാജയഭീതിയിൽ ബി.ജെ.പി. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയെ ആര് നയിക്കുമെന്ന ചോദ്യത്തിന് കേന്ദ്രമന്ത്രിമാർക്ക് ഉൾപ്പെടെ ഉത്തരം നൽകാൻ സാധിച്ചില്ല. നിലവിലെ മുഖ്യമന്ത്രിയായ ശിവരാജ് സിംഗ് ചൗഹാന്‍റെ പ്രവർത്തനത്തിലും ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന് അതൃപ്തിയുണ്ടെന്നാണ് സൂചന.

15 മാസം നീണ്ട കോൺഗ്രസ് ഭരണമൊഴിച്ചാൽ 2003 മുതൽ ബി.ജെ.പിയാണ് മധ്യപ്രദേശിൽ ഭരണകക്ഷി. കമൽനാഥ് സർക്കാരിനെ അട്ടിമറിച്ച് ബി.ജെ.പിയിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യക്ക് പോലും സംസ്ഥാനത്ത് ബി.ജെ.പി എത്ര സീറ്റുകളിൽ വിജയിക്കുമെന്നത് സംബന്ധിച്ച് ഉറപ്പില്ല. ജയിക്കുന്ന സീറ്റുകളുടെ എണ്ണം പറയാൻ താൻ ജോതിഷി അല്ല എന്നാണ് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് കേന്ദ്രമന്ത്രി നൽകിയ മറുപടി. കഴിഞ്ഞതവണ കേവല ഭൂരിപക്ഷം പോലുമില്ലാത്ത സംസ്ഥാനത്ത് ഇക്കുറി 150ലധികം സീറ്റുകളിൽ വിജയിക്കണമെന്നാണ് ആഭ്യന്തരമന്ത്രി അമിത് ഷാ മധ്യപ്രദേശ് ബി.ജെ.പി നേതൃത്വത്തിന് നൽകിയിരിക്കുന്ന നിർദ്ദേശം. ബി.ജെ.പി വിജയിച്ചാൽ വീണ്ടും മുഖ്യമന്ത്രി സ്ഥാനത്ത് ശിവരാജ് സിംഗ് ചൗഹാൻ തുടരുമോ എന്ന് ചോദ്യത്തിനും ആഭ്യന്തരമന്ത്രി മറുപടി നൽകിയില്ല.

മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്ന പതിവ് ബി.ജെ.പിക്ക് ഇല്ലെങ്കിലും മുഖ്യമന്ത്രിയാകാൻ പോകുന്ന നേതാവിനെ മുൻനിർത്തിയാണ് എല്ലാ സംസ്ഥാനങ്ങളിലും ബി.ജെ.പി പ്രചാരണം നടത്താറുള്ളത്. കർണാടക ഫോർമുല മധ്യപ്രദേശിലും ആവർത്തിക്കാൻ കോൺഗ്രസ് ഒരുങ്ങുമ്പോഴും ബിജെപി കേന്ദ്ര നേതൃത്വം മൗനം പാലിക്കുകയാണ്. സംസ്ഥാന സർക്കാരിനെതിരെ ഉയർന്ന അഴിമതി ആരോപണങ്ങളിൽ കേന്ദ്ര നേതൃത്വത്തിനും അതൃപ്തിയുണ്ട്. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നിട്ടില്ലെങ്കിലും ടിക്കറ്റ് പ്രതീക്ഷിക്കുന്ന നേതാക്കളോട് മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കാനാണ് ബി.ജെ.പി നേതൃത്വത്തിന്‍റെ നിർദേശം. ആദ്യഘട്ട സ്ഥാനാർഥി നിർണയം പൂർത്തിയായ സാഹചര്യത്തിൽ രണ്ടാംഘട്ട സ്ഥാനാർഥി പട്ടികയും ഉടൻ ബി.ജെ.പി പുറത്തിറക്കിയേക്കും.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News