ബംഗാളിലെ ഇംഗ്ലീഷ് മീഡിയം സ്കൂളുകളില്‍ ബംഗാളി ഭാഷ നിര്‍ബന്ധമാക്കും; നിര്‍ദേശത്തിന് മന്ത്രിസഭയുടെ അംഗീകാരം
ബംഗാളി രണ്ടാം ഭാഷയായി പഠിക്കാനുള്ള ഓപ്ഷനുകളുണ്ടെങ്കിലും മിക്ക വിദ്യാർഥികളും ഹിന്ദിയോ മറ്റ് ഭാഷകളോ ആണ് ഇഷ്ടപ്പെടുന്നത്
കൊല്‍ക്കൊത്ത: സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിൽ രണ്ടാം ഭാഷയായി ബംഗാളി നിർബന്ധമാക്കാനുള്ള നിർദേശത്തിന് പശ്ചിമ ബംഗാൾ മന്ത്രിസഭ തിങ്കളാഴ്ച അംഗീകാരം നൽകി. മുഖ്യമന്ത്രി മമത ബാനർജിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം സ്വകാര്യ സ്‌കൂളുകൾക്കെതിരായ പരാതികൾ പരിശോധിക്കാൻ വിദ്യാഭ്യാസ കമ്മീഷൻ രൂപീകരിക്കാനും അനുമതി നൽകിയതായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
''ബംഗാളി രണ്ടാം ഭാഷയായി പഠിക്കാനുള്ള ഓപ്ഷനുകളുണ്ടെങ്കിലും മിക്ക വിദ്യാർഥികളും ഹിന്ദിയോ മറ്റ് ഭാഷകളോ ആണ് ഇഷ്ടപ്പെടുന്നത്. ഇതുമൂലം കുട്ടികൾ ബംഗാളി ശരിയായ രീതിയിൽ പഠിക്കുന്നില്ല'' മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പിടിഐയോട് പറഞ്ഞു. ആരോഗ്യ കമ്മീഷന്‍റെ മാതൃകയിൽ റിട്ടയേർഡ് ജഡ്ജി തലവനായി വിദ്യാഭ്യാസ കമ്മീഷൻ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് കാലത്ത് സ്വകാര്യ സ്‌കൂളുകൾ അമിതമായി ട്യൂഷൻ ഫീസ് വർധിപ്പിക്കുന്നതിനെക്കുറിച്ച് നിരവധി പരാതികൾ ലഭിച്ചു.കൂടാതെ, സിലബസ്, പരീക്ഷാ രീതി എന്നിവ സംബന്ധിച്ച് പരാതികൾ ഉണ്ടായിരുന്നു. ഈ പ്രശ്‌നങ്ങളെല്ലാം ഈ കമ്മീഷൻ പരിശോധിക്കുമെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.
ബംഗാളി രണ്ടാം ഭാഷയാക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്ത അഭിഭാഷക സംഘടനയായ ബംഗ്ലാ പോക്കോ മുഖ്യമന്ത്രിയെയും വിദ്യാഭ്യാസ മന്ത്രി ബ്രത്യ ബസുവിനെയും അഭിനന്ദിച്ചു.ബംഗാളിലെ ജനങ്ങൾ ഈ തീരുമാനത്തിനായി ഏറെ നാളായി കാത്തിരിക്കുകയായിരുന്നുവെന്ന് ബംഗാളി ഭാഷയെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രവർത്തിക്കുന്ന സംഘടനയുടെ സെക്രട്ടറി കൗസിക് മൈതി പറഞ്ഞു.സംസ്ഥാനത്ത് ഏഴ് പുതിയ ജില്ലകൾ രൂപീകരിക്കുന്നത് സംബന്ധിച്ച് അടുത്ത മൂന്ന് മാസത്തിനുള്ളിൽ സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കാൻ ഒരു കമ്മിറ്റി രൂപീകരിക്കാനും സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചു.നാദിയ, ബിർഭം, മാൾഡ, നോർത്ത് 24 പർഗാനാസ്, സൗത്ത് 24 പർഗാനാസ്, പുർബ, പശ്ചിമ മേദിനിപൂർ ജില്ലകളെ വിഭജിച്ചാണ് ഏഴ് ജില്ലകള്‍ രൂപീകരിക്കുന്നത്.