എനിക്ക് കുഴപ്പമൊന്നുമില്ല, നിങ്ങള്‍ വീട്ടിലേക്ക് പോകൂ; 11 ദിവസമായി തുരങ്കത്തിനുള്ളില്‍, പ്രതീക്ഷയോടെ തൊഴിലാളികള്‍
രക്ഷാപ്രവര്‍ത്തനം തടസ്സപ്പെട്ടെങ്കിലും പ്രതീക്ഷയോടെ കഴിയുകയാണ് തൊഴിലാളികള്‍
ഉത്തരകാശി: വെളിച്ചം കാണാതെ, പുറംലോകം കാണാതെ,പ്രിയപ്പെട്ടവരെ കാണാതെ നീണ്ട 11 ദിവസങ്ങള്‍. ഉത്തരാഖണ്ഡ് സില്‍ക്യാരയിലെ തകര്‍ന്ന തുരങ്കത്തില്‍ 41 തൊഴിലാളികള്‍ കുടുങ്ങിയിട്ട് ഒരാഴ്ചയിലധികമായി. ഇതിനിടയില്‍ രക്ഷാപ്രവര്‍ത്തനം തടസ്സപ്പെട്ടെങ്കിലും പ്രതീക്ഷയോടെ കഴിയുകയാണ് തൊഴിലാളികള്‍.
''ഞാന്‍ സുഖമായിരിക്കുന്നു. നിങ്ങള്‍ വീട്ടിലേക്ക് പോകൂ. ഞാൻ വരാം'' തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികളില്‍ ഒരാള്‍ സഹോദരനോട് പറഞ്ഞു. തൊഴിലാളികൾക്ക് പഴങ്ങളും മറ്റ് ഭക്ഷ്യവസ്തുക്കളും അയച്ചതായി തുരങ്കത്തില്‍ അകപ്പെട്ട തൊഴിലാളി പുഷ്കർ സിംഗ് യെറിയുടെ സഹോദരൻ വിക്രം സിംഗ് യെറി വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. തന്‍റെ സഹോദരൻ മൊബൈൽ ചാർജർ ആവശ്യപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗുഹാ മുഖങ്ങളിൽ നിന്ന് തിരശ്ചീനമായി സുരക്ഷാ പാത ഒരുക്കാനുള്ള തീവ്രശ്രമത്തിലാണ് അധികൃതർ. തുരങ്കത്തിൻ്റെ ഇരു വശങ്ങളിലും ഓഗർ മെഷീൻ ഉപയോഗിച്ചുള്ള തുരങ്കപാത ഒരുക്കുകയാണ് രക്ഷാപ്രവർത്തകർ. കഴിഞ്ഞ ദിവസം സ്ഥാപിച്ച 6 ഇഞ്ച് പൈപ്പ് വഴി കൂടുതൽ ഭക്ഷണ പദാർത്ഥങ്ങളും മരുന്നുകളും നൽകാൻ സാധിച്ചതായി അധികൃതർ അറിയിച്ചു.അതേസമയം, തൊഴിലാളികളെ രക്ഷിക്കാൻ വെർട്ടിക്കൽ ഡ്രില്ലിംഗ് നടത്താനുള്ള സ്ഥലം കണ്ടെത്തിയതായി നാഷണൽ ഹൈവേസ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷൻ (എൻഎച്ച്ഐഡിസിഎൽ) ഡയറക്ടർ പറഞ്ഞു.