"30 വർഷമായി ജീവിച്ചയിടം, ഇന്നങ്ങോട്ട് പോകുന്നത് ചിന്തിക്കാനാകില്ല": മണിപ്പൂരിൽ ഇന്നും ഉണങ്ങാത്ത മുറിവുകൾ

"സ്ത്രീകളായതിനാൽ അവരൊന്നും ചെയ്യില്ല എന്നായിരുന്നു വിശ്വാസം. എന്നാൽ, ഓടുന്നതിനിടെ കേട്ടത് കൂട്ട നിലവിളിയാണ് ഒപ്പം 'മൂന്ന് ആളുകളെ ഞങ്ങൾ കൊന്നു' എന്ന ആക്രോശവും....

Update: 2023-08-13 10:52 GMT
Editor : banuisahak | By : Web Desk
Advertising

മണിപ്പൂരിലെ കാങ്‌പോക്പിയി ജില്ലയിലെ താഴ്വരയിലാണ് സൈകുൽ എന്ന ചെറിയ പട്ടണം സ്ഥിതിചെയ്യുന്നത്. മണിപ്പൂർ സംസ്ഥാന നിയമസഭയിലെ പട്ടികവർഗക്കാർക്കുള്ള 46-ാമത് സംവരണ നിയമസഭാ മണ്ഡലം കൂടിയാണിത്. വിവിധ ഗോത്രങ്ങളാണ് ഇവിടുത്തെ താമസക്കാർ. കോം, വൈഫെ തുടങ്ങിയ വ്യത്യസ്ത കുക്കി ഗോത്രങ്ങളും ചെറിയ തോതിൽ ഇവിടെയുണ്ട്. കാങ്‌പോക്പിയിൽ നിന്ന് 28 കിലോമീറ്ററും ഇംഫാലിൽ നിന്ന് 35 കിലോമീറ്ററും അകലെ സ്ഥിതിചെയ്യുന്ന സൈകുലിൽ ജനസംഖ്യ ഏകദേശം ഏകദേശം 70,000 മാത്രമാണ്.

'ടൗണിലെ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ രണ്ട് ഡോക്ടർമാർ മാത്രമാണ് ഇപ്പോഴുള്ളത്. നേരത്തെ നാല് ഡോക്ടർമാർ ഉണ്ടായിരുന്നു, ഇതിൽ രണ്ടുപേർ മെയ്‌തികൾ ആയിരുന്നു. മെയ് ആദ്യം വംശീയ കലാപം പൊട്ടിപ്പുറപ്പെട്ടതിനാൽ സൈകുലിൽ നിന്ന് ഇവർക്ക് പുറത്തുപോകേണ്ടിവന്നു', ഇത്രയും പറഞ്ഞ് തങ്ഖോളാൽ തലതാഴ്ത്തി. ഭയവും നിസ്സഹായതയും അവന്റെ കണ്ണിൽ നിന്ന് വിട്ടുമാറിയിരുന്നില്ല. രണ്ടുമാസത്തോളമായി സൈകുലിലെ ചെറിയ വീട്ടിൽ നീതിക്കായി കാത്തിരിക്കുകയാണ് തങ്ഖോളാലും സഹോദരൻ ഹേമാംഗും. 

 ഇംഫാലിൽ നിന്ന് ജീവൻ കയ്യിൽ പിടിച്ച് എങ്ങോട്ടെന്നില്ലാതെ ഓടുമ്പോൾ കാതിൽ ഉയർന്നുകേട്ട അമ്മയുടെയും സഹോദരിമാരുടെയും നിലവിളികൾ ഇരുവരെയും ഇന്നും വേട്ടയാടുന്നുണ്ട്. ഇംഫാൽ വെസ്റ്റിലെ തഖെല്ലമ്പം ലെയ്‌കായിയിൽ 86 വയസ്സുള്ള അമ്മ വീനെം ചോങ്‌ലോയ്‌ക്കും രണ്ട് സഹോദരിമാരായ ഹെൽമ (50), ഹെക്കിം (47) എന്നിവർക്കുമൊപ്പമാണ് ഇരുവരും താമസിച്ചിരുന്നത്. ഏകദേശം 30 വർഷമായി ഇംഫാലിലെ ചെറിയ വാടക വീട്ടിൽ താമസിച്ചുവരികയായിരുന്നു കുടുംബം. മെയ് 4ന് തങ്ങളുടെ ജീവിതം എന്നെന്നേക്കുമായി മാറുന്നത് വരെ.

മെയ് 3 ന് മണിപ്പൂരിൽ വംശീയ കലാപം ആരംഭിച്ചു. കണ്ണിൽ കണ്ടതെല്ലാം കത്തിയെരിച്ച് കലാപകാരികൾ ഓരോ സ്ഥലത്തും നാശമുണ്ടാക്കിക്കൊണ്ടിരുന്നു. മെയ് 4ന് വീട് വിട്ട് പ്രാണരക്ഷാർത്ഥം ഓടുമ്പോൾ ഉടുത്തിരുന്ന വസ്ത്രം മാത്രമേ തങ്ഖോളാലിന്റെയും സഹോദരൻ ഹേമാംഗിന്റെയും പക്കൽ ഉണ്ടായിരുന്നുള്ളൂ. സംഭവം ഇരുവരും ഓർത്തെടുക്കുന്നത് ഇങ്ങനെ... 

 "മെയ് 4ന് രാത്രി 11 മണിയോടെ ഞങ്ങളുടെ പ്രാദേശിക എം‌എൽ‌എ ഫോണിൽ വിളിച്ചു. അദ്ദേഹം ഒരു മെയ്‌തിയാണ്. പുറത്തിറങ്ങരുത്, വാതിൽ അകത്ത് നിന്ന് പൂട്ടൂ എന്നായിരുന്നു നിർദേശം. ഞങ്ങൾ അത് അനുസരിച്ചു. പിന്നാലെ, മെയ്തേയ് സമുദായത്തിൽപ്പെട്ട വനിതാ വിജിലൻസ് ആയ 'മീരാ പൈബിസ്' ഞങ്ങളുടെ വീട്ടിൽ വന്ന് വാതിൽ തുറക്കാൻ ആവശ്യപ്പെട്ടു. എംഎൽഎ വിളിച്ച കാര്യവും സാഹചര്യവും അവരോട് ഞങ്ങൾ പറഞ്ഞു. വീണ്ടും എംഎൽഎയെ വിളിക്കാനാണ് അവർ ആവശ്യപ്പെട്ടത്. എന്നാൽ, എംഎൽഎ കോൾ എടുത്തില്ല. തുടർന്ന്, മീരാ പൈബിസ് ഒരു ആൾക്കൂട്ടത്തെ വിളിച്ചുചേർക്കുകയായിരുന്നു."; തങ്ഖോളാൽ ദി വയറിനോട് പറഞ്ഞു.

ബഹളം കേട്ടയുടൻ തന്നെ സ്ഥിതി വഷളായെന്ന് മനസിലായി. അമ്മക്ക് കാന്നുകാണില്ല, അതിനാൽ സഹോദരിമാർ അമ്മയ്‌ക്കൊപ്പം വീട്ടിൽ തന്നെ നിൽക്കാൻ തീരുമാനിച്ചു. ഞങ്ങളോട് ഓടി രക്ഷപെടാൻ പറഞ്ഞു. സ്ത്രീകളായതിനാൽ അവരൊന്നും ചെയ്യില്ല എന്നായിരുന്നു വിശ്വാസം. എന്നാൽ, ഓടുന്നതിനിടെ കേട്ടത് കൂട്ട നിലവിളിയാണ് ഒപ്പം 'മൂന്ന് ആളുകളെ ഞങ്ങൾ കൊന്നു" എന്ന ആക്രോശവും. മൂർച്ചയുള്ള ആയുധങ്ങൾ ഉപയോഗിച്ച് അവർ സഹോദരിമാരുടെ മുഖം വികൃതമാക്കിയിരുന്നു. അമ്മയ്ക്ക് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും സഹോദരങ്ങൾ പറയുന്നു. 

 തങ്ഖോലാലും ഹേമംഗും ആദ്യം മറ്റൊരു സഹോദരിയുടെ വീട്ടിലാണ് അഭയം തേടിയത്. എന്നാൽ, ജനക്കൂട്ടം അവിടെയും എത്തിയതോടെ മറ്റൊരു മൈതേയി സുഹൃത്തിന്റെ വീട്ടിൽ അഭയം തേടി. അവിടെയും രക്ഷയില്ലാതെ വന്നതോടെ ലാംഫെൽ ബാപ്റ്റിസ്റ്റ് ചർച്ച് ആയിരുന്നു ലക്‌ഷ്യം. കുറച്ച് സമയം അവിടെ ചെലവഴിച്ചെങ്കിലും അക്രമികൾ പള്ളികളും കത്തിക്കുന്നതായി വിവരമറിഞ്ഞു. തുടർന്ന്, സ്ഥലം വിട്ട് മറ്റൊരു മെയ്തി സുഹൃത്തിന്റെ വീട്ടിൽ അഭയം പ്രാപിച്ചു. തുടർന്ന് ഇംഫാൽ വെസ്റ്റ് പോലീസ് സൂപ്രണ്ട് ഇവരെ രക്ഷിച്ച് മണിപ്പൂർ റൈഫിൾസ് ബറ്റാലിയനിലേക്ക് കൊണ്ടുപോവുകയായിരുന്നു. 

മെയ് 5 ന്  മെയ്തെയി സമുദായക്കാരനായ വീട്ടുടമസ്ഥനെ വിളിച്ച് അമ്മയും സഹോദരിമാരും ജീവനോടെയുണ്ടോ എന്ന് അന്വേഷിച്ചിരുന്നു. എന്നാൽ, ‘ചുരാചന്ദ്പൂരിൽ ഒരു മെയ്തേയ് സ്ത്രീ കൊല്ലപ്പെട്ടതായി നിങ്ങൾക്കറിയാമോ?’ എന്ന് അയാൾ രൂക്ഷമായി ചോദിച്ചു. അതിന് ശേഷം അയാളോട് ഒന്നും പറയാൻ സാധിച്ചില്ലെന്ന് ഹേമാംഗ് പറയുന്നു. അവർ കൊല്ലപ്പെട്ടെന്ന് ഉറപ്പായിരുന്നെങ്കിലും ചെറിയൊരു പ്രതീക്ഷ ഉണ്ടായിരുന്നത് കൊണ്ടാണ് വിളിച്ച് അന്വേഷിച്ചത്. 

 മണിപ്പൂർ റൈഫിൾസ് ക്യാമ്പിൽ ഏഴു ദിവസം ചെലവഴിച്ച ഇവരെ അസം റൈഫിൾസിലെ സൈനികർ കാങ്‌പോക്പിയിൽ എത്തിച്ചു. ഇവിടെ നിന്ന് സൈകുലിൽ എത്തുകയായിരുന്നു. സഹോദരങ്ങൾ കുടുംബമായി താമസിച്ചിരുന്ന പ്രദേശം മെയ്തി ആധിപത്യമുള്ള പ്രദേശമായിരുന്നു. വർഷങ്ങളായി അവിടെ താമസിക്കുന്ന ഏക കുക്കി കുടുംബമായിരുന്നു അവർ. മണിപ്പൂരിന്റെ ഉപമുഖ്യമന്ത്രിയും പോലീസ് ഡയറക്ടർ ജനറലുമായി വിരമിച്ച യംനം ജോയ്കുമാർ സിംഗ് ഇതേ പ്രദേശത്താണ് താമസിക്കുന്നത്.

ഈ മൂന്ന് സ്ത്രീകളെ കൊലപ്പെടുത്തിയത് 'അറമ്പായി തെങ്കോൽ' (മണിപ്പൂരിലെഒരുമെയ്തേയ് സാമൂഹിക-സാംസ്കാരിക സംഘടനയാണ് അറമ്പായി തെങ്കോൽ) ആണെന്ന് നാട്ടുകാർ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നെങ്കിലും പോലീസ് കണ്ണടച്ചു.മെയ് 17 ന് രാവിലെ 9 മണിക്ക് സൈകുലിൽ എത്തിയതിന് ശേഷമാണ് സഹോദരങ്ങൾ എഫ്‌ഐആർ ഫയൽ ചെയ്തത്. സൈകുലിൽ ഫയൽ ചെയ്ത സീറോ എഫ്‌ഐആർ ആയിരുന്നു അത്.

 വീനെം ചോങ്‌ലോയ്, ഹേലം ചോങ്‌ലോയ്, ഹെക്കിം ചോങ്‌ലോയ് എന്നിവരെ മൂർച്ചയുള്ള വസ്തുക്കളും തോക്കുകളും ഉപയോഗിച്ച് കൊലപ്പെടുത്തിയെന്നാണ് എഫ്ഐആർ. ഐപിസി 302/34 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഹേമാംഗ് നൽകിയ പരാതിയിൽ, "മീതേയ് ലീപുൺ, കംഗ്ലീപക് കൻബ ലുപ്പ് (കെകെഎൽ), അറമ്പായി തെങ്കോൽ, വേൾഡ് മെയ്‌തേയ് കൗൺസിൽ (ഡബ്ല്യുഎംസി), ഷെഡ്യൂൾ ട്രൈബ് ഡിമാൻഡ് കമ്മറ്റി (വി.എം.സി.) തുടങ്ങിയ മെയ്തെയി യുവജന സംഘടനകളിൽ പെട്ടവരാണ് പ്രതികളെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 

ഇരുനൂറോളം ആളുകൾ ഉണ്ടായിരിക്കുന്നുവെന്നും പരാതിയിൽ പറയുന്നു. കൊലപാതകത്തിന് ശേഷം ആഭരണങ്ങൾ, ഫർണിച്ചറുകൾ, ഇലക്ട്രോണിക് വസ്തുക്കൾ, ആഭരണങ്ങൾ, പാത്രങ്ങൾ, പ്രധാന രേഖകൾ, വസ്ത്രങ്ങൾ, ഭക്ഷണം, ധാന്യങ്ങൾ എന്നിവയുൾപ്പെടെ എല്ലാ വീട്ടുപകരണങ്ങളും കൊള്ളയടിച്ചതായി സഹോദരങ്ങളുടെ പരാതിയിൽ പറയുന്നു. പതിനഞ്ച് ലക്ഷത്തോളം വിലവരുന്ന ധാന്യങ്ങളാണ് പ്രതികൾ കവർന്നതെന്നും പരാതിയിലുണ്ട്. 

സിബിഐയാണ് ഇപ്പോൾ കേസ് അന്വേഷിക്കുന്നത്. മൂന്ന് സ്ത്രീകളുടെയും മൃതദേഹങ്ങൾ ഇംഫാലിലെ റിംസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സൈകുൽ പൊലീസ് സ്റ്റേഷനിൽ 217 എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പരാതിക്കാരെ ഇംഫാലിലെ പോലീസ് സ്റ്റേഷനുകളിലേക്ക് അയച്ചിട്ടുണ്ട്. 

അതേസമയം, മണിപ്പൂർ സർക്കാർ തന്നെയാണ് പ്രധാന കുറ്റവാളിയെന്ന് പൊലീസിന് നേരത്തെ തന്നെ അറിയാമെന്ന് കുക്കി സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ നേതാവ് ഗൗപു ആരോപിച്ചു. കുക്കി സമുദായത്തിൽപ്പെട്ട ഡിജിപി പി. ഡൂംഗലിനെ ജൂണിൽ ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി (ഹോം) ആയി സ്ഥലം മാറ്റി, പകരം രാജീവ് സിങ്ങിനെ നിയമിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു ഗൗപുവിന്റെ ആരോപണം. 

 

മെയ് നാലിന് രാത്രി ഇംഫാൽ ഈസ്റ്റിലെ ഒരു ഫർണിച്ചർ കടയിൽ ജോലി ചെയ്തിരുന്ന രണ്ട് കുക്കി പുരുഷന്മാരായ ലെറ്റ്ഗുൻചോൺ ടൗതാങ് (18), താങ്‌മിലൻ വൈഫെയ് (32) എന്നിവരെ തോക്കുകളും മറ്റ് മാരകായുധങ്ങളും ഉപയോഗിച്ച് ക്രൂരമായി കൊലപ്പെടുത്തിയത് സൈകുലിലെ മറ്റൊരു എഫ്‌ഐആറിൽ വ്യക്തമാക്കിയിട്ടുണ്ട്. ഈ കേസിലും മെയ്തെയി സംഘടനയിലെ അംഗങ്ങൾ പ്രതികളാണെന്ന് എഫ്‌ഐആറിൽ പറയുന്നു. 

 “അന്ന് ആളുകൾ ഞങ്ങളുടെ ഐഡി കാർഡുകൾ പരിശോധിക്കുന്നുണ്ടായിരുന്നു. ഞങ്ങൾ എട്ടുപേരാണ് ഉണ്ടായിരുന്നത്. മൂന്ന് കുക്കികളും, രണ്ടുപേർ യുപിയിൽ നിന്നുള്ളവരും.  കുക്കി ആണെന്നറിഞ്ഞ് അവർ മൂന്നുപേരെയും കൊന്നുകളഞ്ഞു"; ഇരുവരുടെയും കൊലപാതകം ക്യാമറയിൽ പകർത്തിയ ഉത്തർപ്രദേശിൽ നിന്നുള്ള 36 കാരനായ ശിവപ്രസാദ് പറയുന്നു.

ഇങ്ങനെ നിരവധി സീറോ എഫ്ഐആറുകളാണ് മണിപ്പൂരിലെ വിവിധയിടങ്ങളിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. എന്നെങ്കിലും നീതി കിട്ടുമെന്ന പ്രതീക്ഷയിൽ പ്രിയപ്പെട്ടവരുടെ മരണം മുന്നിൽ കണ്ട ചിലരും ഇവിടെ ജീവിക്കുന്നു...

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News