ബി.ജെ.പിക്ക് തലവേദനയായ ഗവര്‍‌ണര്‍; ആരാണീ സത്യപാല്‍ മാലിക്

സ്വന്തം പാര്‍ട്ടിയാണെങ്കില്‍ പോലും തനിക്ക് സത്യമെന്ന് തോന്നുന്ന കാര്യങ്ങള്‍ മുഖം നോക്കാതെ പറയുന്ന ആളാണ് മേഘാലയ ഗവര്‍ണര്‍ സത്യപാല്‍ മാലിക്

Update: 2022-01-03 08:14 GMT
Advertising

സ്വന്തം പാര്‍ട്ടിയാണെങ്കില്‍ പോലും തനിക്ക് സത്യമെന്ന് തോന്നുന്ന കാര്യങ്ങള്‍ മുഖം നോക്കാതെ പറയുന്ന ആളാണ് മേഘാലയ ഗവര്‍ണര്‍ സത്യപാല്‍ മാലിക്. കേന്ദ്രസര്‍ക്കാരിനെതിരെയും പ്രധാനമന്ത്രിക്കെതിരെയും നിരന്തരം വിമര്‍ശനങ്ങള്‍ ഉയര്‍ത്താറുള്ള കഴിഞ്ഞ ദിവസവും മാലിക് മോദിയെ കടന്നാക്രമിച്ചിരുന്നു. മോദിക്ക് ധാര്‍ഷ്ട്യമെന്നായിരുന്നു മാലികിന്‍റെ വിമര്‍ശനം. പ്രധാനമന്ത്രിയുമായി കര്‍ഷകസമരം ചര്‍ച്ച ചെയ്യാന്‍ പോയിരുന്നുവെന്നും എന്നാല്‍ അഞ്ചു മിനിറ്റിനുള്ളില്‍ തര്‍ക്കിച്ചു പിരിയുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു. 500 കര്‍ഷകര്‍ കര്‍ഷകര്‍ മരിച്ചുവെന്ന് അറിയിച്ചപ്പോള്‍ അവരെനിക്ക് വേണ്ടിയിട്ടാണോ മരിച്ചത് എന്ന പ്രധാനമന്ത്രിയുടെ മറുചോദ്യമാണ് മാലികിനെ ചൊടിപ്പിച്ചത്. തുടര്‍ന്ന് ഹരിയാനയിലെ ദാദ്രിയില്‍ നടന്ന പൊതുപരിപാടിയില്‍ മോദിക്കെതിരെ അദ്ദേഹം ആഞ്ഞടിക്കുകയും ചെയ്തു.

വിവാദപ്രസ്താവനകളുടെ പേരിലാണ് മാലിക് എപ്പോഴും മാധ്യമങ്ങളില്‍ ഇടംപിടിച്ചുകൊണ്ടിരുന്നത്. കര്‍ഷകസമരത്തെ പിന്തുണച്ച ബി.ജെ.പി നേതാവെന്ന നിലയിലും ശ്രദ്ധ നേടി. പടിഞ്ഞാറന്‍ യുപിയില്‍ സ്വാധീനമുള്ള കര്‍ഷകനേതാവായ സത്യപാല്‍ മാലിക് കര്‍ഷകരെ പിന്തുണച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ. അഴിമതി കണ്ടാല്‍ തനിക്ക് വെറുതെയിരിക്കാന്‍ സാധിക്കില്ലെന്നും ശബ്ദമുയര്‍ത്തുമെന്നും 75 കാരനായ മാലിക് മുന്‍പ് വ്യക്തമാക്കിയിട്ടുണ്ട്. സത്യപാലിന്‍റെ തുറന്ന സമീപനം വിമര്‍ശകരെപ്പോലും അത്ഭുതപ്പെടുത്തുന്നുണ്ട്.

വന്നത് പല പാര്‍ട്ടികളിലൂടെ, 2004ല്‍ ബി.ജെ.പിയില്‍

1946 ജൂലൈ 24ന് ഉത്തര്‍പ്രദേശിലെ ബാഗ്പതിലുള്ള ഹിസാവാദ ഗ്രാമത്തിലാണ് മാലിക് ജനിച്ചത്. ജാട്ട് കുടുംബമായിരുന്നു മാലികിന്‍റേത്. മീററ്റ് സര്‍വകലാശാലയില്‍ നിന്നും നിയമബിരുദം നേടിയ മാലിക് തുടര്‍ന്നാണ് രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത്.

മുൻ പ്രധാനമന്ത്രിയും യുപി മുഖ്യമന്ത്രിയുമായിരുന്ന ചൗധരി ചരൺസിങ് 1967ൽ രൂപീകരിച്ച ഭാരതീയ ക്രാന്തിദൾ പാർട്ടിയിലൂടെയാണ് സത്യപാൽ മാലിക് രാഷ്ട്രീയത്തിലേക്ക് ചുവട് വയ്ക്കുന്നത്. മീററ്റില്‍ നിന്നും 1974ൽ അദ്ദേഹം എം.എൽ.എ ആയി. 1974ൽ ചരൺസിങ് ഭാരതീയ ലോക് ദളുണ്ടാക്കിയപ്പോൾ പാര്‍ട്ടിയില്‍ ചേര്‍ന്നു രാജ്യസഭാംഗമായി. 1984ൽ കോൺഗ്രസിൽ ചേർന്നു. അവിടെയും രാജ്യസഭാംഗമായി.

ബോഫോഴ്സ് ആരോപണവും വി.പി.സിങിന്‍റെ നേതൃത്വത്തിലുള്ള വിമത നീക്കവുമായപ്പോൾ കോൺഗ്രസ് വിട്ട് സിങിനൊപ്പം ജനതാദളിലെത്തി. 2004ലാണ് മാലിക് ബി.ജെ.പിയിലെത്തിയത്. മോദി സര്‍ക്കാര്‍ എല്ലാ സ്ഥാനമാനങ്ങളും നല്‍കി അദ്ദേഹത്തെ സന്തോഷിപ്പിച്ചു. മോദി സർക്കാരിൽ ടൂറിസം, പാർലമെന്‍റികാര്യ മന്ത്രിയായി. തുടര്‍ന്ന് പാർട്ടിയുടെ ദേശീയ വൈസ് പ്രസിഡന്‍റ്, കർഷകമോർച്ചയുടെ ചുമതലക്കാരന്‍. 2017 മുതൽ ഗവർണറുമായി. 2020ലാണ് മാലിക് മേഘാലയ ഗവര്‍ണറാകുന്നത്.

വിവാദങ്ങളുടെ ഉറ്റതോഴന്‍

നാലു സംസ്ഥാനങ്ങളിലാണ് സത്യപാല്‍ മാലിക് ഗവര്‍ണറായി സേവനമനുഷ്ഠിച്ചത്. ഇക്കാലങ്ങളിലെല്ലാം വിവാദങ്ങളുടെ രൂപത്തില്‍ അദ്ദേഹം വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. 2017ൽ ബിഹാറിലായിരുന്നു ആദ്യം ഗവര്‍ണറായത്. 2018 ആഗസ്ത് മുതൽ 2019 ഒക്ടോബർ വരെ ജമ്മു കശ്മീരിന്‍റെ ഗവർണറായിരുന്നു സത്യപാൽ മാലിക്. അദ്ദേഹത്തിന്‍റെ ഭരണകാലത്ത്, ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കാനും ഈ പ്രദേശം രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കാനും 2019 ആഗസ്തില്‍ തീരുമാനമെടുത്തു. 2019 നവംബർ മുതൽ 2020 ആഗസ്ത് 18 വരെ അദ്ദേഹം ഗോവ ഗവർണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2020 ആഗസ്ത് 20ന് മേഘാലയ ഗവർണറായി മാലിക് സത്യപ്രതിജ്ഞ ചെയ്തു.

ജമ്മുകശ്മീര്‍ ഗവര്‍ണറായിരുന്ന സമയത്ത് അംബാനിയുടെയും ആര്‍.എസ്.എസ് ബന്ധമുള്ള ആളുടെയും ഫയലുകള്‍ തീര്‍പ്പു കല്‍പ്പിക്കാന്‍ 300 കോടി രൂപ കൈക്കൂലി വാഗ്‌ദാനം ചെയ്തുവെന്ന വെളിപ്പെടുത്തലുമായി സത്യപാല്‍ മാലിക് രംഗത്തെത്തിയിരുന്നു. കശ്മീര്‍ ഗവര്‍ണറായിരുന്ന സമയത്ത് രണ്ട് ഫയലുകള്‍ തന്‍റെ മുന്നിലെത്തി, അതില്‍ ഒന്ന് അംബാനിയുടേയും മറ്റൊന്ന് ആര്‍എസ്എസുമായി ബന്ധമുള്ള പി.ഡി.പി-ബി.ജെ.പി സഖ്യ സര്‍ക്കാരില്‍ മന്ത്രിയായിരുന്ന വ്യക്തിയുടേതുമായിരുന്നു. പ്രധാനമന്ത്രിയുമായി അടുത്ത ബന്ധമുണ്ടെന്നാണ് ഇയാള്‍ അന്ന് അറിയിച്ചത്. എന്നാല്‍ താന്‍ രണ്ട് ഇടപാടുകളും റദ്ദാക്കുകയായിരുന്നു. രാജസ്ഥാനിലെ ജുന്‍ജുനുവില്‍ നടന്ന ഒരു പൊതുപരിപാടിയിലാണ് മാലിക് ഇക്കാര്യം വെളിപ്പെടുത്തിയത്. ഒടുവില്‍ സംഭവം വിവാദമായപ്പോള്‍ ആർ.എസ്.എസിന്‍റെ പേരു പറഞ്ഞതിൽ മാലിക് മാപ്പുമായി രംഗത്തെത്തിയിരുന്നു.

രാജ്യത്ത് ഏറ്റവും കൂടുതല്‍ അഴിമതിയുള്ളത് കശ്മീരിലാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തു കളയുന്നതിനെയും അദ്ദേഹം എതിര്‍ത്തിരുന്നു. കശ്മീരില്‍ തുടര്‍ച്ചയായ ലോക്ഡൌണുകള്‍ ഉണ്ടായപ്പോള്‍ ശ്രീനഗറിലെത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ തന്‍റെ ക്ഷണത്തെ രാഷ്ട്രീയവൽക്കരിക്കാൻ ശ്രമിക്കുന്നുവെന്ന് പറഞ്ഞ് വിമാനത്താവളത്തിൽനിന്ന് പുറത്തിറക്കാതെ തിരികെ ഡല്‍ഹിയിലേക്ക് മടക്കി അയച്ചു. തുടര്‍ന്നാണ് മാലികിനെ ഗോവയിലേക്ക് സ്ഥലം മാറ്റിയത്. അവിടെയും സര്‍ക്കാരിന് തലവേദന ആയപ്പോള്‍ മേഘാലയയുടെ ഗവര്‍ണറാക്കി. എന്നാല്‍ അവിടെയും മിണ്ടാതിരിക്കാന്‍ മാലികിന് സാധിച്ചില്ല. കര്‍ഷകസമരത്തിന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് മാലിക് രംഗത്തെത്തി.

ഗോവയിലെ ബി.ജെ.പി സര്‍ക്കാരിനെതിരെ

ഒന്നു തീരുമ്പോള്‍ അടുത്ത വിവാദത്തിന് തിരികൊളുത്തുകയാണ് മാലികിന്‍റെ പതിവ്. കശ്മീര്‍ വിവാദം കഴിഞ്ഞപ്പോള്‍ മാലിക് തിരിഞ്ഞത് ഗോവയിലേക്കാണ്. ഗോവ സര്‍ക്കാരിന്‍റെ മുഴുവന്‍ പ്രവര്‍ത്തനങ്ങളിലും അഴിമതിയാണെന്നായിരുന്നു മാലികിന്‍റെ ആരോപണം. അഴിമതി ചൂണ്ടിക്കാട്ടിയതിന്‍റെ പേരിലാണ് ഗോവയിലെ തന്‍റെ ഗവര്‍ണര്‍ കസേര തെറിച്ചതെന്നും മാലിക് ആരോപിച്ചു. റേഷന്‍ സാധനങ്ങള്‍ വീട്ടുപടിക്കലെത്തിക്കുകയെന്ന ഗോവന്‍ സര്‍ക്കാരിന്‍റെ പദ്ധതി അപ്രായോഗികമായിരുന്നുവെന്നും സര്‍ക്കാരിന് പണം നല്‍കിയ കമ്പനിയുടെ നിര്‍ബന്ധ ബുദ്ധിയാണ് പദ്ധതി നടപ്പാക്കിയതിനു പിന്നിലെന്നുമായിരുന്നു മാലികിന്‍റെ വിമര്‍ശനം.

കര്‍ഷകര്‍ക്ക് വേണ്ടി സ്ഥാനമൊഴിയാനും തയ്യാര്‍

കര്‍ഷകര്‍ക്കും കര്‍ഷകസമരത്തിനും വേണ്ടി നിരന്തരം ശബ്ദമുയര്‍ത്തിയ നേതാവായിരുന്നു സത്യപാല്‍ മാലിക്. കര്‍ഷകരുടെ ആവശ്യങ്ങള്‍ നടപ്പാക്കിയില്ലെങ്കില്‍ ബി.ജെ.പി ഇനി അധികാരത്തില്‍ തിരിച്ചുവരില്ലെന്ന മാലികിന്‍റെ പ്രസ്താവന വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. കര്‍ഷകരെ പിന്തുണച്ചതിന്‍റെ ഭാഗമായി കേന്ദ്രം ആവശ്യപ്പെട്ടാല്‍ ഗവര്‍ണര്‍ സ്ഥാനം ഒഴിയാന്‍ തയ്യാറാണെന്നായിരുന്നു മാലികിന്‍റെ പിന്നീടുള്ള പ്രസ്താവന. "കര്‍ഷക വിഷയത്തില്‍ ഞാനെന്തെങ്കിലും പറഞ്ഞാല്‍ അത് വിവാദങ്ങള്‍ക്ക് തിരികൊളുത്തും. ഡല്‍ഹിയില്‍ നിന്നുള്ള വിളിക്കായി ഞാന്‍ കാത്തിരിക്കുകയാണ്. ഒരു ഗവര്‍ണര്‍ ഒരിക്കലും സ്ഥാനത്തുനിന്ന് നീക്കം ചെയ്യപ്പെടരുത്. അതിനേക്കുറിച്ച് ഞാനെന്തെങ്കിലും പറയാനായി എന്‍റെ അഭ്യുദയകാംക്ഷികള്‍ കാത്തിരിക്കുകയാണ്. ഡല്‍ഹിയിലുള്ളവര്‍ പറയുന്ന ദിവസം ഞാന്‍ ഗവര്‍ണര്‍ സ്ഥാനം ഒഴിഞ്ഞിരിക്കും", ഇതായിരുന്നു സത്യപാലിന്‍റെ വാക്കുകള്‍. '600 പേരാണ് ഈ കര്‍ഷക മുന്നേറ്റത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടത്. ഡല്‍ഹിയില്‍ ഒരു മൃഗം മരിച്ചാല്‍ പോലും നേതാക്കള്‍ അനുശോചനവുമായി എത്തും. പക്ഷെ മരിച്ച 600 പേര്‍ക്കായി അവര്‍ ഒന്നും ചെയ്യുന്നില്ല', അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശിലെ പല ഗ്രാമങ്ങളിലും ഇപ്പോള്‍ ബി.ജെ.പി നേതാക്കള്‍ക്ക് പ്രവേശിക്കാന്‍ പോലും കഴിയില്ലെന്നും മാലിക് പറഞ്ഞിരുന്നു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - ജെയ്സി തോമസ്

contributor

Similar News