കോവാക്‌സിന് ഈ ആഴ്ച ലോകാരോഗ്യ സംഘടനയുടെ അംഗീകാരം കിട്ടിയേക്കും
സിഡിഎസ്ഒ യുടെ മൂന്നാം ഘട്ട ക്ലിനിക്കല്‍ ട്രയല്‍ ഡേറ്റ പ്രകാരം 77.8 ശതമാനമാണു കോവാക്‌സിന്റെ ഫലപ്രാപ്തി
ഭാരത് ബയോടെക്കിന്റെ കോവിഡ് വാക്‌സീനായ കോവാക്‌സിന് ഈ ആഴ്ച ലോകാരോഗ്യ സംഘടന അംഗീകാരം നല്‍കിയേക്കും. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് ഇതുമായി സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇന്ത്യയുടെ തദ്ദേശീയ വാക്‌സീനാണു കോവാക്‌സിന്‍. ജനുവരിയില്‍ കോവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചതു മുതല്‍ കോവാക്‌സിനു ലോകാരോഗ്യ സംഘടനയുടെ അംഗീകാരം കിട്ടാന്‍ ഇന്ത്യ ശ്രമിക്കുന്നുണ്ട്.
ലോകാരോഗ്യ സംഘടനയുടെ പാനല്‍ അടിയന്തര ഉപയോഗാനുമതി പട്ടികയില്‍ കോവാക്‌സിനെ ഉടനെ ഉള്‍പ്പെടുത്തുമെന്ന് നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു. ലോകാരോഗ്യ സംഘടന അടിയന്തര ഉപയോഗാനുമതി നല്‍കിയാല്‍ കോവാക്‌സിന്‍ എടുത്തവര്‍ക്ക് സ്വതന്ത്രമായി യാത്ര ചെയ്യാനാകും. കോവാക്‌സിന്റെ രോഗപ്രതിരോധശേഷി, സുരക്ഷ, ഫലപ്രാപ്തി എന്നീ ഡേറ്റകള്‍ വിലയിരുത്തിയാകും ലോകാരോഗ്യ സംഘടന അനുമതി നല്‍കുക.
സിഡിഎസ്ഒ യുടെ മൂന്നാം ഘട്ട ക്ലിനിക്കല്‍ ട്രയല്‍ ഡേറ്റ പ്രകാരം 77.8 ശതമാനമാണു കോവാക്‌സിന്റെ ഫലപ്രാപ്തി. അതേസമയം, കോവാക്‌സിന്‍ വളരെ മികച്ചതാണ് എന്ന് ലോകാരോഗ്യ സംഘടനയുടെ വാക്‌സീന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ മരിയന്‍ഗെല സിമാവോ അഭിപ്രായപ്പെട്ടിരുന്നു.