കോവാക്സിന് ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിക്കാന്‍ വൈകും
പ്രതിരോധ കുത്തിവെപ്പുകളുമായി ബന്ധപ്പെട്ട വിദഗ്ധസമിതി യോഗത്തിനു ശേഷമാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാവുക.
കോവിഡ് പ്രതിരോധ വാക്സിനായ കോവാക്സിന് ലോകാരോഗ്യ സംഘടന (ഡബ്ല്യൂ.എച്ച്.ഒ) യുടെ അനുമതി ലഭിക്കാൻ വൈകുമെന്ന് സൂചന. പ്രതിരോധ കുത്തിവെപ്പുകളുമായി ബന്ധപ്പെട്ട വിദഗ്ധസമിതി യോഗത്തിനു ശേഷമാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാവുകയെന്നാണ് റിപ്പോര്‍ട്ട്. ഒക്ടോബർ അഞ്ചിനാണ് ലോകാരോഗ്യ സംഘടന വിദഗ്ധസമിതി യോഗം ചേരുക.
ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ച വാക്സിനുകളിലൊന്നാണ് ഭാരത് ബയോടെക്ക് നിർമിക്കുന്ന കോവാക്സിന്‍. ജൂലൈ ഒമ്പതിന് തന്നെ കോവാക്സിൻ ലോകാരോഗ്യ സംഘടനയുടെ അനുമതിക്കായി അപേക്ഷ നല്‍കിയിരുന്നുവെന്നാണ് കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയില്‍ വ്യക്തമാക്കിയത്.
കോവാക്സിന് ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിക്കാത്തത് മൂലം പല രാജ്യങ്ങളും വാക്സിനെ അംഗീകരിച്ചിട്ടില്ല. ഇതുമൂലം വിവിധ രാജ്യങ്ങളിലേക്ക് പോകേണ്ട പ്രവാസികള്‍ ഉള്‍പ്പെടെ ദുരിതത്തിലാണ്.