'കോൺഗ്രസ് എന്തിനാണ് ഭഗവാൻ ശ്രീരാമനെ ഇത്രമാത്രം വെറുക്കുന്നത്'; ചോദ്യമുന്നയിച്ച് ഹാർദിക് പട്ടേൽ
രാമക്ഷേത്രത്തിന്റെ ഇഷ്ടികകളിൽ നായ മൂത്രമൊഴിക്കുകയാണെന്ന ഗുജറാത്തിലെ കോൺഗ്രസ് നേതാവിന്റെ പരാമർശത്തിനു പിന്നാലെയാണ് ഹാർദിക് പട്ടേലിന്റെ ചോദ്യം
കോൺഗ്രസ് എന്തിനാണ് ഹിന്ദുക്കളെയും ഭഗവാൻ ശ്രീരാമനെയും ഇത്രമാത്രം വെറുക്കുന്നത് എന്ന ചോദ്യമുന്നയിച്ച് കോൺഗ്രസ് പാർട്ടി വിട്ട ഹാർദിക് പട്ടേൽ. ചോദ്യമുന്നയിച്ചതിനു പിന്നാലെ കോൺഗ്രസിനെ അദ്ദേഹം കടന്നാക്രമിക്കുകയും ചെയ്തു. രാമക്ഷേത്രത്തിന്റെ ഇഷ്ടികകളിൽ നായ മൂത്രമൊഴിക്കുകയാണെന്ന ഗുജറാത്തിലെ കോൺഗ്രസ് നേതാവിന്റെ പരാമർശത്തിനു പിന്നാലെയാണ് ഹാർദിക് പട്ടേലിന്റെ പ്രതികരണം. ജനങ്ങളുടെ മതവികാരം വ്രണപ്പെടുത്താനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും ഹിന്ദു മതവിശ്വാസത്തെ തകർക്കാൻ അവർ നിരന്തരം ശ്രമിച്ചുവെന്ന കാര്യം താൻ മുന്നേ വ്യക്തമാക്കിയിരുന്നുവെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
''ശ്രീരാമനുമായി നിങ്ങൾക്ക് എന്ത് ശത്രുതയാണുള്ളത്? എന്തിനാണ് ഹിന്ദുക്കളെ ഇത്രയധികം വെറുക്കുന്നത്? നൂറ്റാണ്ടുകൾക്ക് ശേഷം അയോധ്യയിൽ ശ്രീരാമന്റെ ക്ഷേത്രം പണിയുന്നു, എന്നിട്ടും കോൺഗ്രസ് നേതാക്കൾ അതിനെതിരെ പ്രസ്താവനകൾ നടത്തുകയാണ്'', ഹാർദിക് പട്ടേൽ കൂട്ടിച്ചേർത്തു.
മെയ് 18 നാണ് കോൺഗ്രസ് പാർട്ടിയുടെ എല്ലാ സ്ഥാനങ്ങളിൽ നിന്നും രാജിവെക്കുകയാണെന്ന കാര്യം ഹാർദിക് പട്ടേൽ ട്വിറ്ററിലൂടെ അറിയിച്ചത്. ധൈര്യം സംഭരിച്ച് ഗുജറാത്ത് കോൺഗ്രസ് കമ്മിറ്റി വർക്കിംഗ് പ്രസിഡന്റ് സ്ഥാനവും കോൺഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വവും രാജിവച്ചു എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. തന്റെ തീരുമാനത്തെ സഹപ്രവർത്തകരും ഗുജറാത്തിലെ ജനങ്ങളും സ്വാഗതം ചെയ്യുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഭാവിയിൽ ഗുജറാത്തിനായി ആത്മാർത്ഥമായി പ്രവർത്തിക്കാൻ തനിക്ക് കഴിയുമെന്നും പട്ടേൽ ട്വീറ്റ് ചെയ്തു.