ബിജെപി ഉടക്കി; ഐടി സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ സ്ഥാനത്തു നിന്ന് തരൂർ തെറിച്ചതിങ്ങനെ
17-ാം ലോക്‌സഭയിലെ ഏറ്റവും ചടുലമായ സ്റ്റാൻഡിങ് കമ്മിറ്റികളിലൊന്നാണ് തരൂരിന്റെ നേതൃത്വത്തിലുള്ളത്
ന്യൂഡൽഹി: പാർലമെന്റിന്റെ കമ്യൂണിക്കേഷൻ ആൻഡ് ഐടി സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ സ്ഥാനത്തു നിന്ന് ഡോ. ശശി തരൂരിനെ നീക്കിയതിന് പിന്നിൽ ആസൂത്രിത ബിജെപി നീക്കം. ഡോ. നിഷികാന്ത് ദുബെയുടെ നേതൃത്വത്തിലുള്ള ചില ബിജെപി അംഗങ്ങൾ ഏറെക്കാലമായി ആവശ്യപ്പെടുന്നതാണിത്. എന്നാൽ ബിജെപിയിൽ നിന്നു തന്നെയുള്ള അനിൽ അഗർവാൾ തരൂരിനെ നീക്കുന്നതിനെതിരെ സ്പീക്കർ ഓം ബിർളയ്ക്ക് നൽകിയ കത്തിൽ ഒപ്പുവച്ചിരുന്നു എന്നതാണ് കൗതുകകരം.
17-ാം ലോക്‌സഭയിലെ ഏറ്റവും ചടുലമായ സ്റ്റാൻഡിങ് കമ്മിറ്റികളിലൊന്നാണ് തരൂരിന്റെ നേതൃത്വത്തിലുള്ളത്. ഫേസ്ബുക്ക്, ട്വിറ്റർ, ഗൂഗ്ൾ അടക്കമുള്ള ബഹുരാഷ്ട്ര ഐടി കമ്പനി പ്രതിനിധികളെ പല വിഷയങ്ങളിൽ കമ്മിറ്റി വിളിച്ചു വരുത്തി വിശദീകരണം ചോദിച്ചിരുന്നു. ഉപയോക്താക്കളുടെ വിവരങ്ങൾ നൽകാൻ ട്വിറ്ററിന് മേൽ കേന്ദ്രസർക്കാർ സമ്മർദം ചെലുത്തിയെന്ന ആരോപണത്തിൽ കമ്പനി പ്രതിനിധിയെ വിളിച്ചു വരുത്തിയതായിരുന്നു അവസാനത്തേത്. കേന്ദ്രസർക്കാർ പാസാക്കിയ ഐടി ആക്ടിൽ വിശദീകരണം ആവശ്യപ്പെട്ട് ഐടി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെയും സമിതി വിളിച്ചുവരുത്താൻ തീരുമാനിച്ചിരുന്നു. ഉദ്യോഗസ്ഥർക്ക് നോട്ടീസ് അയക്കുകയും ചെയ്തു.
എന്നാൽ നിഷികാന്ത് ദുബെ അടക്കമുള്ള ബിജെപി അംഗങ്ങൾ കമ്മിറ്റിയുടെ പല യോഗങ്ങളിൽ നിന്നും വാക്കൗട്ട് വരെ നടത്തേണ്ട സാഹചര്യമുണ്ടായി. തരൂർ ഉൾപ്പെടെ കമ്മിറ്റിയിൽ ലോക്സഭയിൽ നിന്ന് 20 അംഗങ്ങളും രാജ്യസഭയിൽനിന്ന് നാലു പേരുമാണുള്ളത്. ആറു തസ്തികകൾ ഒഴിഞ്ഞു കിടക്കുന്നു. മുൻ കായികമന്ത്രി രാജ്യവർധൻ സിങ് റാത്തോർ, തമിഴ്‌നാട് കോൺഗ്രസ് നേതാവ് കാർത്തി ചിദംബരം, ബംഗാൾ ബിജെപി നേതാവ് ലോക്കറ്റ് ചാറ്റർജി, കേരള എംപി ജോൺ ബ്രിട്ടാസ് എന്നിവർ സമിതിയിൽ അംഗങ്ങളാണ്.
തരൂരിനെ മാറ്റാനുള്ള കേന്ദ്രമന്ത്രിസഭാ തീരുമാനത്തിനെതിരെ ബിജെപി അംഗം അനിൽ അഗർവാൾ, സിപിഎം നേതാവ് ജോൺ ബ്രിട്ടാസ്, തൃണമൂൽ എംപി മഹുവ മൊയ്ത്ര, ഡിഎംകെ അംഗം ടി സുമതി, കോൺഗ്രസ് അംഗം കാർത്തി ചിദംബരം എന്നിവരാണ് സ്പീക്കർക്ക് കത്തയച്ചിരുന്നത്. ലോക്‌സഭാ കാലാവധിയുടെ ഇടക്കാലത്തു വച്ച് കമ്മിറ്റി അധ്യക്ഷന്മാരെ നീക്കുന്ന കീഴ്‌വഴക്കമില്ലെന്ന് കത്തിൽ അവർ ചൂണ്ടിക്കാട്ടി. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ നിയന്ത്രണം പിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് തരൂരിനെ ഐടി കമ്മിറ്റി ചെയർമാൻ സ്ഥാനത്തു നിന്ന് നീക്കുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു. ലോക്‌സഭയിലെ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരി പ്രതിഷേധമറിയിച്ച് സ്പീക്കർക്ക് കത്തു നൽകിയിരുന്നു.