എന്തിനാണ് പ്രതിയുടെ തലയിൽ വെടിവെച്ചത്? ഏറ്റുമുട്ടൽ കൊലപാതകത്തിൽ പൊലീസിനെ രൂക്ഷമായി വിമർശിച്ച് ബോംബെ ഹൈക്കോടതി
തോക്ക് തട്ടിയെടുത്ത് വെടിവെച്ചുവെന്ന പൊലീസ് ഭാഷ്യം വിശ്വസിക്കാൻ പ്രയാസമാണെന്ന് കോടതി പറഞ്ഞു
മുംബൈ: ബദ്‌ലാപൂർ ലൈംഗികാതിക്രമക്കേസ് പ്രതി അക്ഷയ് ഷിൻഡെ വ്യാജഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസിന് നേരെ രൂക്ഷവിമർശനവുമായി ബോംബെ ഹൈക്കോടതി. കേസിൽ നീതിപൂർവകവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്ന് കോടതി ഉത്തരവിട്ടു. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ബദ്‌ലാപൂരിലെ നഴ്സറി വിദ്യാർഥികളായ രണ്ട് പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാരോപിച്ചാണ് 24 കാരനായ ഷിൻഡെയെ പൊലീസ് കസ്റ്റഡിയിലെടുത്തതും തുടർന്ന് വ്യാജഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതും. അക്ഷയ് ഷിൻഡെ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിലാണെന്നും അന്വേഷണം നടത്തണമെന്നുമാവശ്യപ്പെട്ട് പിതാവ് നൽകിയ ഹരജി പരിഗണിക്കുകയായിരുന്നു കോടതി.
ഷിൻഡെയെ കീഴടക്കാനാണ് ആദ്യം പൊലീസ് ശ്രമിച്ചിരുന്നെങ്കിൽ വെടിവെപ്പ് ഒഴിവാക്കാമായിരുന്നു. പൊലീസിൽ നിന്ന് തോക്ക് തട്ടിയെടുത്ത് വെടിവെച്ചുവെന്ന പൊലീസ് ഭാഷ്യം വിശ്വസിക്കാൻ പ്രയാസമാണെന്നും കോടതി പറഞ്ഞു. എന്തിനാണ് പ്രതിയുടെ തലയിൽ വെടിവെച്ചത്, കൈയ്യിലോ കാലിലോ അല്ലെ ആദ്യം വെടിവെക്കേണ്ടതെന്നും കോടതി ചോദിച്ചു. ജസ്റ്റിസുമാരായ രേവതി മൊഹിതേ ദേരെ, പൃഥ്വിരാജ് ചവാൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് പൊലീസിന് നേരെ രൂക്ഷവിമർശനമാണുന്നയിച്ചത്.
അന്വേഷണം നീതിപൂർവകമായും നിഷ്പക്ഷമായും നടക്കണം, ഇത് നടക്കുന്നില്ലെന്ന് കണ്ടെത്തിയാൽ, ഉചിതമായ ഉത്തരവുകൾ പുറപ്പെടുവിക്കാൻ ഞങ്ങൾ നിർബന്ധിതരാകുമെന്നും കോടതി പറഞ്ഞു. ഷിൻഡെയുടെ മരണം സംബന്ധിച്ച് അന്വേഷണം നടത്തുന്ന മഹാരാഷ്ട്ര ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിന് (സിഐഡി) എല്ലാ കേസ് ഫയലുകളും ഉടൻ കൈമാറാനും ഹൈക്കോടതി നിർദ്ദേശിച്ചു.
എന്തുകൊണ്ടാണ് ഇതുവരെ സിഐഡിക്ക് ഫയലുകൾ കൈമാറാത്തത്? തെളിവുകൾ സംരക്ഷിക്കേണ്ടത് പ്രധാനമാണ്. നിങ്ങളുടെ ഭാഗത്തുനിന്ന് എന്തെങ്കിലും കാലതാമസം ഉണ്ടാകുന്നത് സംശയങ്ങളും ഊഹാപോഹങ്ങളും ഉയർത്തുമെന്നും കോടതി പറഞ്ഞു. പ്രതിയുടെ കൈയിലോ കാലിലോ വെടിവെക്കുന്നതിന് പകരം എന്തിനാണ് തലയിൽ വെടിവെച്ചതെന്നും ഹൈക്കോടതി ചോദിച്ചു. ഈ ഘട്ടത്തിൽ ഒരു സംശയവും ഉന്നയിക്കുന്നില്ലെങ്കിലും, ഒരു പൊലീസ് ഉദ്യോഗസ്ഥനിൽ നിന്ന് പിസ്റ്റൾ പിടിച്ചെടുത്ത് വെടിയുതിർക്കാൻ ഷിൻഡെയ്ക്ക് കഴിഞ്ഞുവെന്ന് വിശ്വസിക്കാൻ പ്രയാസമാണെന്ന് കോടതി പറഞ്ഞു.