യു.പിയിൽ വിധവയായ യുവതിയെ ഭർതൃപിതാവും ഭർതൃസഹോദരന്മാരും നഗ്നയാക്കി മർദിച്ചു

2023ലെ ദേശീയ വനിതാ കമ്മീഷൻ കണക്കുകൾ പ്രകാരം, രാജ്യത്തുടനീളമുള്ള സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ 55 ശതമാനം അല്ലെങ്കിൽ 16,109 എണ്ണം യു.പിയിലായിരുന്നു

Update: 2024-03-19 12:52 GMT
Advertising

മെയ്ൻപുരി(ഉത്തർപ്രദേശ്): ഉത്തർപ്രദേശിൽ വിധവയായ യുവതിയെ ഭർതൃപിതാവും ഭർതൃ സഹോദരന്മാരും നഗ്നയാക്കി മർദിച്ചു. ഒരാൾ ആയുധം കാണിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. മെയ്ൻപുരിയിലെ കർഹാൽ ഗ്രാമത്തിലാണ് സംഭവം.

ഫെബ്രുവരി 29ന് നടന്ന സംഭവത്തിന്റെ വീഡിയോ എക്‌സിൽ (ട്വിറ്റർ) ഹേറ്റ് ഡിറ്റക്ടറടക്കമുള്ള പേജുകൾ പങ്കുവെച്ചിട്ടുണ്ട്. മറ്റു രണ്ട് പേർക്കൊപ്പം ചേർന്നാണ് യുവതിയെ ഭർതൃപിതാവും ഭർതൃസഹോദരന്മാരും നഗ്നയാക്കി മർദിച്ചത്. നരേന്ദ്രകുമാർ, രാജീവ്, ദീപു, കൃഷ്ണ മുരാരി എന്നിങ്ങനെ കേസിലെ പ്രതികളെ തിരിച്ചറിഞ്ഞതായും അതിക്രമവും പീഡനവുമടക്കമുള്ള കുറ്റങ്ങൾ ചുമത്തി ഇവർക്കെതിരെ കേസെടുത്തതായും ഹേറ്റ് ഡിറ്റക്ടർ ട്വീറ്റ് ചെയ്തു. ദയ കാണിക്കണമെന്ന് യുവതി കേണപേക്ഷിച്ചിട്ടും സംഘം ക്രൂരത കാണിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും യുവതിയുടെ ഭർതൃപിതാവിനെ ഇനി പിടികൂടാനുണ്ടെന്നുമാണ് മെയിൻപുരി പൊലീസ് സൂപ്രണ്ട് പറയുന്നത്.

മെയ്ൻപുരിയിൽ നിന്നുള്ള വീഡിയോ യു.പിയിൽ സ്ത്രീകൾക്കെതിരെ വർധിച്ചുവരുന്ന അതിക്രമങ്ങളെ കുറിച്ച് സമൂഹ മാധ്യമങ്ങളിൽ നിരവധി ചോദ്യങ്ങളുയർത്തുകയാണ്. സംസ്ഥാനത്ത് സ്ത്രീകൾക്ക് സുരക്ഷിതമായെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അവകാശ വാദങ്ങൾ ഇതോടെ ചർച്ചയാകുകയാണ്.

2023ലെ ദേശീയ വനിതാ കമ്മീഷൻ (എൻസിഡബ്ല്യു) യുടെ കണക്കുകൾ പ്രകാരം, രാജ്യത്തുടനീളമുള്ള സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ 55 ശതമാനം അല്ലെങ്കിൽ 16,109 എണ്ണം യു.പിയിലായിരുന്നു. കൂടാതെ, ഇന്ത്യയിലെ കൂട്ടബലാത്സംഗ കേസുകളുടെ എണ്ണത്തിലും ഉത്തർപ്രദേശ് ഒന്നാം സ്ഥാനത്താണ്, 62 സംഭവങ്ങളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്.

ഏറ്റവും ഒടുവിൽ, ഫെബ്രുവരി 27 ന് ഉത്തർപ്രദേശിലെ അമ്രോഹ ജില്ലയിൽ 20 വയസ്സിന് മുകളിലുള്ള ഒരു സ്ത്രീയുടെ ഛിന്നഭിന്നമായ ശരീരഭാഗങ്ങൾ രണ്ട് ചാക്കുകളിലായി കണ്ടെത്തിയിരുന്നു. സ്ത്രീയുടെ സ്വകാര്യഭാഗങ്ങൾ ഉൾപ്പെടെയുള്ള ചാക്കുകൾ അംരോഹയിലെ നൗഗവാൻ സാദത്ത് ടൗണിലെ റോഡരികിലാണ് കണ്ടത്. സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ഇത്തരം സംഭവങ്ങൾ സംസ്ഥാനത്തെ സ്ത്രീകളുടെ സുരക്ഷയിൽ ഗുരുതര ആശങ്ക ഉയർത്തുകയാണ്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News