കറുത്ത നിറമുള്ളതിനാൽ ഭാര്യ ഉപേക്ഷിച്ചു; പരാതിയുമായി യുവാവ്
ഒരു മാസം മുമ്പാണ് ഭാര്യ പെൺകുഞ്ഞിന് ജന്മം നൽകിയത്
ഗ്വാളിയോർ: മധ്യപ്രദേശിലെ ഗ്വാളിയോറിൽ 24കാരനായ യുവാവ് തന്റെ കറുത്ത നിറം കാരണം ഭാര്യ ഉപേക്ഷിച്ചെന്ന് കാണിച്ച് പൊലീസിൽ പരാതി നൽകി. വിഷയത്തിൽ പൊലീസ് ഇരുവരെയും ശനിയാഴ്ച കൗൺസിലിംഗിന് വിളിച്ചു. വിക്കി ഫാക്ടറി പ്രദേശത്തെ താമസക്കാരനായ ഇയാൾ 14 മാസം മുമ്പാണ് വിവാഹിതനായതെന്ന് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഭാര്യ തന്നെ മാനസികമായി പീഡിപ്പിക്കാറുണ്ടെന്നും ഇയാൾ പരാതിയിൽ പറയുന്നു.
വിവാഹം കഴിഞ്ഞയുടനെ, കറുത്ത നിറം കാരണം ഭാര്യ തന്നെ ശല്യപ്പെടുത്താൻ തുടങ്ങിയെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഒരു മാസം മുമ്പാണ് ഭാര്യ പെൺകുഞ്ഞിന് ജന്മം നൽകിയത്. എന്നാൽ 10 ദിവസത്തിന് ശേഷം, ഭാര്യ കുട്ടിയെ ഭർത്താവിന്റെ വീട്ടിൽ ഉപേക്ഷിച്ച് മാതാപിതാക്കളോടൊപ്പം താമസിക്കാൻ പോയി. തിരികെ വീട്ടിലേക്ക് കൊണ്ടുവരാൻ ഭാര്യവീട്ടിലേക്ക് പോയപ്പോൾ, വീണ്ടും കറുത്ത നിറത്തിൻ്റെ പ്രശ്നം ഉന്നയിക്കുകയും തന്നോടൊപ്പം തിരികെ വരാൻ വിസമ്മതിക്കുകയും ചെയ്തതായി യുവാവ് അവകാശപ്പെട്ടു.
പിന്നീട് വനിതാ പൊലീസ് സ്‌റ്റേഷനിൽ തനിക്കെതിരെ പീഡന പരാതി നൽകിയതായും അദ്ദേഹം പറഞ്ഞു. കുട്ടിയെ ഭർത്താവിന്റെ വീട്ടിൽ ഉപേക്ഷിച്ച് യുവതി മാതാപിതാക്കളുടെ വീട്ടിലേക്ക് പോയതായി ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് കിരൺ അഹിർവാർ പറഞ്ഞു. ജൂലൈ 13ന് തങ്ങൾ ഇരു കക്ഷികളെയും കൗൺസിലിംഗിനായി വിളിച്ചിട്ടുണ്ട്. അതിനുശേഷം മാത്രമായിരിക്കും വിഷയത്തിൽ നടപടികളെടുക്കുക എന്ന് അവർ കൂട്ടിച്ചേർത്തു.