'സീതാമഢിൽ സീതാദേവിയ്ക്കായി ഗംഭീര ക്ഷേത്രം പണിയും'; ബിഹാറിൽ അമിത് ഷായുടെ വാക്ക്

"സീതാ ദേവിയുടെ ജീവിതത്തോട് ചേർന്ന് നിൽക്കും വിധം ഉത്തമമായി ആർക്കെങ്കിലും ക്ഷേത്രം പണിയാനാവുമെങ്കിൽ അത് നരേന്ദ്ര മോദിക്ക് മാത്രമായിരിക്കും"

Update: 2024-05-16 10:18 GMT
Advertising

പട്‌ന: തെരഞ്ഞെടുപ്പ് റാലികളിൽ വീണ്ടും മതം പറഞ്ഞ് വോട്ട് തേടി ബിജെപി. ബിജെപി സർക്കാർ അധികാരത്തിലേറിയാൽ ബിഹാറിലെ സീതാമഢിൽ സീതാദേവിക്കായി ഗംഭീര ക്ഷേത്രം പണിയുമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വാക്ക്. സീതാമഢിൽ ജനതാദൾ(യു) സ്ഥാനാർഥി ദേവേഷ് ചന്ദ്ര ഠാക്കൂറിന്റെ പ്രചാരണാർഥം നടത്തിയ പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഷാ.

"ബിജെപിക്ക് വോട്ട് ബാങ്കിൽ ഭയമില്ല. നരേന്ദ്ര മോദി സർക്കാർ അയോധ്യയിൽ രാം ലല്ലയ്ക്കായി ക്ഷേത്രം നിർമിച്ചു. ഇനി സീതാദേവിയ്ക്കായി ക്ഷേത്രം പണിയുകയാണ് ലക്ഷ്യം. അതും ദേവിയുടെ ജന്മസ്ഥലത്ത്. രാമക്ഷേത്രത്തോട് അകലം പാലിക്കുന്നവർക്ക് ഇത് ചെയ്യാനാവില്ല. "സീതാ ദേവിയുടെ ജീവിതത്തോട് ചേർന്ന് നിൽക്കും വിധം ഉത്തമമായി ആർക്കെങ്കിലും ക്ഷേത്രം പണിയാനാവുമെങ്കിൽ അത് നരേന്ദ്ര മോദിക്ക് മാത്രമായിരിക്കും... ബിജെപിക്ക് മാത്രമായിരിക്കും". ഷാ പറഞ്ഞു.

ബിജെപി തെരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് പരാതി നൽകിയിട്ടും മതത്തിന്റെ പേരിൽ വോട്ട് തേടൽ തുടരുകയാണ് ബിജെപി. മുസ്‌ലിംകളെ അധിക്ഷേപിച്ചുള്ള വിദ്വേഷ പ്രസംഗങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ട് പോകവേയാണ് വോട്ടിൽ മതം കൂട്ടിക്കലർത്തി അമിത് ഷായും എത്തുന്നത്.

സീതാമഢിലെ തെരഞ്ഞെടുപ്പ് റാലിയിൽ രാഷ്ട്രീയ ജനതാദൾ നേതാവ് ലാലു പ്രസാദ് യാദവിനെ വിമർശിക്കാനും അമിത് ഷാ മറന്നില്ല. ആർജെഡിക്ക് ഇൻഡ്യാ മുന്നണിയുമായുള്ള സഖ്യം ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം. മകനെ മുഖ്യമന്ത്രിയാക്കാൻ ലാലു യാദവ് പിന്നാക്ക വിഭാഗക്കാരെ തള്ളുന്ന കോൺഗ്രസ് പാർട്ടിയുടെ മടിയിൽ പോയി ഇരുന്നുവെന്നായിരുന്നു ഷായുടെ പരാമർശം.

മെയ് 20നാണ് ബിഹാറിൽ 40 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 39 സീറ്റിലും എൻഡിഎ വിജയിച്ചിരുന്നു.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News