നീറ്റ് പരീക്ഷ വീണ്ടും നടത്താന്‍ ആലോചന; ഗ്രേസ് മാർക്ക് ലഭിച്ച 1563 പേർക്ക് റീ ടെസ്റ്റ് നടത്തിയേക്കും
ഗ്രേസ് മാർക്ക് വിവാദത്തെക്കുറിച്ച് അന്വേഷണം നടത്താൻ വിദ്യാഭ്യാസ മന്ത്രാലയം നിയോഗിച്ച നാലംഗ സമിതിയാണ് റീ ടെസ്റ്റ് സാധ്യത പരിശോധിച്ചത്
ഡല്‍ഹി: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയിൽ ഗ്രേസ് മാർക്ക് ലഭിച്ചവർക്ക് റീ ടെസ്റ്റ് നടത്തുന്നതിനെപ്പറ്റി എൻടിഎ ആലോചനയിൽ. ഗ്രേസ് മാർക്ക് ലഭിച്ച 1563 പേർക്ക് റീ ടെസ്റ്റ് സാധ്യത പരിശോധിക്കുന്നത്. എന്നാൽ സുപ്രിംകോടതി അനുമതി ഇല്ലാതെ എൻടിഎക്ക് പരീക്ഷ നടത്താൻ സാധിക്കില്ലെന്നാണ് വിലയിരുത്തൽ.
ഗ്രേസ് മാർക്ക് വിവാദത്തെക്കുറിച്ച് അന്വേഷണം നടത്താൻ വിദ്യാഭ്യാസ മന്ത്രാലയം നിയോഗിച്ച നാലംഗ സമിതിയാണ് റീ ടെസ്റ്റ് സാധ്യത പരിശോധിച്ചത്. യു.പി.എസ്.ഇ. മുൻ ചെയർമാൻ അധ്യക്ഷനായ നാലംഗസമിതി രണ്ട് ദിവസത്തിനകം സമിതി റിപ്പോർട്ട് സമർപ്പിക്കും. റിപ്പോർട്ടിൽ ഗ്രേസ് മാർക്ക് ലഭിച്ച 1563 പേർക്ക് റീ ടെസ്റ്റ് നടത്താൻ നിർദേശം മുന്നോട്ട് വെക്കുകയാണേകിൽ കാര്യങ്ങൾ കൂടുതൽ സങ്കീർണമാകും. എന്നാൽ,എൻടിഎക്ക് പരീക്ഷ നടത്താൻ ഏകപക്ഷീയമായി തീരുമാനമെടുക്കാൻ കഴിയില്ല എന്നാണ് വിവരം.
ഗ്രേസ് മാർക്കിംഗിൽ അപാകതയുണ്ടായോ എന്നതിലും റിപ്പോർട്ടിൽ പരാമർശിക്കും. ഗ്രേസ് മാർക്ക് വിവാദം പരീക്ഷയുടെ പവിത്രതയെ ബാധിച്ചെന്ന് സുപ്രിം കോടതി കഴിഞ്ഞ ദിവസം നീരീക്ഷിച്ചിരുന്നു. കാൽക്കോടിയോളം വിദ്യാർഥികൾ എഴുതിയ നീറ്റ് 2024 പ്രവേശന പരീക്ഷയിൽ വ്യാപക ക്രമക്കേട് നടന്നെന്നായിരുന്നു ആരോപണം. 67 പേർക്കാണ് ഒന്നാം റാങ്ക് ലഭിച്ചത്. ഇതിൽ ആറ് പേർ ഒരേ സെന്‍ററിൽ നിന്ന് പരീക്ഷ എഴുതിയവരാണെന്നും ആരോപണമുയർന്നിരുന്നു.