കർഷക രോഷം, ചരിത്രവും ഒപ്പമില്ല; യുപിയിൽ വീണ്ടും വരുമോ യോഗി

2024ലെ പൊതു തെരഞ്ഞെടുപ്പിന് മുമ്പുള്ള സെമി ഫൈനൽ എന്നു തന്നെ വിശേഷിപ്പിക്കാം യുപിയിലെ പോരിനെ

Update: 2022-01-09 07:49 GMT
Advertising

ലഖ്‌നൗ: അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഏറ്റവും നിർണായക പോരാട്ടമാണ് ഉത്തർപ്രദേശിലേത്. 403 നിയമസഭാ സീറ്റുള്ള സംസ്ഥാനത്ത് ലോക്‌സഭാ മണ്ഡലങ്ങൾ 80. 2024ലെ പൊതു തെരഞ്ഞെടുപ്പിന് മുമ്പുള്ള സെമി ഫൈനൽ എന്നു തന്നെ വിശേഷിപ്പിക്കാം യുപിയിലെ പോരിനെ. ജാതി, മതം, തീവ്രവർഗീയത എന്നിവ രാഷ്ട്രീയകക്ഷികൾ ഒരു മറയും കൂടാതെ എടുത്തുപയോഗിക്കുന്ന യുപിയിൽ തുടർച്ചയായ രണ്ടാം തവണയും യോഗി ആദിത്യനാഥ് അധികാരത്തിലെത്തുമോ എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റു നോക്കുന്നത്. ഫെബ്രുവരി 10നാണ് സംസ്ഥാനത്തെ ആദ്യഘട്ട വോട്ടെടുപ്പ്. ഫെബ്രുവരി 14ന് രണ്ടാം ഘട്ടം. 20ന് മൂന്നാം ഘട്ടവും 23ന് നാലാം ഘട്ടവും. ഫെബ്രുവരി 27, മാർച്ച് 3,7 തിയ്യതികളിലാണ് മറ്റു ഘട്ടങ്ങൾ. വോട്ടെണ്ണൽ മാർച്ച് പത്തിന്.

കൂടെയില്ലാത്ത ചരിത്രം

സർവേകൾ ബിജെപിക്ക് അധികാരത്തുടർച്ച പ്രവചിക്കുന്നുണ്ടെങ്കിലും മുഖ്യമന്ത്രി പദവിയിൽ ചരിത്രം യോഗിക്ക് ഒപ്പമില്ല എന്നതാണ് ഏറെ കൗതുകകരം. 1989ന് ശേഷം തുടർച്ചയായ രണ്ടു തവണ ഒരേ മുഖ്യമന്ത്രി അധികാരത്തിൽ ഇരിക്കാത്ത സംസ്ഥാനമാണ് യുപി. 1989ൽ ജനതാദളിന്റെ മുലായം സിങ്ങായിരുന്നു മുഖ്യമന്ത്രിയെങ്കിൽ 1991-92ൽ കല്യാൺ സിങ്ങായി ആ പദവിയിൽ. ബാബരി മസ്ജിദിന്റെ തകർച്ചയ്ക്ക് പിന്നലെ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം വന്നു. പിന്നീട് മുഖ്യമന്ത്രിയായത് (1993-95) മുലായം. 95ൽ ബിഎസ്പി അധ്യക്ഷ മായാവതി മുഖ്യമന്ത്രിയായി. 96ൽ വീണ്ടും രാഷ്ട്രപതി ഭരണം. 97ൽ വീണ്ടും മായാവതി. തൊട്ടുപിന്നാലെ കല്യാൺ സിങ് ഒരിക്കൽക്കൂടി അധികാരത്തിൽ. 

യോഗി ആദിത്യനാഥും പ്രധാനമന്ത്രി നരേന്ദ്ര മോദിയും 

1999 മുതൽ 2002 വരെ ബിജെപി അധികാരത്തിൽ ഉണ്ടായിരുന്നു എങ്കിലും ഇക്കാലയളവിൽ കല്യാൺ സിങ്ങിനെ കൂടാതെ രാം പ്രകാശ് ഗുപ്തയും രാജ്‌നാഥ് സിങ്ങും മുഖ്യമന്ത്രി പദത്തിലിരുന്നു. 2002ൽ കുറച്ചു കാലം രാഷ്ട്രപതി ഭരണം. അതിനു ശേഷം ഒരു വർഷം മായവതി മുഖ്യമന്ത്രിയായി. പിന്നീട് 2003 മുതൽ 2007 വരെ മുലായം സിങ് യാദവ്. 2007ൽ വീണ്ടും മായാവതി അധികാരത്തിലെത്തി. 2012ൽ ബിഎസ്പിയെ തോൽപ്പിച്ച് സമാജ്‌വാദി പാർട്ടി അധികാരത്തിലെത്തി. മുലായം സിങ്ങിന്റെ മകൻ അഖിലേഷ് യാദവാണ് മുഖ്യമന്ത്രിയായത്. 2017 മുതൽ ബിജെപിയുടെ യോഗി ആദിത്യനാഥും.

2017ലെ ബിജെപി മാജിക്

ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനത്തോടെയാണ് 2017ൽ ബിജെപി യുപി പിടിച്ചത്. 403ൽ 312 സീറ്റാണ് കേന്ദ്രം ഭരിക്കുന്ന പാർട്ടി സ്വന്തമാക്കിയത്. 2012ലെ 47ൽനിന്നാണ് ബിജെപി ഇത്രയും കൂടുതൽ സീറ്റുകൾ കൈപ്പിടിയിലാക്കിയത്. രാമക്ഷേത്ര വിവാദം കത്തി നിന്ന കാലത്ത് 1991ൽ നേടിയ 221 സീറ്റായിരുന്നു ഇതിനു മുമ്പുള്ള പാർട്ടിയുടെ മികച്ച പ്രകടനം.

അതിനു ശേഷം താഴോട്ടായിരുന്നു പാർട്ടിയുടെ വളർച്ച. 1993ൽ 177 ഉം 1996ൽ 174 ഉം സീറ്റു നേടിയ പാർട്ടി രണ്ടായിരത്തിലെത്തിയതോടെ നൂറിന് താഴേക്ക് വീണു. 2002ൽ 88 സീറ്റും 2007ൽ 51 സീറ്റുമാണ് നേടാനായത്. 2012ൽ നാൽപ്പത്തിയേഴും. അവിടെ നിന്നായിരുന്നു പാർട്ടിയുടെ ഉയിർത്തെഴുന്നേൽപ്പ്. 1980ൽ 11 സീറ്റിൽ നിന്നിരുന്ന പാർട്ടിയാണ് ഇപ്പോൾ 312 സീറ്റിന്റെ മൃഗീയ ഭൂരിപക്ഷത്തിൽ സംസ്ഥാനം ഭരിക്കുന്നത്. 


പാർട്ടിക്കു കിട്ടിയ വോട്ടു വിഹിതത്തിലും ക്രമാനുഗതമായ വർധനയുണ്ടായി. 1980ലെ 10.76 ശതമാനത്തിൽ നിന്ന് 2017ലെത്തുമ്പോൾ 39.67 ശതമാനം. 221 സീറ്റു നേടിയ 1991ൽ 31.45 ശതമാനം വോട്ടാണ് ബിജെപി നേടിയിരുന്നത്. ഇരുനൂറിൽ താഴെ സീറ്റാണ് നേടിയിരുന്നത് എങ്കിലും 93ലും 96ലും യഥാക്രമം 33.3, 32.52 ശതമാനം വോട്ട് പാർട്ടിക്കു കിട്ടി.

2017 ലെ പ്രകടനം ബിജെപി ആവർത്തിക്കുമോ എന്നാണ് രാഷ്ട്രീയ വിദഗ്ധർ ഉറ്റുനോക്കുന്നത്. എന്തു വില കൊടുത്തും അധികാരം നിലനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞ രണ്ടു വർഷമായി കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. കോവിഡ് മഹാമാരിക്കാലത്ത് നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കാനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണിപ്പോൾ യോഗി. സംസ്ഥാനത്തിന്റെ വികസനമുഖമാക്കി മുഖ്യമന്ത്രിയെ അവതരിപ്പിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നത്. വൻകിട മാധ്യമങ്ങൡ അടക്കം നിരവധി പരസ്യങ്ങളാണ് ഇതിനകം പാർട്ടി ചെയ്തിട്ടുള്ളത്. രാമക്ഷേത്രവും കാശിയും മഥുരയും ബിജെപി പ്രചാരണത്തിന്റെ ഭാഗമാണ്.

സംസ്ഥാനം പിടിച്ചതിങ്ങനെ

പടിഞ്ഞാറൻ യുപി, റോഹിൽഖണ്ഡ്, വടക്കു-കിഴക്ക്, ബുന്ദേൽഖണ്ഡ്, മധ്യ യുപി, തെക്കു-കിഴക്ക് എന്നിങ്ങനെ ആറു പ്രദേശമാക്കി സംസ്ഥാനത്തെ തരം തിരിക്കാം. ഇതിൽ ഉത്തരാഖണ്ഡ്, ഹരിയാന, ഡൽഹി, രാജസ്ഥാൻ എന്നിവയുമായി അതിർത്തി പങ്കിടുന്നതാണ് പടിഞ്ഞാറൻ യുപി. ഇവിടെ ആകെ 84 സീറ്റുകളാണ് ഉള്ളത്. ഇതിൽ കഴിഞ്ഞ തവണ 71 ഇടത്തും ജയിച്ചത് ബിജെപിയാണ്. വോട്ടു വിഹിതം 44.3 ശതമാനം. എസ്പി 22.2 ശതമാനം വോട്ടുവിഹിതത്തോടെ ഏഴു സീറ്റു നേടി. 2017ൽ 13 സീറ്റു മാത്രമായിരുന്നു പാർട്ടിക്കുണ്ടായിരുന്നത്.

ബുന്ദേൽഖണ്ഡിലെ 19 സീറ്റിൽ 19 ഉം നേടിയത് ബിജെപിയാണ്. വോട്ടുവിഹിതം 45.9 ശതമാനം. 2017ലെ മൂന്നിൽ നിന്നാണ് ബിജെപി സീറ്റ് 19 ആക്കി വർധിപ്പിച്ചത്. ബിജെപിയും എസ്പിയും നേരിട്ടു പോരാട്ടം നടന്ന റോഹിൽഖണ്ഡിലെ 52 സീറ്റിൽ 38 സീറ്റിലാണ് ഭരണകക്ഷി ജയിച്ചത്. എസ്പിക്ക് 14 സീറ്റു കിട്ടി. വടക്കു കിഴക്കൻ മേഖലയിലെ 82 സീറ്റിൽ 62 ഇടത്ത് ബിജെപി വിജയിച്ചു. വോട്ടുവിഹിതം 37.1 ശതമാനം. 40 സീറ്റുള്ള തെക്കുകിഴക്കൻ മേഖലയിൽ 25 ഇടത്തും മധ്യയുപിയിലെ 126 സീറ്റിൽ 97 ഇടത്തും ബിജെപി വെന്നിക്കൊടി നാട്ടി. നഗരമേഖലകൾ ഉൾക്കൊള്ളുന്ന മധ്യയുപിയിൽ 39.1 ശതമാനമാണ് പാർട്ടിയുടെ വോട്ടുവിഹിതം. ഇവിടെ എസ്പിക്ക് 12 ഉം ബിഎസ്പിക്ക് ഏഴും സീറ്റു മാത്രമേ നേടാനായുള്ളൂ.

മുഖ്യ എതിരാളി അഖിലേഷ്

പതിറ്റാണ്ടുകളായി കോൺഗ്രസ് ചിത്രത്തിലില്ലാത്ത സംസ്ഥാനത്ത് ബിജെപിയുടെ എതിരാളി എസ്.പി അധ്യക്ഷൻ അഖിലേഷ് യാദവ് തന്നെ. അഖിലേഷിന്റെ പ്രചാരണ യോഗങ്ങളിൽ വമ്പൻ ആൾക്കൂട്ടങ്ങൾ കണ്ടു തുടങ്ങിയ വേളയിലാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ വോട്ടിങ് തിയ്യതി പ്രഖ്യാപിക്കുന്നത്. റാലികൾക്കും സമ്മേളനങ്ങൾക്കും വിലക്കേർപ്പെടുത്തുകയും ചെയ്തു.

2017ൽ കോൺഗ്രസുമായും 2019ൽ ചിരവൈരികളായ ബിഎസ്പിയുമായും സഖ്യമുണ്ടാക്കിയ അഖിലേഷ് ഇത്തവണ ചെറുകക്ഷികളെയാണ് കൂടെക്കൂട്ടിയിട്ടുള്ളത്. പരമ്പരാഗത യാദവ-മുസ്‌ലിം വോട്ടുകളിൽ തന്നെയാണ് കണ്ണ്. പടിഞ്ഞാറൻ യുപിയിൽ വേരുള്ള രാഷ്ട്രീയ ലോക്ദളുമായും (ആർഎൽഡി) പാർട്ടി സഖ്യത്തിലാണ്. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട പ്രാഥമിക ചർച്ചകൾ അഖിലേഷും ലോക്ദൾ അധ്യക്ഷൻ ജയന്ത് ചൗധരിയും പൂർത്തിയാക്കിയിട്ടുണ്ട്. 

അഖിലേഷ് യാദവ് 

25-30 ശതമാനമാണ് സംസ്ഥാനത്തെ മുസ്‌ലിം-യാദവ വോട്ടുബാങ്ക്. എന്നാൽ ബിജെപിക്ക് ഒറ്റയ്ക്ക് 40-50 ശതമാനം വോട്ടുവിഹിതം കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ ലഭിച്ചിട്ടുണ്ട്. ഇതിനെ മറികടക്കാൻ ബ്രാഹ്‌മണ വോട്ടുകൾ ലക്ഷ്യമിട്ട് അഖിലേഷ് പണി തുടങ്ങിയിട്ടുണ്ട്. ലഖ്‌നൗവിലെ പരശുറാം ക്ഷേത്രത്തിൽ ഈയിടെ നടത്തിയ സന്ദർശനം അതിന്റെ ഭാഗമായിരുന്നു. വോട്ടുവിഹിതത്തിൽ പത്തു ശതമാനം വരും ബ്രാഹ്‌മണർ. 2007ൽ ബ്രാഹ്‌മണ വോട്ടുകൾ കൂട്ടത്തോടെ ബിഎസ്പിക്ക് കിട്ടിയിരുന്നു. ഇത്തവണ അത് തങ്ങൾക്കു കിട്ടുമെന്നാണ് എസ്പിയുടെ കണക്കുകൂട്ടൽ. പടിഞ്ഞാറൻ യുപിയിൽ രാഷ്ട്രീയ ലോക്ദൾ വഴി ജാട്ട് വോട്ടുകളും എസ്പി സ്വപ്‌നം കാണുന്നു. സുഹെൽദേവ് ഭാരതീയ സമാജുമായുള്ള സഖ്യം വഴി രാജ്ഭർ സമുദായത്തിന്റെയും അപ്‌നാ ദൾ (കമേരവാദി) പിന്തുണ വഴി കുർമികളുടെയും വോട്ടുകൾ എസ്പി പ്രതീക്ഷിക്കുന്നുണ്ട്. അതേസമയം, ജനസംഖ്യയുടെ 20-30 ശതമാനം വരുന്ന മേൽജാതി-യാദവേതര ഒബിസി വോട്ടുകൾ നിലനിർത്താനാണ് ബിജെപി ശ്രമം.

നിർണായകം പടിഞ്ഞാറൻ യുപി

കർഷക പ്രതിഷേധത്തിന്റെ അലയൊലികൾ നിലനിൽക്കുന്ന പടിഞ്ഞാറൻ യുപിയിലാണ് ഇത്തവണ ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്. ജാട്ടുകൾക്ക് മേധാവിത്വമുള്ള പ്രദേശത്ത് ബിജെപി വിരുദ്ധ തരംഗം ദൃശ്യമാണ്. മേഖലയിൽ രാഷ്ട്രീയ ലോക്ദളിന് നിർണായക സ്വാധീനവുമുണ്ട്. ഇത് എസ്പിക്ക് മുതൽക്കൂട്ടാകുമെന്ന് കരുതപ്പെടുന്നു.

അഞ്ചു വർഷം മുമ്പുള്ള പ്രകടനം മേഖലയിൽ ഇത്തവണ നടത്താനാകില്ലെന്ന് ബിജെപിക്ക് ഉറപ്പാണ്. കർഷക പ്രതിഷേധങ്ങൾക്കൊപ്പം കരിമ്പു കർഷകർക്ക് സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കപ്പെടാതെ പോയതും യോഗിക്ക് വെല്ലുവിളിയാകും. അതിർത്തി സംസ്ഥാനങ്ങളായ ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിൽ നിന്നു ഭിന്നമായി കർഷകരുടെ വൈദ്യുതി നിരക്കും കൂടുതലാണ്. കർഷക പ്രതിഷേധത്തിന്റെ മുഖമായ രാകേഷ് ടിക്കായത്തിന്റെ പരോക്ഷ പിന്തുണയും എസ്പി-ആർഎൽഡി സഖ്യത്തിനുണ്ട്.

രാഷ്ട്രീയ ലോക്ദൾ പിന്തുണയ്ക്ക് പുറമേ, നേരത്തെ അഖിലേഷുമായി ഇടഞ്ഞു നിന്നിരുന്ന അമ്മാവൻ ശിവ്പാൽ യാദവും ഇത്തവണ എസ്പിക്കൊപ്പമുണ്ട്. വോട്ടുബാങ്ക് വിഭജിക്കപ്പെടാതെ പോകാൻ ഇത് അഖിലേഷിനെ സഹായിക്കുമെന്ന് കരുതപ്പെടുന്നു. പടിഞ്ഞാറൻ യുപിയിലെ ആദ്യഘട്ട വോട്ടെടുപ്പ് മറ്റു ഘട്ടങ്ങളെയും സ്വാധീനിക്കുമെന്നാണ് രാഷ്ട്രീയ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

കോൺഗ്രസും പ്രിയങ്കയും

പ്രിയങ്കാ ഗാന്ധിയുടെ രാഷ്ട്രീയ ജീവിതത്തിൽ ഏറ്റവും നിർണായകമായ പോരിടം കൂടിയാണ് യുപി. പതിവിൽ നിന്ന് വ്യത്യസ്തമായി സംസ്ഥാനത്ത് ക്യാമ്പ് ചെയ്താണ് പ്രിയങ്ക പാർട്ടി പ്രചാരണത്തിന് നേതൃത്വം നൽകുന്നത്. കോൺഗ്രസ് സർക്കാർ രൂപവത്കരിക്കും എന്നാണ് അധ്യക്ഷൻ അജയ് സിങ് ലല്ലു പറയുന്നതെങ്കിലും കോൺഗ്രസ് നേതാക്കൾ തന്നെ അതു വിശ്വസിക്കുമെന്ന് തോന്നുന്നില്ല. അത്രയ്ക്ക ദയനീയമാണ് സംസ്ഥാനത്തെ പാർട്ടി സംഘടനാ സംവിധാനങ്ങൾ. 

പ്രിയങ്ക ഗാന്ധി

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വെറും ഏഴു സീറ്റു മാത്രമാണ് നിരവധി തവണ സംസ്ഥാനം ഭരിച്ച പാർട്ടിക്ക് ലഭിച്ചിരുന്നത്. എന്നാൽ ഇത്തവണ വനിതകളെ ലക്ഷ്യമിട്ട് പ്രിയങ്ക നടത്തിയ പ്രചാരണ പരിപാടികൾ മാധ്യമ ശ്രദ്ധ നേടിരുന്നു. വൻ ജനപങ്കാളിത്തവുമുണ്ടായിരുന്നു. രാജ്യം ചർച്ച ചെയ്ത ലഖിംപൂർ ഖേരി, ഹത്രാസ്, സീതാപൂർ സംഭവങ്ങളിൽ നടത്തിയ ശക്തമായ ഇടപെടലുകളും പാർട്ടിക്ക് പ്രതീക്ഷ നൽകുന്നുണ്ട്.

ബിഎസ്പിയുടെ മൗനം

സംസ്ഥാനത്ത് അസാന്നിധ്യം കൊണ്ട് ശ്രദ്ധേയമാണ് ബിഎസ്പി അധ്യക്ഷ മായാവതി. എതിരാളികളായ എസ്പിയും ബിജെപിയും കോൺഗ്രസും പോർക്കളത്തിൽ സജീവമാകുമ്പോൾ ഏറ്റവും മുതിർന്ന രാഷ്ട്രീയക്കാരിയായ മുൻ മുഖ്യമന്ത്രി ഇപ്പോൾ നിശ്ശബ്ദയാണ്. മായാവതിയുടെ മനസ്സിലിരുപ്പ് എന്താണ് എന്നതിലും വ്യക്തതയില്ല. 

മായാവതി

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 19 സീറ്റു മാത്രമാണ് ബിഎസ്പിക്ക് നേടാനായിരുന്നത്. ഇപ്പോൾ മൂന്നു പേർ മാത്രമാണ് പാർട്ടി ടിക്കറ്റിൽ നിയമസഭയിലുള്ളത്. മിക്കവരും രാജി വയ്ക്കുകയോ എസ്പിയിലേക്ക് ചേക്കേറുകയോ ചെയ്തു. മായാവതിക്ക് അപ്പുറം ശക്തമായ നേതൃനിരയില്ലാത്തതും പാർട്ടിയെ ദുർബലമാക്കുന്നു. അസദുദ്ദീൻ ഉവൈസിയുടെ എഐഎംഐഎമ്മും ഇത്തവണ പോർക്കളത്തിലുണ്ടാകും. ബിജെപി വിരുദ്ധ വോട്ടുകളിൽ, വിശേഷിച്ചും മുസ്‌ലിം വോട്ടുകളിൽ എംഐഎം വിള്ളലുണ്ടാക്കുമെന്ന് കരുതപ്പെടുന്നു. 

Tags:    

Writer - abs

contributor

Editor - abs

contributor

By - അഭിമന്യു എം

contributor

Similar News