യുപി തെരഞ്ഞെടുപ്പ്; വാഗ്ദാനങ്ങൾ വാരിക്കോരി നൽകി രാഷ്ട്രീയ പാർട്ടികൾ

പ്രകടനപത്രിക ഇറക്കില്ലെന്ന നിലപാടിലാണ് ബിഎസ്പി

Update: 2022-02-09 16:21 GMT
Advertising

ഉത്തർപ്രദേശ് സംസ്ഥാന തെരഞ്ഞെടുപ്പ് നാളെ തുടങ്ങാനിരിക്കെ വാഗ്ദാനങ്ങൾ വാരിക്കോരി നൽകിയാണ് രാഷ്ട്രീയ പാർട്ടികൾ പ്രകടനപത്രികകൾ തയ്യാറാക്കിയിരിക്കുന്നത്.കർഷകരെ പ്രീണിപ്പിക്കാനുള്ള തന്ത്രങ്ങൾ ഇറക്കിയും യുവജനങ്ങളെ കയ്യിലെടുക്കാൻ ശ്രമിച്ചുമാണ് ബിജെപിയും സമാജ് വാദി പാർട്ടിയും പ്രകടന പത്രികകൾ പുറത്തിറക്കിയത്. കർഷകർക്ക് ജലസേചനത്തിനുള്ള വൈദ്യുതി സൗജന്യമായി നൽകുമെന്നതാണ് ബിജെപിയുടെ പ്രധാന വാഗ്ദാനം. കരിമ്പ് കർഷകർക്ക് തുക 15 ദിവസത്തിനുള്ളിൽ കൈമാറിയില്ലെങ്കിൽ പലിശ നൽകുമെന്നാണ് മറ്റൊരു വാഗ്ദാനം. കരിമ്പ് കർഷകർക്ക് നൽകാനുള്ള 1800 കോടി കുടിശികയായിരിക്കെ രോഷം ശമിപ്പിക്കാൻ കൂടിയാണ് ഈ വാഗ്ദാനം ലോക കല്യാണ സങ്കല്പ പത്ര എന്ന പത്രികയിൽ ഉൾപ്പെടുത്തിയത്. നെല്ലിനും ഗോതമ്പിനും താങ്ങുവില ഉറപ്പ് നൽകുന്നുണ്ട്. മതപരിവർത്തനം നടത്തി വിവാഹം കഴിച്ചാൽ പത്ത് വർഷം തടവും പ്രകടന പത്രികയിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചു. 60 വയസിനു മുകളിൽ പ്രായമുള്ള സ്ത്രീകൾക്ക് യാത്രാ സൗജന്യം, കോളേജ് വിദ്യാർഥിനികൾക്ക് സ്‌കൂട്ടി, വിദ്യാർഥികൾക്ക് ലാപ്‌ടോപ്, ടാബ് എന്നിവയും വാഗ്ദാനം നൽകുന്നു.

ഒരു പടികൂടി കടന്നു 2025 ആകുമ്പോൾ കർഷകരുടെ കടം എഴുതി തള്ളുമെന്നാണ് സമാജ് വാദി വചന പത്രയിൽ ഉറപ്പ് നൽകുന്നത്. സ്ത്രീകൾക്ക് ജോലിയിൽ 33 ശതമാനം സംവരണവും തൊഴിലുറപ്പ് പദ്ധതികൾ പട്ടണത്തിലും നടപ്പാക്കുമെന്നതാണ് അഖിലേഷ് യാദവിന്റെ ഉറപ്പ്.

ഏറ്റവും കൂടുതൽ പ്രകടന പത്രികകൾ പുറത്തിറക്കിയത് കോൺഗ്രസാണ്. യുവാക്കൾക്കും സ്ത്രീകൾക്കും പ്രത്യേകം പത്രികകൾ പ്രകാശനം ചെയ്ത ശേഷം തെരഞ്ഞെടുപ്പിന് തലേദിവസമാണ് വിശദ പ്രകടന പത്രികയുമായി രംഗത്തിറങ്ങിയത്. അധികാരത്തിൽ എത്തിയാൽ പത്ത് ദിവസത്തിനുള്ളിൽ കർഷകരുടെ കടം എഴുതി തള്ളുമെന്നും കോവിഡ് ബാധിതർക്ക് സഹായമായി കാൽലക്ഷം രൂപ കുടുംബങ്ങൾക്ക് വിതരണം ചെയ്യുമെന്നും പ്രിയങ്കഗാന്ധി ഉറപ്പ് നൽകുന്നു. മൂന്ന് പാർട്ടികളും ജനങ്ങളെ പറ്റിക്കാൻ വേണ്ടിയാണ് വാഗ്ദാനം നൽകുന്നതെന്നും പൊള്ളയായ വാഗ്ദാനം നൽകാതെ ക്ഷേമം ഉറപ്പ് വരുത്തുന്ന മികച്ച ഭരണം നൽകുമെന്ന ഉറപ്പ് മാത്രമാണ് ബിഎസ്പി അധ്യക്ഷ മായാവതി നൽകുന്നത്.

With the Uttar Pradesh state elections set to begin tomorrow, political parties have been making promises.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News