70കാരിയെ കടിച്ചുകീറി പിറ്റ്‌ബുൾ; ഉടമക്കെതിരെ കേസ്
അയൽവീട്ടിൽ വളർത്തുന്ന നായയാണ് വയോധികയെ ആക്രമിച്ചത്. കണ്ടപാടെ ചാടിവീണ നായ ഇവരെ കടിച്ചുകീറുകയായിരുന്നു
ഡൽഹി: ഉത്തരാഖണ്ഡിലെ ഹരിദ്വാർ ജില്ലയിൽ 70 വയസുകാരിയെ പിറ്റ്ബുൾ ആക്രമിച്ചു. ദണ്ഡേര സ്വദേശിയായ വയോധികക്ക് നായയുടെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
അയൽവീട്ടിൽ വളർത്തുന്ന നായയാണ് വയോധികയെ ആക്രമിച്ചത്. കണ്ടപാടെ ചാടിവീണ നായ ഇവരെ കടിച്ചുകീറുകയായിരുന്നു. ദേഹമാസകലം മുറിവേറ്റ് ചോര വാർന്ന നിലയിലാണ് ഇവരെ ആശുപത്രിയിലേക്ക് മാറ്റിയത്. നില ഗുരുതരമായതിനാൽ റൂർക്കി സിവിൽ ഹോസ്പിറ്റലിൽ നിന്ന് ഇവരെ ഋഷികേശിലെ എയിംസിലേക്ക് മാറ്റി.
സംഭവത്തിൽ വൃദ്ധയുടെ മകൻ നായയുടെ ഉടമയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ സിവിൽ ലൈൻസ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ലോകത്ത് ഏറ്റവും അക്രമകാരികളായ നായ വിഭാഗമാണ് പിറ്റ്ബുൾ. അക്രമസ്വഭാവമുള്ളതിനാൽ പല രാജ്യങ്ങളിലും പിറ്റ്ബുളിന് നിരോധനമേർപ്പെടുത്തിയിട്ടുണ്ട്. കേരളത്തിലടക്കം പിറ്റ്ബുൾ ആക്രമിച്ച വാർത്തകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പാലക്കാട് പിറ്റ്ബുൾ ആക്രമിച്ച യുവാവിന് തന്റെ ചെവി തന്നെ നഷ്ടമായിരുന്നു. ചെവിയറ്റ് ചുണ്ടും മൂക്കും രണ്ടായി കീറിയ നിലയിലാണ് ഷൊർണൂർ പരുത്തിപ്ര പുത്തൻപുരയ്‌ക്കൽ മഹേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഈ വർഷം സെപ്റ്റംബറിലായിരുന്നു സംഭവം.
ഹരിയാനയിലെ കര്‍ണാല്‍ ജില്ലയിൽ യുവാവിന്റെ ജനനേന്ദ്രിയം പിറ്റ്ബുൾ കടിച്ചെടുത്തതായും റിപ്പോർട്ടുകളുണ്ടായിരുന്നു. ഉത്തർപ്രദേശിലെ ഗാസിയാബാദിൽ പാര്‍ക്കില്‍ കളിച്ചുകൊണ്ടിരുന്ന പതിനൊന്നുകാരനായ ആൺകുട്ടിയുടെ കവിളിന്‍റെ ഒരു ഭാഗം പിറ്റ്ബുൾ കടിച്ചെടുത്ത് വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയത്. പിറ്റ്ബുൾ നായകളെ രാജ്യത്ത് നിരോധിക്കന്നമെന്ന ആവശ്യം നാളുകൾക്ക് മുൻപ് തന്നെ ഉയർന്നിരുന്നു.