'രാജിവെച്ചില്ലെങ്കിൽ ബാബ സിദ്ദിഖിയുടെ അതേ വിധി നേരിടേണ്ടി വരും'; യോഗി ആദിത്യനാഥിനെതിരായ വധഭീഷണിയിൽ യുവതി പിടിയിൽ
ശനിയാഴ്ച വൈകീട്ടാണ് മുംബൈ പൊലീസിന് ഭീഷണി സന്ദേശം ലഭിച്ചത്
മുംബൈ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ വധഭീഷണി സന്ദേശം ലഭിച്ച സംഭവത്തിൽ യുവതി പിടിയിൽ. സന്ദേശം അയച്ച മൊബൈൽ നമ്പർ ഉടമയായ യുവതിയെയാണ് മുംബൈ പൊലീസ് പിടികൂടിയത്. ഫാത്തിമ ഖാന്‍ എന്ന യുവതിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിക്ക് മാനസിക ആരോഗ്യ പ്രശ്നങ്ങളുള്ളതായാണ് പൊലീസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. മഹാരാഷ്ട്രയിലെ താനെ സ്വദേശിയാണ് യുവതി.
ശനിയാഴ്ച വൈകീട്ടാണ് മുംബൈ പൊലീസിന് ഭീഷണി സന്ദേശം ലഭിച്ചത്. 10 ദിവസത്തിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചില്ലെങ്കിൽ കൊല്ലപ്പെട്ട ബാബാ സിദ്ദിഖീയുടെ അവസ്ഥയായിരിക്കുമെന്നാണ് സന്ദേശത്തിൽ പറഞ്ഞത്. ഇതേതുടർന്ന് മുഖ്യമന്ത്രിയുടെ സുരക്ഷ വർധിപ്പിച്ചിരുന്നു. നേരത്തെ ബോളിവുഡ് താരം സൽമാൻ ഖാനെതിരെയും ഭീഷണി സന്ദേശം എത്തിയിരുന്നു.
സന്ദേശം ലഭിച്ചപ്പോൾ തന്നെ പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിരുന്നു. ഉടൻ തന്നെ അധികൃതർ ഭീകരവാദ വിരുദ്ധ സേനയ്ക്ക് വിവരം കൈമാറി. സംഘം യുവതിയെ ട്രാക്ക് ചെയ്ത് പിടികൂടുകയായിരുന്നു. യുവതിയെ ലോക്കൽ പൊലീസ് കസ്റ്റഡിയിലെടുത്തു.