ഒരു കുടുംബത്തിലെ 5 പേരെ വെട്ടിക്കൊന്നു;ബന്ധുവായ യുവതി അറസ്റ്റിൽ

കൊല്ലപ്പെട്ട ലക്ഷ്മിയുടെ ഭർത്താവ് ഗംഗാറാമുമായി പ്രതി വർഷങ്ങളായി അടുപ്പത്തിലായിരുന്നു

Update: 2022-02-11 02:58 GMT
Editor : Dibin Gopan | By : Web Desk
Advertising

കർണാടകയിൽ ഒരു കുടുംബത്തിലെ 5 പേരെ വെട്ടിക്കൊന്ന കേസിൽ ബന്ധുവായ യുവതി അറസ്റ്റിൽ. കെആർഎസ് ബെലവട്ട സ്വദേശി ലക്ഷ്മി ആണ് പിടിയിലായത്. മരിച്ച യുവതിയുടെ ഭർത്താവുമായുള്ള സ്‌നേഹ ബന്ധം തകർന്നതിന്റെ പ്രതികാരമായാണ് ഇവർ ക്രൂരകൃത്യം നടത്തിയത്.കെആർഎസ് ബസാർ ലൈനിൽ താമസിക്കുന്ന മുപ്പതുകാരിയായ ലക്ഷ്മി, മക്കളായ പത്തുവയസുകാരൻ രാജു,ഏഴു വയസുള്ള കോമൾ, നാല് വയസുള്ള കുനാൽ,ലക്ഷ്മിയുടെ സഹോദരൻ ഗണേശിന്റെ മകൻ എട്ടുവയസുകാരൻ ഗോവിന്ദ് എന്നിവരാണ് കഴിഞ്ഞ ശനിയാഴ്ച രാത്രി വെട്ടേറ്റ് മരിച്ചത്. മരിച്ച ലക്ഷ്മിയുടെ അമ്മാവന്റെ മകളാണ് കൊലചെയ്ത ബെലവട്ട ലക്ഷ്മി.

കൊല്ലപ്പെട്ട ലക്ഷ്മിയുടെ ഭർത്താവ് ഗംഗാറാമുമായി പ്രതി വർഷങ്ങളായി അടുപ്പത്തിലായിരുന്നു. വീടുകളിൽ കയറിയിറങ്ങി തുണിത്തരങ്ങൾ വിൽക്കുന്ന ഗംഗാറാം അടുത്തിടെ ഇവരുമായുള്ള ബന്ധത്തിൽ നിന്ന് പിൻവാങ്ങിയിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.ശനിയാഴ്ച ഗംഗാറാമിന്റെ വീട്ടിൽ വെട്ടുകത്തിയുമായി എത്തിയ യുവതി ഇത് കുളിമുറിയിൽ ഒളിപ്പിച്ചു. കുട്ടികളുമായി ഏറെ നേരം കളിച്ചതിന് ശേഷം ഇവിടെ നിന്ന് ഭക്ഷണവും കഴിച്ചു. രാത്രി ഭക്ഷണം കഴിച്ചതിന് ശേഷം ലക്ഷ്മിയും കുട്ടികളും ഉറങ്ങിയെന്ന് ഉറപ്പ് വരുത്തിയ യുവതി കുളിമുറിയിൽ നിന്ന് വെട്ടുകത്തിയുമായി വന്ന് ലക്ഷ്മിയെ വെട്ടുകയായിരുന്നു.നിലവിളിച്ച ലക്ഷ്മിയെ തുടരെ വെട്ടി.

തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചു. ഇതിനിടെ സഹോദരന്റെ മകൻ ഗോവിന്ദ ഉണർന്ന് നിലവിളിച്ചതോടെ അവനേയും വെട്ടി. നിലവിളി കേട്ട് ലക്ഷ്മിയുടെ 3 കുട്ടികൾ കൂടി ഉണർന്നതോടെ അവരേയും വെട്ടിവീഴ്ത്തുകയായിരുന്നു. തുടർന്ന് പുലർച്ചെ 4 വരെ മൃതദേഹങ്ങൾക്ക് കാവലിരുന്ന ബേലവട്ട ലക്ഷ്മി പിന്നീട് കുളിച്ച ശേഷം ചോരപുരണ്ട വസ്ത്രങ്ങൾ ബാഗിലാക്കി ബസ് സ്റ്റാൻഡിലെത്തി. ബസിൽ മേട്ടഗള്ളിയിലേക്ക് പോയ ഇവർ വസ്ത്രങ്ങളും വെട്ടുകത്തിയും വരുണ കനാലിൽ എറിഞ്ഞു.

തിരിച്ച് ബസാർ ലൈനിൽ തിരിച്ചെത്തിയ ബെലവട്ട ലക്ഷ്മി കൊലപാതക വാർത്ത കേട്ടതോടെ ഒന്നുമറിയാത്ത പോലെ മറ്റു ബന്ധുക്കൾക്കൊപ്പം വിലപിക്കുകയും ചെയ്തു.ബേലവട്ട ലക്ഷ്മി ശനിയാഴ്ച ഇവരുടെ വീട്ടിലെത്തിയതായി അയൽവാസികൾ നൽകിയ വിവരത്തെ തുടർന്ന് നടത്തിയ ചോദ്യം ചെയ്തപ്പോഴാണ് കുറ്റസമ്മതം നടത്തിയത്.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News