ഭൂമി കൈയേറ്റം ചോദ്യം ചെയ്ത യുവതിയെ ആക്രമിച്ച് പീഡിപ്പിച്ച് 30 അംഗ സംഘം; പഞ്ചായത്തിലെത്തിച്ച് രേഖകളിൽ ബലമായി ഒപ്പിടുവിച്ചു
അക്രമികൾ യുവതിയുടെ വസ്ത്രം വലിച്ചുകീറിയതായും പൊലീസ് അറിയിച്ചു.
ബെലഗാവി: ഭൂമി കൈയേറ്റം ചോദ്യം ചെയ്ത് കോടതിയിൽ പോയ യുവതിയെ പൊതുവിടത്തിൽ ആക്രമിക്കുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്ത് 30 അംഗ സംഘം. തുടർന്ന് പഞ്ചായത്ത് ഓഫീസിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി ചില രേഖകളിൽ ബലമായി ഒപ്പിടുവിച്ചെന്നും പരാതി. കർണാടകയിലെ ബെലഗാവി ജില്ലയിലെ ബൈൽഹോംഗൽ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
സംഭവത്തിൽ 20 പേർക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. തന്റെ കൃഷിഭൂമി ചിലർ കൈയേറിയതിനെതിരെ കോടതിയെ സമീപിച്ചിരുന്നതായി യുവതിയുടെ പരാതിയിൽ പറയുന്നു.
'കഴിഞ്ഞദിവസം ബസ് സ്റ്റോപ്പിൽ നിൽക്കവെ 25-30 പേരടങ്ങുന്ന സംഘമെത്തി തന്നെ ആക്രമിച്ചു. അവർ തന്റെ മുടിയിൽ കുത്തിപ്പിടിച്ച് വലിക്കുകയും സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്തു. തുടർന്ന് ബസ് സ്റ്റോപ്പിൽ നിന്ന് വലിച്ചിഴച്ച് അടുത്തുള്ള പഞ്ചായത്ത് ഓഫീസിൽ കൊണ്ടുപോയി പൂട്ടിയിട്ടു'.
'അവിടെവച്ച് തന്റെ പണവും മൊബൈൽ ഫോണും തട്ടിയെടുത്ത സംഘം, ചില രേഖകളിൽ ബലമായി ഒപ്പിടുവിക്കുകയും ചെയ്തു. വൈകീട്ടോടെയാണ് അക്രമി സംഘം തന്നെ മോചിപ്പിച്ചത്'- യുവതി പരാതിയിൽ വ്യക്തമാക്കുന്നതായി പൊലീസ് പറഞ്ഞു.
അക്രമികൾ യുവതിയുടെ വസ്ത്രം വലിച്ചുകീറിയതായും കേസ് ബെലഗാവി വനിതാ പൊലീസ് സ്റ്റേഷനിലേക്ക് കൈമാറിയതായും പൊലീസ് അറിയിച്ചു.