'രാത്രി ജോലി ചെയ്യാന്‍ സ്ത്രീകളെ നിർബന്ധിക്കരുത്': ഉത്തരവുമായി യോഗി സർക്കാർ
രാവിലെ 6 മണിക്ക് മുമ്പും വൈകുന്നേരം 7 മണിക്ക് ശേഷവും ജോലി ചെയ്യാൻ വിസമ്മതിച്ചാൽ അവരെ പിരിച്ചുവിടാൻ പാടില്ല
ലഖ്‌നൗ: ഉത്തർപ്രദേശിൽ സ്ത്രീ തൊഴിലാളികളെ രാത്രി ജോലിക്ക് നിർബന്ധിക്കരുതെന്ന ഉത്തരവുമായി യോഗി സർക്കാർ. ഒരു സ്ത്രീ തൊഴിലാളികളെയും രാവിലെ ആറ് മണിക്ക് മുമ്പും രാത്രി ഏഴുമണിക്ക് ശേഷവും അവരുടെ രേഖാമൂലമുള്ള സമ്മതമില്ലാതെ നിർബന്ധിക്കരുതെന്ന് ഉത്തരവിൽ പറയുന്നു. ഈ സമയങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് സൗജന്യ ഗതാഗതവും ഭക്ഷണവും മതിയായ മേൽനോട്ടവും നൽകണം. ഉത്തരവ് പ്രകാരം, രാവിലെ 6 മണിക്ക് മുമ്പും വൈകുന്നേരം 7 മണിക്ക് ശേഷവും സ്ത്രീ തൊഴിലാളികൾ ജോലി ചെയ്യാൻ വിസമ്മതിച്ചാൽ അവരെ ജോലിയിൽ നിന്ന് പിരിച്ചുവിടാൻ പാടില്ല.
വെള്ളിയാഴ്ച രാത്രിയാണ് യു.പി സർക്കാർ ഉത്തരവിട്ടത്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ഈ ഉത്തരവ് ഒരുപോലെ ബാധകമായിരിക്കും.
സംസ്ഥാനത്തെ എല്ലാ മില്ലുകളിലും ഫാക്ടറികളിലുടനീളമുള്ള സ്ത്രീ തൊഴിലാളികൾക്ക് ഇളവുകൾ നല്‍കാനും സർക്കാർ വിജ്ഞാപനം ചെയ്തിട്ടുണ്ട്. 'തൊഴിൽസ്ഥലത്ത് ലൈംഗികാതിക്രമം ഉണ്ടാകുന്നത് തടയാൻ സ്ത്രീ തൊഴിലാളികൾക്ക് സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം പ്രധാനം ചെയ്യാനുള്ള ചുമതല തൊഴിലുടമയ്ക്കായിരിക്കും. മാത്രമല്ല, ഫാക്ടറിയിൽ ശക്തമായ ഒരു പരാതി സംവിധാനം ഏർപ്പെടുത്താനും ഉത്തരവിൽ കർശനിർദേശം നൽകിയിട്ടുണ്ട്. 2013-ലെ ജോലിസ്ഥലത്ത് സ്ത്രീകൾക്ക് നേരെയുള്ള ലൈംഗികാതിക്രമം (തടയൽ, നിരോധനം, പരിഹാരങ്ങൾ) നിയമത്തിലോ മറ്റേതെങ്കിലും അനുബന്ധ നിയമങ്ങളിലോ ഉള്ള വ്യവസ്ഥകൾക്കൊപ്പമാണ് പരാതി സംവിധാനം ഏർപ്പെടുത്താൻ നിർദേശിച്ചിട്ടുള്ളത്.
മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ബി.ജെ.പി സർക്കാർ നേരത്തെ സ്ത്രീ ശാക്തീകരണ പദ്ധതിക്കായി 75.50 കോടി രൂപ മാറ്റിവെച്ചിരുന്നു. ജില്ലാതലത്തിൽ സ്ത്രീകൾക്കായി 'സൈബർ സപ്പോർട്ട് ഡെസ്‌ക്കുകൾ' സ്ഥാപിക്കാൻ സംസ്ഥാന ഭരണകൂടം ശുപാർശ ചെയ്തിട്ടുണ്ട്. സൂക്ഷ്മ ചെറുകിട വ്യവസായ മേഖലയിലെ മിഷൻ ശക്തി സംരംഭത്തിന് കീഴിൽ ജോലി ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷ, ശാക്തീകരണം, നൈപുണ്യ വികസനം എന്നിവയ്ക്കായി 20 കോടി രൂപ വകയിരുത്താനും ശുപാർശ ചെയ്തിട്ടുണ്ട്.
നാഷണൽ ഫാമിലി ഹെൽത്ത് സർവേയുടെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ 15-49 പ്രായപരിധിയിലുള്ള സ്ത്രീകളേക്കാൾ മൂന്നിരട്ടി പുരുഷന്മാരാണ് ജോലി ചെയ്യുന്നത്. ഏറ്റവും കുറവ് സ്ത്രീകൾ ജോലി ചെയ്യുന്നത് ബീഹാറിലും( 14 ശതമാനം) അസമിലുമാണ് (18 ശതമാനം). കർണാടക (35 ശതമാനം), ആന്ധ്രാപ്രദേശ് (37 ശതമാനം), തെലങ്കാന (39 ശതമാനം), മണിപ്പൂർ (40 ശതമാനം), മേഘാലയ (42 ശതമാനം) തുടങ്ങിയ സംസ്ഥാനങ്ങളിൽ മൂന്നിലൊന്ന് സ്ത്രീകൾ മാത്രമാണ് ജോലി ചെയ്യുന്നത്.