അർജുന, ഖേൽരത്ന അവാർഡുകൾ തിരിച്ചേൽപ്പിച്ച് ഗുസ്തി താരം വിനേഷ് ഫോഗട്ട്; ഉപേക്ഷിച്ചത് പ്രധാനമന്ത്രിയുടെ ഓഫീസിന് മുന്നിൽ
ബ്രിജ് ഭൂഷണിനെതിരെ നടപടിയില്ലാത്തതിൽ പ്രതിഷേധിച്ച് മെഡൽ തിരികെ നൽകുമെന്ന് താരം പറഞ്ഞിരുന്നു.
ന്യൂഡൽഹി: അർജുന അവാർഡും ഖേൽരത്ന അവാർഡും തിരിച്ചേൽപ്പിച്ച് ഗുസ്തി താരം വിനേഷ് ഫോഗട്ട്. കർത്തവ്യപഥിലെ പ്രധാനമന്ത്രിയുടെ ഓഫീസിനു മുന്നിൽ പുരസ്‌കാരങ്ങൾ വച്ച് താരം മടങ്ങി. ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷൻ ബ്രിജ് ഭൂഷണിനെതിരെ നടപടിയില്ലാത്തതിൽ പ്രതിഷേധിച്ച് മെഡൽ തിരികെ നൽകുമെന്ന് താരം പറഞ്ഞിരുന്നു.
വൻ പ്രതിഷേധം ഇനിയും ഗുസ്തി താരങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാവുമെന്ന് സൂചിപ്പിക്കുന്നതാണിത്. ബ്രിജ് ഭൂഷണെതിരെ തങ്ങൾ ആവശ്യപ്പെട്ട തരത്തിലുള്ള നടപടിയുണ്ടാവുന്നതു വരെ പ്രതിഷേധവുമായി മുന്നോട്ടുപോകാനാണ് ഗുസ്തി താരങ്ങളുടെ തീരുമാനം. ഗുസ്തി താരങ്ങളെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടെയാണ് പ്രതിഷേധം തുടരുന്നത്.
നേരത്തെ, ഗുസ്തി ഫെഡറേഷനിൽ പീഡനക്കേസ് പ്രതിയായ ബിജെപി എം.പി ബ്രിജ് ഭൂഷൺന്റെ വിശ്വസ്തന്റെ നിയമനത്തിൽ പ്രതിഷേധിച്ച് നേരത്തെ പുരുഷ താരം ബജ്രംഗ് പുനിയ പത്മശ്രീ പുരസ്കാരം തിരിച്ചുനൽകിയിരുന്നു. ഒളിമ്പിക് മെഡൽ ജേത്രിയായ സാക്ഷി മാലിക്ക് തന്റെ ഗുസ്തി അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചതിനു പിന്നാലെയായിരുന്നു ഇത്.
തനിക്കു ലഭിച്ച മേജർ ധ്യാൻ ചന്ദ് ഖേൽ രത്ന പുരസ്കാരവും അർജുന അവാർഡും തിരികെ നൽകുമെന്ന് മറ്റൊരു ഗുസ്തി താരമായ വിനേഷ് ഫോഗട്ടും പ്രഖ്യാപിച്ചിരുന്നു. ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയര്‍പ്പിച്ച് പത്മശ്രീ പുരസ്കാരം തിരികെ നൽകുമെന്ന് മുന്‍ ഗുസ്തി താരം വിരേന്ദര്‍ സിങ്ങും അറിയിച്ചിരുന്നു.
ഈ മാസം 21നായിരുന്നു ഗുസ്തി ഫെഡറേഷന്‍ തെരഞ്ഞെടുപ്പ് നടന്നത്. ഇതിലാണ് മുന്‍ അധ്യക്ഷനും ലൈംഗികാതിക്രമ കേസില്‍ പ്രതിയുമായ ബ്രിജ്ഭൂഷണ്‍ സിങ്ങിന്‍റെ വിശ്വസ്തൻ സഞ്ജയ് സിങ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടത്. ഇതിനു പിന്നാലെയാണ് പ്രതിഷേധം അറിയിച്ച് ഗുസ്തി താരങ്ങള്‍ രംഗത്തെത്തിയത്. പ്രതിഷേധം കടുത്തതോടെ, 24ന് ദേശീയ ഗുസ്തി ഫെഡറേഷനെ കേന്ദ്ര സർക്കാർ സസ്പെൻഡ് ചെയ്തു.
പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും റദ്ദാക്കി. കൃത്യമായ നടപടിക്രമങ്ങൾ പാലിക്കാതെയാണ് തെരഞ്ഞെടുപ്പ് നടന്നതെന്നു ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. തുടർന്ന്, ഫെഡറേഷന്റെ പ്രവർത്തനങ്ങൾക്കായി ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിച്ചു. ഗുസ്തി ഫെഡ്‌റേഷൻ വിഷയങ്ങളിൽ ഇടപെടരുതെന്ന് മുൻ അധ്യക്ഷൻ ബ്രിജ് ഭൂഷണ് ബിജെപി താക്കീതും നൽകിയിരുന്നു.
എം.പിയുടെ ഇടപെടൽ പാർട്ടിക്ക് ക്ഷീണമുണ്ടാക്കുന്നുവെന്നും ഇടപെട്ടാൽ കടുത്ത നടപടി നേരിടേണ്ടിവരുമെന്നും ബി.ജെ.പി അധ്യക്ഷൻ ജെ.പി നഡ്ഡ മുന്നറിയിപ്പ് നൽകി. പീഡനപരാതികൾക്കു പിന്നാലെ മുൻ അധ്യക്ഷൻ ബ്രിജ് ഭൂഷണനെതിരെ വലിയ പ്രതിഷേധമുയരുകയും തുടർന്ന് ഇയാളുടെ നേതൃത്വത്തിലുള്ള ഭരണസമിതിയെ കായികമന്ത്രാലയം തൽക്കാലത്തേക്ക് മരവിപ്പിക്കുകയും പുതിയ തെരഞ്ഞെടുപ്പ് നടത്തുകയുമായിരുന്നു. ഇതാണ് വിവാദമായത്.