ബ്രിജ് ഭൂഷനെതിരായ പരാതികൾ പിന്‍വലിച്ചിട്ടില്ല; സമരത്തിൽ നിന്ന് പിന്മാറിയിട്ടില്ലെന്നും ബജ്റംഗ് പുനിയ
പിൻവലിച്ചുവെന്ന വാർത്തകൾ വ്യാജമാണ്
ഡല്‍ഹി: ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷൻ ബ്രിജ് ഭൂഷനെതിരായ പരാതികൾ ആരും പിൻവലിച്ചിട്ടില്ലെന്ന് ബജ്റംഗ് പുനിയ. പിൻവലിച്ചുവെന്ന വാർത്തകൾ വ്യാജമാണ്. സമരത്തിൽ നിന്ന് പിന്മാറിയിട്ടില്ലെന്നും ബജ്റംഗ് പുനിയ പറഞ്ഞു.
നീതി ലഭിക്കുന്നതു വരെ തങ്ങളുടെ പോരാട്ടം തുടരുമെന്ന് സാക്ഷി മാലികും വിനേഷ് ഫൊഗാട്ടും അറിയിച്ചു. ശനിയാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതിഷേധ സമരത്തിൽ നിന്ന് പിന്മാറുകയും തിരികെ ജോലിയില്‍ പ്രവേശിച്ചെന്നുമുള്ള വാര്‍ത്തകള്‍ക്കിടെയാണ് പ്രതിഷേധക്കാര്‍ വിശദീകരണവുമായി രംഗത്തെത്തിയത്. പ്രതിഷേധത്തിൽ നിന്ന് പിൻമാറുന്നില്ലെന്നും നീതിക്കുവേണ്ടിയുള്ള പോരാട്ടം തുടരുമെന്നും സാക്ഷിയും ബജ്‌റംഗും സോഷ്യല്‍മീഡിയ പോസ്റ്റുകളിലൂടെ അറിയിച്ചു.
"ഞങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ടു, ഇതൊരു സാധാരണ സംഭാഷണമായിരുന്നു, ഞങ്ങൾക്ക് ഒരേയൊരു ആവശ്യമേയുള്ളു, അദ്ദേഹത്തെ (ബ്രിജ് ഭൂഷൺ സിംഗ്) അറസ്റ്റ് ചെയ്യുക എന്നതാണ്. പ്രതിഷേധത്തിൽ നിന്ന് ഞാൻ പിന്മാറിയില്ല, റെയിൽവെയിൽ ഒ.എസ്.ഡി ആയി ജോലി പുനരാരംഭിച്ചു. ഞങ്ങൾക്ക് നീതി ലഭിക്കും വരെ ഞങ്ങൾ പ്രതിഷേധം തുടരുമെന്ന് ഞാൻ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. ഞങ്ങൾ പിന്നോട്ട് പോകില്ല'' സാക്ഷി മാലിക് എഎന്‍ഐയോട് പറഞ്ഞു. ''സമരം പിൻവലിച്ചെന്ന വാർത്ത വെറും അഭ്യൂഹമാണ്, ഞങ്ങളെ ദ്രോഹിക്കാനാണ് ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നത്.'' ബജ്റംഗ് പുനിയ ട്വീറ്റ് ചെയ്തു. അതേസമയം ഗുസ്തി താരങ്ങളുടെ ലൈംഗീക പരാതിയെ തുടർന്ന് ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷനും ബി.ജെ.പി എം. പിയുമായ ബ്രിജ് ഭൂഷന്‍റെ വസതിയിൽ അന്വേഷണ സംഘമെത്തി . വസതിയിലെ ജീവനക്കാരെ പൊലീസ് ചോദ്യം ചെയ്തു.