ആർഎസ്എസ്- ബിജെപി തർക്കം; യോഗി ആദിത്യനാഥ് മോഹൻ ഭാഗവതുമായി ചർച്ച നടത്തും
അഹങ്കാരമാണ് ബിജെപിയുടെ പരാജയത്തിന് കാരണമെന്ന പ്രസ്താവനയിൽ മലക്കം മറിഞ്ഞ് ആർഎസ്എസ് നേതാവ് ഇന്ദ്രേഷ് കുമാർ
ഉത്തർപ്രദേശ്: യുപിയിലെ തെരഞ്ഞെടുപ്പ് തോൽവിയിൽ ആർഎസ്എസ്- ബിജെപി തർക്കം മുറുകുന്നു. യോഗി ആദിത്യനാഥ് ആർഎസ്എസ് തലവൻ മോഹൻ ഭാഗവതുമായി ചർച്ച നടത്തും. ഉത്തർപ്രദേശിലെ തിരിച്ചടിക്ക് കാരണം ആദിത്യനാഥിന്റെ ഇടപെടലുകൾ കാരണമാണെന്ന വിമർശനം പാർട്ടിക്കുള്ളിൽ തന്നെ ഉയരുമ്പോഴാണ് കൂടിക്കാഴ്ച.
തർക്കം രൂക്ഷമായി തുടരുന്നതിനിടെയാണ് ആർഎസ്എസ് നേതാവ് ഇന്ദ്രേഷ് കുമാറിന്റെ വിവാദ പ്രസ്താവന പുറത്ത് വന്നത്. അഹങ്കാരം മൂലമാണ് ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ പ്രകടനം മോശമായതെന്നായിരുന്നു ഇന്ദ്രേഷ് കുമാറിന്റെ പ്രസ്താവന. എന്നാൽ വിമർശനം വലിയ ചർച്ചയായതോടെ ആർഎസ്എസ് നേതൃത്വം ഇടപെട്ട് പരാമർശം തിരുത്തി. ശ്രീരാമനായി നിലകൊണ്ടവർ അധികാരത്തിൽ എത്തിയെന്നാണ് പുതിയ പ്രസ്താവന.
നേരത്തെ ബിജെപി നിലപാടുകൾക്കെതിരെ ആർഎസ്എസ് തലവൻ മോഹൻ ഭാഗവത് പരസ്യമായി രംഗത്ത് വന്നത് ബിജെപി നേതൃത്വത്തെ അതൃപ്തിയിലാക്കിയിട്ടുണ്ട്. മഹാരാഷ്ട്രയിൽ എൻസിപി അജിത് പവാർ വിഭാഗവുമായി സഖ്യം ഉണ്ടാക്കിയതിനെതിരെയും ആർഎസ്എസ് മുഖപത്രമായ ഓർഗനൈസർ വിമർശിച്ചിരുന്നു.