ആഭ്യന്തരം, വിജിലൻസ് അടക്കം 34 വകുപ്പുകൾ മുഖ്യമന്ത്രിക്ക്; രണ്ടാം യോഗി മന്ത്രിസഭയിലെ വകുപ്പ് വിഭജനം ഇങ്ങനെ

കഴിഞ്ഞ വെള്ളിയാഴ്ചയാണ് രണ്ടാം യോഗി സർക്കാർ സത്യപ്രതിജ്ഞ ചെയ്തു അധികാരത്തിലേറിയത്. 52 മന്ത്രിമാരാണ് മുഖ്യമന്ത്രിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്തത്.

Update: 2022-03-29 06:06 GMT
Advertising

ഉത്തർപ്രദേശിൽ രണ്ടാം യോഗി മന്ത്രിസഭയിലെ മന്ത്രിമാർ കൈകാര്യം ചെയ്യുന്ന വകുപ്പുകൾ സംബന്ധിച്ച് തീരുമാനമായി. ആഭ്യന്തരം, വിജിലൻസ് ആൻഡ് പേഴ്‌സ്ണൽ അടക്കം പ്രധാനപ്പെട്ട 34 വകുപ്പുകൾ മുഖ്യമന്ത്രി തന്നെയാണ് കൈകാര്യം ചെയ്യുന്നത്. ഉപമുഖ്യമന്ത്രി കേശവപ്രസാദ് മൗര്യക്ക് ആറ് വകുപ്പുകളാണ് നൽകിയത്. ഗ്രാമവികസനം, റൂറൽ എഞ്ചിനീയറിങ്, ഭക്ഷ്യസംസ്‌കരണം, വിനോദ നികുതി, പബ്ലിക് എന്റർപ്രൈസസ്, ദേശീയോദ്ഗ്രഥനം എന്നീ വകുപ്പുകളാണ് അദ്ദേഹം കൈകാര്യം ചെയ്യുക.

മറ്റൊരു ഉപമുഖ്യമന്ത്രിയായ ബ്രജേഷ് പഥകിന് മെഡിക്കൽ വിദ്യാഭ്യാസം, ആരോഗ്യ കുടുംബക്ഷേമം എന്നീ വകുപ്പുകളാണ് നൽകിയത്. കഴിഞ്ഞ മന്ത്രിസഭയിൽ ധനകാര്യ മന്ത്രിയായിരുന്ന സുരേഷ് ഖന്നക്ക് തന്നെയാണ് ധനകാര്യവകുപ്പ് നൽകിയിരിക്കുന്നത്. ബേബി റാണി മൗര്യയാണ് വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി.

ബിജെപി സംസ്ഥാന പ്രസിഡന്റ് സ്വതന്ത്ര ദേവ് സിങ്ങിനാണ് ജൽ ശക്തി വകുപ്പിന്റെ ചുമതല. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് മേൽനോട്ടം വഹിക്കുന്ന നമാമി ഗംഗ പദ്ധതിയുടെ ചുമതലയും ഇദ്ദേഹത്തിനാണ്.

കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ ജിതിൻ പ്രസാദയാണ് പുതിയ പൊതുമരാമത്ത് വകുപ്പ് മന്ത്രി. കൃഷി, കാർഷിക വിദ്യാഭ്യാസം, ഗവേഷണം എന്നീ വകുപ്പുകളുടെ ചുമതല സൂര്യ പ്രതാപ് ഷാഹിക്കാണ്.

മുൻ ഐപിഎസ് ഉദ്യോഗസ്ഥനായിരുന്ന അസിം അരുൺ, ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന കല്യാൺ സിങ്ങിന്റെ പൗത്രൻ സന്ദീപ് സിങ്, ദയാ ശങ്കർ എന്നിവർ സ്വതന്ത്ര ചുമതലയുള്ള മന്ത്രിമാരാണ്. യഥാക്രമം സാമൂഹ്യക്ഷേമം, പ്രാഥമിക വിദ്യാഭ്യാസം, ഗതാഗതം എന്നീ വകുപ്പുകളുടെ ചുമതലയാണ് ഇവർക്ക് നൽകിയിട്ടുള്ളത്.

പ്രധാനമന്ത്രിയുടെ വിശ്വസ്തനും മുൻ ഐഎഎസ് ഉദ്യോഗസ്ഥനുമായ അരവിന്ദ് കുമാർ ശർമ നഗരവികസനം, ഊർജം അടക്കം അഞ്ച് വകുപ്പുകളുടെ ചുമതല വഹിക്കും. സഖ്യകക്ഷികളായ നിഷാദ് പാർട്ടി നേതാവ് സഞ്ജയ് നിഷാദിന് ഫിഷറീസ് വകുപ്പും അപ്‌നാദൾ നേതാവ് ആശിഷ് പട്ടേലിന് സാങ്കേതിക വിദ്യാഭ്യാസ വകുപ്പുമാണ് നൽകിയിരിക്കുന്നത്.

യോഗി മന്ത്രിസഭയിലെ ഏക മുസ്‌ലിമായ ഡാനിഷ് ആസാദ് അൻസാരിക്ക് ന്യൂനപക്ഷ ക്ഷേമം, ഹജ്ജ്, വഖഫ് എന്നീ വകുപ്പുകളുടെ ചുമതലയാണ് നൽകിയിട്ടുള്ളത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് രണ്ടാം യോഗി സർക്കാർ സത്യപ്രതിജ്ഞ ചെയ്തു അധികാരത്തിലേറിയത്. 52 മന്ത്രിമാരാണ് മുഖ്യമന്ത്രിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്തത്.



Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News